ഉറക്കം നഷ്ടപ്പെട്ട യൂറോപ്പ്: അനിവാര്യമായ സമാധാന വിപ്ലവം

ഉറക്കം നഷ്ടപ്പെട്ട യൂറോപ്പ്: അനിവാര്യമായ സമാധാന വിപ്ലവം

രാജവാഴ്ച്ചയെയും മതാധിഷ്ഠിത ഭരണത്തെയും കണ്ടം വഴി ഓടിച്ച് ചരിത്രമുള്ള ഫ്രഞ്ച് ജനത മറ്റൊരു ഫ്രഞ്ച് വിപ്ലവത്തിനായി അതിയായി ആഗ്രഹിക്കുന്നു എന്ന് തോന്നുന്നു, ഫ്രാൻസിൻ്റെ തെരുവീഥികളിൽ ലിബറൽ, റാഡിക്കൽ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരംഭിച്ച ഫ്രഞ്ച് വിപ്ലവവും കേവല രാജവാഴ്ച്ചയുടെ അധ:പതനവും തുടങ്ങി ചരിത്രത്തിൻ്റെ ഗതിയെത്തന്നെ മാറ്റിമറിച്ച ഫ്രഞ്ച് ജനതയുടെ മനസ്സിലേക്ക് മതമൗലിക -തീവ്രവാദത്തിനെതിരായുള്ള രണ്ടാം ഫ്രഞ്ച് വിപ്ലവത്തിൻ്റെ ആദ്യ സ്ഫുരണങ്ങൾ തെളിയേണ്ടതിൻ്റെ ആവശ്യകതയും സമകാലിക മത തീവ്രവാദ ആക്രമണ പരമ്പരകൾ ആക്കം കൂട്ടുന്നു.

യൂറോപ്പ് ഒട്ടാകെ ഫ്രഞ്ച് വിപ്ലവത്തിൻ്റെ അനന്തരഫലമായ ലിബറലിസം ഒരു പരിധി വരെ നേടിയെടുത്തത് ഫ്രാൻസിൻ്റെ തെരുവീഥികളിൽ മുഴങ്ങിയ ലിബറൽ മുദ്രാവാക്യങ്ങളിൽ നിന്നാണ്. ഇന്ന് യൂറോപ്പിൽ അരങ്ങേറുന്ന മത തീവ്രവാദവും, മതമൗലികവാദവും തുരത്തുവാൻ വീണ്ടും ഫ്രാൻസ് മുൻകൈ എടുക്കുന്നതായി മാലിയിലെ തിരിച്ചടിയിൽ നിന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങി ജ്ഞാനോദയ മൂല്യങ്ങളെ മുൻനിർത്തി ആരംഭിച്ച വിപ്ലവത്തിൻ്റെ രണ്ടാം വരവ് അനധികൃത അധിനിവേശത്തിനെതിരെയും, മതമൗലിക വാദത്തിനെതിരെയും ആയിരിക്കും എന്നതിൽ സംശയമില്ല.  ഭൂരിപക്ഷം ക്രൈസ്തവ മത വിശ്വാസികളുള്ള രാജ്യങ്ങളായ യൂറോപ്പിൽ അനധികൃത അഭയാർത്ഥി പ്രവാഹത്തിൻ്റെ ഫലമായി മത തീവ്രവാദികളും കടന്നു കൂടിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വതവേ സമാധാന കാംക്ഷികളായ യൂറോപ്യൻ ജനതയെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് തീവ്രവാദികൾ ക്രൈസ്തവ പുരോഹിതരെയും എന്തിന് ദേവാലയങ്ങളിൽ പ്രാർത്ഥിക്കാൻ എത്തിച്ചേർന്ന സ്ത്രീകളെയടക്കമാണ് ദാരുണമായി കൊല ചെയ്തത്.

കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽത്തന്നെ ഫ്രാൻസിൽ നിരവധി തവണ ഇസ്ലാമിക ഭീകരർ അരും കൊലകൾ നടത്തിയിരുന്നു. പാരീസിലെ ഭീകരാക്രമണവും, ഷാർലി എബ്ദോ എന്ന കാർട്ടൂർ വാരികയുടെ ഓഫിസിന് നേരെയുണ്ടായ ആക്രമണവും മതഭീകരവാദികളുടെ യൂറോപ്പിലെ ആദ്യ ഘട്ട അക്രമണമായിരുന്നു എന്ന് വേണം കരുതുവാൻ. വി: കുർബ്ബാന അർപ്പിച്ചു കൊണ്ടിരുന്ന പുരോഹിതനെ ആരാധനാ മധ്യേ അതിക്രൂരമായി കൊലപ്പെടുത്തിയതിൻ്റെ ഞടുക്കം മാറുന്നതിൻ്റെ മുന്നെയാണ് വെറും പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള ഭീകരൻ തൻ്റെ അധ്യാപകൻ്റെ തലയറുത്ത് റോഡിൽ പ്രദർശിപ്പിച്ചത്.

