അമേരിക്കയുടെ മൗനം തന്ത്രപരമോ? മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കാനെന്ന് നിരീക്ഷകര്‍

അമേരിക്കയുടെ മൗനം തന്ത്രപരമോ? മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കാനെന്ന് നിരീക്ഷകര്‍

ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷം യുദ്ധമായി മാറിയ സാഹചര്യത്തില്‍ ഉക്രെയ്‌നിലേക്കു സൈന്യത്തെ അയയ്ക്കില്ലെന്ന അമേരിക്കന്‍ നിലപാട് ഉക്രെയ്‌നെ ഞെട്ടിച്ചെങ്കിലും അമേരിക്കയുടെ പിന്മാറ്റത്തിന് ഒട്ടേറെ മാനങ്ങളുണ്ട്. അമേരിക്ക നേരിട്ട് റഷ്യയുമായി ഒരു ഏറ്റുമുട്ടലിനില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജോ ബൈഡന്‍ ഒരു അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേ നിലപാടാണ് പെന്റഗണും സ്വീകരിച്ചത്.

റഷ്യയും അമേരിക്കയും രണ്ട് ആണവശക്തിയാണ്. ഈ രണ്ടു ശക്തികള്‍ നേര്‍ക്കു നേര്‍ വന്നാല്‍ ലോകമഹായുദ്ധമാണ് ഉണ്ടാകുക. അതൊഴിവാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പരോക്ഷമായ സഹായം ഉക്രെയ്‌ന് ചെയ്തുകൊടുക്കുകയെന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

ഏകദേശം ആറായിരത്തോളം അമേരിക്കക്കാര്‍ ഉക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഒരാഴ്ച മുന്‍പ് അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിലയിരുത്തിയത്. ഇവരെ പോലും രക്ഷിക്കാന്‍ സൈന്യത്തെ അയക്കില്ലെന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. ഇതെല്ലാം തന്നെ റഷ്യയുമായുള്ള നേരിട്ടുള്ള യുദ്ധം അമേരിക്ക ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്.

സാമ്പത്തിക ഉപരോധത്തിലൂടെ റഷ്യയെ വരുതിയിലാക്കുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ അമേരിക്ക സ്വീകരിക്കുന്നത്. ഉക്രെയ്‌നെ ആക്രമിച്ചതിന്റെ പ്രത്യാഘാതം റഷ്യ നേരിടേണ്ടി വരുമെന്നും ബൈഡന്‍ പറഞ്ഞു. ഉപരോധം കടുപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ച് റഷ്യയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന നീക്കങ്ങളുണ്ടാകുമെന്നാണ് ബൈഡന്‍ സൂചിപ്പിച്ചത്. ഉക്രെയ്‌നിലെ സംഘര്‍ഷ മേഖലകളിലേക്ക് അമേരിക്കന്‍ സൈന്യത്തെ അയച്ച് യുദ്ധത്തില്‍ സൈനികമായി ഇടപെടുന്നില്ലെന്നാണ് ബൈഡന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഉക്രെയ്‌നെ ചോരക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച് റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ആഹ്വാനവുമായാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയത്. റഷ്യയുടെ ആസ്തികള്‍ മരവിപ്പിക്കാനുള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് ബൈഡന്‍ പ്രഖ്യാപിച്ചത്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നതു പോലെ റഷ്യന്‍ ബാങ്കുകള്‍ക്കു മേലുള്ള ഉപരോധം ശക്തമാക്കുമെന്ന് തന്നെയാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധം തെരഞ്ഞെടുത്ത വ്‌ളാദിമിര്‍ പുടിന്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് ബൈഡന്‍ മുന്നറിയിപ്പു നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.