റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ ചാവേറായി പൊട്ടിത്തെറിച്ച് പാലം തകര്‍ത്ത് ഉക്രെയിന്റെ ധീര സൈനികന്‍

 റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ ചാവേറായി പൊട്ടിത്തെറിച്ച് പാലം തകര്‍ത്ത് ഉക്രെയിന്റെ ധീര സൈനികന്‍

കീവ്: റഷ്യന്‍ സേനയുടെ മുന്നേറ്റം തടയാന്‍ സ്വയം ജീവന്‍ ബലി നല്‍കി ഉക്രെയ്‌നിയന്‍ സൈനികന്‍. ക്രീമിയയെ ഉക്രെയ്‌നുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ക്കുന്നതിനിടയിലാണ് സൈനികനായ വിറ്റാലി സ്‌കാകുന്‍ വോളോഡിമിറോവിച്ച് ജീവന്‍ ബലിയര്‍പ്പിച്ചത്. റഷ്യന്‍ ടാങ്കുകളുടെ ആക്രമണത്തെ തടയാനാണ് വിറ്റാലി സ്‌കാകുന്‍ വോളോഡിമിറോവിച്ചിനെ തെക്കന്‍ പ്രവിശ്യയായ കെര്‍സണിലെ ഹെനിചെസ്‌ക് പാലത്തിലേക്ക് വിന്യസിച്ചത്.

റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ ഏക മാര്‍ഗം പാലം തകര്‍ക്കലാണെന്ന് സൈന്യത്തിന് ബോധ്യമായി. പാലം തകര്‍ക്കാനുള്ള സന്നദ്ധത അറിയിച്ച് വോളോഡിമിറോവിച്ച് മുന്നോട്ടു വന്നു. പാലം തകര്‍ത്ത് തിരികെയെത്താന്‍ സാധിക്കില്ലെന്ന് വോളോഡിമിറോവിച്ചിന് അറിയാമായിരുന്നു. പാലം തകര്‍ത്തതോടൊപ്പം സ്ഫോടനത്തില്‍ അദ്ദേഹത്തിന്റെ ജീവനും നഷ്ടമാകുകയായിരുന്നു. പാലം തകര്‍ന്നതോടെ റഷ്യന്‍ സൈന്യത്തിന് എളുപ്പവഴി ഇല്ലാതായി. ഈ സമയം മുതലെടുത്ത് ഉക്രെയ്ന്‍ സൈന്യവും തിരിച്ചടിച്ചു.

വോളോഡിമിറോവിച്ചിന്റെ ധൈര്യത്തെ വാഴ്ത്തി ഉക്രെയ്ന്‍ സൈന്യം രംഗത്തെത്തി. ''റഷ്യന്‍ സൈന്യത്തെ തടയാന്‍ ജെനിഷ് കാര്‍ പാലം തകര്‍ക്കാന്‍ തീരുമാനിച്ചു. മിലിട്ടറി എന്‍ജീയര്‍ സ്‌കകുന്‍ വിറ്റാലി വോളോഡിമിറോവിച്ചാണ് ഈ ചുമത ഏറ്റെടുത്തത്. പാലം തകര്‍ത്തു. പക്ഷേ അവിടെ നിന്ന് പുറത്തുകടക്കാന്‍ അദ്ദേഹത്തിനായില്ല. സ്ഫോടനത്തില്‍ ഞങ്ങളുടെ സഹോദരന്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ വീരോചിതമായ പ്രവൃത്തി ശത്രുവിന്റെ മുന്നേറ്റത്തെ ചെറുത്തു. ഈ സമയം ഞങ്ങള്‍ക്ക് യൂണിറ്റിനെ മാറ്റി സ്ഥാപിക്കാനും പ്രതിരോധം സംഘടിപ്പിക്കാനും സാധിച്ചു''- സൈനിക പ്രസ്താവനയില്‍ പറഞ്ഞു. സൈനികന് അദ്ദേഹത്തിന്റെ ധീരതയ്ക്കുള്ള സംസ്ഥാന മരണാനന്തര ബഹുമതിയായി നല്‍കുമെന്നും സൈന്യം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.