കുഞ്ഞുങ്ങളുടെ മെച്ചപ്പെട്ട ദഹനത്തിന് സ്വീകരിക്കാവുന്ന മാര്‍ഗങ്ങള്‍

കുഞ്ഞുങ്ങളുടെ മെച്ചപ്പെട്ട ദഹനത്തിന് സ്വീകരിക്കാവുന്ന മാര്‍ഗങ്ങള്‍

കുഞ്ഞുങ്ങള്‍ക്ക് ഏത് സമയവും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇത് മുലപ്പാല്‍ കുടിയ്ക്കുന്ന പ്രായത്തില്‍ ആണെങ്കില്‍ പോലും. മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഗ്യാസും എക്കിളുമെല്ലാം ഉണ്ടാകുന്നത് സാധാരണയാണ്.

ആദ്യ മാസങ്ങളില്‍ കുഞ്ഞുങ്ങള്‍ ധാരാളം പാല് കുടിക്കുന്നതിനാല്‍ ധാരാളം വായുവും അകത്തു ചെല്ലാന്‍ സാധ്യതയുണ്ട്. ഇത് ശിശുക്കളുടെ ആമാശയത്തില്‍ ഗ്യാസ് നിറയ്ക്കുന്നതിന് കാരണമാകുന്നു. കുഞ്ഞുങ്ങള്‍ വളരുന്തോറും ഇത് കുറഞ്ഞു വരികയും ചെയ്യും. കുഞ്ഞുങ്ങള്‍ക്ക് കട്ടിയുള്ള ഭക്ഷണം കൊടുക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ക്ക് മലബന്ധം അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ചെയ്യാവുന്ന ചിലതുണ്ട്. കുഞ്ഞുങ്ങളുടെ ദഹന പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ചെയ്യാവുന്ന ചില വഴികളെക്കുറിച്ച് അറിയാം.

കുഞ്ഞിന് മുലയൂട്ടുന്ന സമയത്തുള്ള നിങ്ങളുടെ സ്ഥാനവും ഇരിപ്പു രീതികളിലും മാറ്റം വരുത്തുന്നത് കുഞ്ഞുങ്ങളിലെ ആസിഡ് റിഫ്‌ളക്‌സ് പോലുള്ള ദഹന ബുദ്ധിമുട്ടുകളെ നേരിടാന്‍ സഹായിക്കും. ഭക്ഷണം നല്‍കുമ്പോള്‍ കുഞ്ഞിനെ നേരെ നിവര്‍ന്ന രീതിയില്‍ നിര്‍ത്തേണ്ടത് പ്രധാനമാണ്. അങ്ങനെയെങ്കില്‍ അവര്‍ കഴിച്ച ഭക്ഷണം വായിലേക്ക് തിരികെ വരില്ല. ഒരു തവണ കുഞ്ഞിനെ മുലയൂട്ടിയതിനെ തുടര്‍ന്ന് കുറഞ്ഞത് 30 മിനിറ്റെങ്കിലും കുഞ്ഞിനെ നിവര്‍ന്നു നില്‍ക്കാന്‍ അനുവദിക്കണമെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

മസാജ്

നിങ്ങളുടെ കുഞ്ഞിന്റെ ശരീരത്തില്‍ സൗമ്യമായി മസാജ് ചെയ്യുന്നത് വഴി ദഹന പ്രശ്‌നങ്ങളെ വലിയ രീതിയില്‍ പരിഹരിക്കാന്‍ സാധിക്കും. കുഞ്ഞിന്റെ വയറിന് ചുറ്റും ചെറുതായി മസാജ് ചെയ്യാന്‍ ആരംഭിച്ച് നിങ്ങളുടെ കൈകള്‍ ഘടികാരദിശയിലേക്ക് താഴേക്ക് കൊണ്ടുവരിക. വിരലുകളും കൈപ്പത്തികളും ഉപയോഗിച്ച് സൗമ്യമായി കുഞ്ഞിന്റെ വയറില്‍ അമര്‍ത്തി തടവുക. കുഞ്ഞിന്റെ കാലുകള്‍ താളാത്മകമായ രീതിയില്‍ മുന്‍പോട്ടും താഴോട്ടും നീട്ടുന്നത് ദഹനപ്രശ്‌നങ്ങള്‍ വലിയ രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കും.

ചൂട് പകരാം

ചൂട് പകരുന്നത് വഴി കുഞ്ഞിന്റെ വേദനകളും അസ്വസ്ഥതയും ശാന്തമാക്കാന്‍ കഴിയും. ഇത് ഗ്യാസ് പ്രശ്‌നങ്ങളെ ഒരു പരിധി വരെ കുറയ്ക്കുന്നു. ഒരു പാത്രം ചെറു ചൂടുള്ള വെള്ളത്തില്‍ വൃത്തിയുള്ള തുണി മുക്കിയെടുത്ത് അതിലെ അധിക വെള്ളം പുറത്തെടുത്ത് നിങ്ങളുടെ കുഞ്ഞിന്റെ വയറിനു മുകളില്‍ സൗമ്യമായി ചൂട് വെയ്ക്കുക. ഒരു മിനിറ്റ് നേരം ഇത് ചെയ്തു കൊണ്ടിരിക്കാം. ഈ രീതി 2-3 തവണ ആവര്‍ത്തിക്കുക. കുഞ്ഞിന്റെ അവസ്ഥയില്‍ ഏതെങ്കിലും പുരോഗതി കാണപ്പെടുന്നത് വരെ ദിവസവും 1-2 തവണ നിങ്ങള്‍ക്കിത് ചെയ്യാനാകും.

കുഞ്ഞിന് പാല് കൊടുക്കുമ്പോള്‍

കുഞ്ഞിന് പാല് കൊടുക്കുന്ന പ്രക്രിയ വളരെ സാവധാനത്തില്‍ ആയിരിക്കണം. അവനെ / അവളെ നേരായ സ്ഥാനത്തില്‍ പിടിക്കുക. ചെറിയ കുഞ്ഞുങ്ങള്‍ക്ക് കഴിവതും മുലപ്പാല്‍ മാത്രം നല്‍കുക. പ്രത്യേകിച്ചും ആറു മാസം വരേയും. ആവശ്യത്തിന് പാല്‍ ഇല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഭക്ഷണങ്ങള്‍ നല്‍കാം.

ആമാശയത്തില്‍ കുടുങ്ങി കിടക്കുന്ന വായു പുറത്തേക്ക് കളയുന്നത് വഴി കുഞ്ഞ് കഴിക്കുന്ന ഭക്ഷണം തികട്ടുന്നത് തടയാന്‍ കഴിയും. പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ തോളില്‍ ഇട്ട് പുറത്തു തട്ടുന്നത് ഗ്യാസ് പുറത്തു പോകാന്‍ സഹായിക്കും. കുഞ്ഞുങ്ങള്‍ക്ക് ഏതാണ്ട് രണ്ട് വയസ് വരെ കട്ടിയുള്ള ഭക്ഷണങ്ങള്‍ നല്‍കുന്നതോടൊപ്പം മുലപ്പാലും നല്‍കാന്‍ ശ്രമിക്കണം. മുലപ്പാല്‍ നല്‍കുന്നത് കുഞ്ഞിന്റെ ദഹന ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.