പുടിനെ അഭിനന്ദിച്ച നിലപാട് മാറ്റി ട്രമ്പ്;'ഉക്രെയ്ന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു, ബൈഡനെ പുടിന്‍ ചെണ്ടയാക്കി '

പുടിനെ അഭിനന്ദിച്ച നിലപാട് മാറ്റി ട്രമ്പ്;'ഉക്രെയ്ന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു, ബൈഡനെ പുടിന്‍ ചെണ്ടയാക്കി '


വാഷിംഗ്ടണ്‍: ഉക്രെയ്നില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമാവുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ബൈഡനെ ചെണ്ടപോലെയാക്കി കളിക്കുന്നുവെന്ന് ട്രമ്പ് കുറ്റപ്പെടുത്തി. ഭയപ്പെടുത്തുന്നതാണ് റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശമെന്നും ട്രമ്പ് പറഞ്ഞു.

ഉക്രെയ്‌നില്‍ റഷ്യന്‍ യുദ്ധം ആരംഭിക്കുന്നത് മുന്‍പ് പുടിന് പിന്തുണയുമായി ട്രമ്പ് എത്തിയിരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ച പുടിന്റെ തീരുമാനത്തെ പ്രതിഭയുടെ നീക്കമെന്നാണ് അന്നു വിശേഷിപ്പിച്ചത്. ഈ നിലപാടാണ് ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.പുടിന്‍ ഒരു ചെണ്ടപോലെ ബൈഡനെ ഉപയോഗിച്ച് കളിക്കുകയാണ്. ഇത് അത്ര മനോഹരമായ കാഴ്ചയല്ലെന്നും ട്രമ്പ് വ്യക്തമാക്കി.

ഫ്ളോറിഡയില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിലായിരുന്നു ട്രമ്പിന്റെ പ്രതികരണം. ഉക്രെയ്നില്‍ ഇപ്പോള്‍ നടക്കുന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവ വികാസങ്ങളാണ്. അവിടത്തെ ജനങ്ങള്‍ക്ക് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കന്നതായും ഉക്രെയ്ന്റെ അവസ്ഥ ഭയാനകമാണെന്നും ട്രമ്പ് പറഞ്ഞു.പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ധീരനാണെന്ന്് അഭിപ്രായപ്പെട്ടു.

ബുഷ് പ്രസിഡന്റായിരുന്നപ്പോള്‍ റഷ്യ ജോര്‍ജിയയില്‍ അധിനിവേശം നടത്തി, ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ ക്രിമിയയിലും. ഇപ്പോള്‍ ബൈഡന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ഉക്രെയ്നിലും അത് ആവര്‍ത്തിച്ചു. റഷ്യ മറ്റൊരു രാജ്യത്ത് അധിനിവേശം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തിയ 21 ാം നൂറ്റാണ്ടിലെ ഏക അമേരിക്കന്‍ പ്രസിഡന്റ് താനാണെന്ന് ട്രമ്പ് അവകാശപ്പെട്ടു.അമേരിക്കയ്ക്ക് ശക്തനായ ഒരു പ്രസിഡന്റുള്ള കാലങ്ങളിലെല്ലാം ലോകം സുരക്ഷിതമായിരുന്നുവെന്നും ട്രമ്പ് കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.