കീവ്: റഷ്യന്‍ ആക്രമണം ശക്തമായതോടെ സഹായ അഭ്യര്‍ത്ഥനയുമായി ഉക്രെയ്ന്‍ ഭരണകൂടം. തലസ്ഥാന നഗരമായ കീവില്‍ ആറിടത്ത് സ്ഫോടനം നടന്നതോടെയാണ് വിദേശകാര്യമന്ത്രി ദിമിത്രോ കുലേബാ ആക്രമണം സ്ഥിരീകരിച്ചത്.
പുടിന്‍ യുദ്ധപ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്കകമാണ് ഉക്രെയ്ന്‍ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെ നിലവിലെ പ്രതിസന്ധി ഉക്രെയ്ന്‍ സ്വയം ക്ഷണിച്ചുവരുത്തിയെന്നാണ് റഷ്യന്‍ സ്ഥാനപതി വാസിലി അല്‍ക്സീവിച്ച് നബേസാ മറുപടി നല്‍കിയത്.
'പുടിന്‍ ശക്തമായ ആക്രമണമാണ് ആരംഭിച്ചിരിക്കുന്നത്. തികച്ചും ശാന്തമായ ഞങ്ങളുടെ നഗരങ്ങളും ജനവാസ കേന്ദ്രങ്ങളും ഏതു നിമിഷവും ആക്രമിക്കപ്പെടാം. എല്ലായിടത്തും ഭീഷണി നിലനില്‍ക്കുകയാണ്. ഇത് തികച്ചും അനീതിയും അധിനിവേശവുമാണ്. ഉക്രെയ്ന്‍ സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയിലാണ്. ഞങ്ങള്‍ പോരാടി വിജയിക്കും. പുടിനെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകണം. പ്രതികരിക്കേണ്ട അടിയന്തിര ഘട്ടമാണിത്.' ദിമിത്രോ അഭ്യര്‍ത്ഥിച്ചു.
ഉക്രെയ്ന്റെ വ്യോമതാവളങ്ങളും സൈനികതാവങ്ങളും മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്തത് മിസൈലുകള്‍ ഉപയോഗിച്ചെന്ന് സൂചന. റഷ്യയുടെ ഉറ്റസുഹൃത്തായ ബെലാറസില്‍ നടത്തിയിരുന്ന സൈനിക അഭ്യാസം പുടിന്റെ തന്ത്രമായിരുന്നു എന്നു വ്യക്തമായി. ആദ്യ മണിക്കൂറില്‍ തന്നെ ഉക്രെയ്ന്റെ വടക്കന്‍ മേഖലകളിലൂടെ കരസേനകളുടെ നീക്കമാണ് റഷ്യ നടത്തിയത്.
കഴിഞ്ഞ ഒരു മാസമായി ബെലാറസില്‍ റഷ്യ സൈനിക അഭ്യാസം നടത്തുന്നുവെന്നാണ് പുടിന്‍ ലോകത്തെ അറിയിച്ചത്. കഴിഞ്ഞയാഴ്ച സൈനിക അഭ്യാസം അവസാനിപ്പിച്ചെന്നും സൈന്യത്തെ പിന്‍വലിക്കുന്നുവെന്നുമാണ് പ്രസ്താവന നടത്തിയത്. എന്നാല്‍ ഇതിനിടെ വിമത മേഖലയിലെ സൈന്യത്തെക്കൊണ്ട് ഷെല്ലാക്രമണം നടത്തിയ റഷ്യ ഇന്ന് പുലര്‍ച്ചെ മുതലാണ് അധിനിവേശം ആരംഭിച്ചത്.
പുടിന്റെ ഉറ്റ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷങ്കോയുമായി രഹസ്യധാരണ പ്രകാരം അത്യാധുനിക ആയുധങ്ങളും മിസൈലുകളും മുന്‍കൂട്ടി വിന്യസിച്ച ശേഷമാണ് റഷ്യ സൈന്യത്തിലെ ഒരു വിഭാഗത്തെ പിന്‍വലിച്ചുവെന്ന ധാരണ പരത്തിയത്. ഉക്രെയ്ന്‍ തലസ്ഥാനമായ കീവടക്കം പത്ത് നഗരങ്ങളില്‍ കൃത്യതയോടെ മിസൈലുകള്‍ പ്രയോഗിച്ചാണ് റഷ്യ ആക്രമണം ആരംഭിച്ചത്. ആക്രമണം നടന്നതെല്ലാം സൈനിക -വ്യോമ കേന്ദ്രങ്ങളിലേക്കാണെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.