ഇനിയും ആക്രമണം അഴിച്ചുവിടുമെന്ന് മതഭീകരർ വർഷങ്ങൾക്ക് മുമ്പ് യൂറോപ്പിനെ ഭീഷണിപ്പെടുത്തിയിരുന്നു. മാത്രമല്ല ചരിത്രത്തിൽ തുല്യതയില്ലാത്ത വിധത്തിൽ ആക്രമണം ആവിഷ്ക്കരിക്കുവാനും അത് യൂറോപ്പിലാകമാനം നടപ്പിലാക്കുന്നതായും ഫ്രാൻസിലെയും, ഓസ്ട്രിയയിലെയും ഈയടുത്ത് നടന്ന അക്രമണങ്ങൾ തെളിവായി മുദ്രകുത്താവുന്നതാണ്. ചരിത്രം പരിശോധിച്ചാൽ രക്തം തണുത്തുറയുന്ന അനേകം കൊടും ക്രൂരതകൾക്ക് സാക്ഷിയായവളാണ് യൂറോപ്പ്. അതിനെ അതിജീവിക്കുവാനും പിന്നെയും പിന്നെയും യൂറോപ്പ് തൻ്റെ വാതായനങ്ങളെ കലവറയില്ലാത്ത സ്നേഹവായ്പോടെ അഭയാർത്ഥികൾക്കായി തുറന്നിടതായും നാം കണ്ട കാഴ്ച്ചയാണ്. പല രാജ്യങ്ങളും അധിനിവേശങ്ങളെയും, അഭയാർത്ഥികളെയും തൃണവൽഗണിച്ചപ്പോൾ യൂറോപ്പ് അവരെ സ്വീകരിച്ചു. പക്ഷെ ഒപ്പം മതമൗലിക വാദികളും തീവ്രവാദികളും അതിൽ കടന്നു കൂടിയതായി സംശയിക്കേണ്ടി വരുന്നു. എവിടെയാണ് പാളിപ്പോയത്? ആർക്കാണ് പിഴച്ചത്?

സമാധാനത്തിൻ്റെ മതമായ ഇസ്ലാമിൻ്റെ പേരിൽ യൂറോപ്പിൽ നടക്കുന്ന ഈ ആക്രമണ പരമ്പരകളെ ലോകമെമ്പാടുമുള്ള ഇസ്ലാം സഹോദരങ്ങൾത്തന്നെ എതിർത്തു കൊണ്ട് മുന്നോട്ട് വരികയും, ഈ മതതീവ്രവാദികളെ ഒറ്റപ്പെടുത്തുകയും ചെയ്യണം. ഇത് ഇന്നിൻ്റെ ആവശ്യകതയാണ്. അന്യ മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുകയും, അന്യ മതസ്ഥരുടെ പുരോഹിതരെയും, സാധാരണക്കാരെയും കൊലപ്പെടുത്തുന്ന ഈ ഭീകരവാദ പ്രവർത്തനത്തെ വരുതിയിലാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങണം. കഴിഞ്ഞ ദിവസം ഫ്രാൻസിൽ തീവ്രവാദിയുടെ ആക്രമണത്തിൽ ജീവൻ പോകും മുൻപ് ബ്രസീലിയൻ യുവതി പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു; "എൻ്റെ മക്കളോട് പറയണം ഞാൻ അവരെ ഒത്തിരി സ്നേഹിച്ചിരുന്നു". ഈ സ്നേഹത്തെ ഇല്ലായ്മ ചെയ്ത് തങ്ങളുടെ സ്വപ്ന രാഷ്ട്രം പണിയാൻ ഒരുങ്ങുന്ന മത തീവ്രവാദം തുരത്തുവാൻ മറ്റൊരു വിപ്ലവത്തിനായി യൂറോപ്പ് ഒരുങ്ങിക്കഴിഞ്ഞു.

ഫ്രാൻസിലെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് എതിരായി നടപടിയെടുത്തു കൊണ്ട് പ്രസിഡണ്ട് എമ്മാനുവേൽ മാക്രോൺ രംഗത്ത് വരികയും ഏതാനും പേരെ നാടുകടത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ നടപടിയെത്തുടർന്ന് തുർക്കി പ്രസിഡണ്ട് എർദോഗൻ ഫ്രഞ്ച് നടപടിയെ കഠിനമായി വിമർശിക്കുകയും ഫ്രാൻസിൽ നിന്നുള്ള വിൽപ്പന വസ്തുക്കൾ തുർക്കിയിൽ നിരോധിക്കുകയും ചെയ്ത പ്രവർത്തനം ഏറെ വിവാദപരവും സംശയാസ്പദവുമാണ്, മത തീവ്രവാദത്തിന് മൗന പിന്തുണ നൽകുന്നതായി തോന്നിപ്പോകുന്നു. സമാധാനം ആഗ്രഹിക്കുന്ന ഒരു ലോക നേതാവും ചെയ്യാൻ ഇഷ്ടപ്പെടാത്ത ഒന്നാണ് ഇത് .

ഹാഗിയാ സോഫിയാ വിഷയത്തിൽ ലോകജനത വിമർശന ശരങ്ങൾ എദോഗന് നേരെ തൊടുത്തു വിട്ടതിൻ്റെ വേദന മാറും മുമ്പ് ഈ ചെയ്തി എർദോഗനെ വീണ്ടും പ്രതിക്കൂട്ടിൽ നിർത്തുന്നു. കൊറോണ എന്ന മഹാമാരി യൂറോപ്യൻ ജനതയെ ഭയത്തിൻ്റെ മുൾമുനയിൽ നിർത്തുമ്പോൾത്തന്നെ ഈ ഭീകരാക്രമണങ്ങളും നടക്കുന്നത് അവരെ കൂടുതൽ വേദനയുടെ ആഴങ്ങളിലേക്ക് എത്തിക്കുന്നു.

ഫ്രാൻസിലെ എല്ലാ ക്രൈസ്തവ ദേവാലയങ്ങൾക്കും സംരക്ഷണം നൽകണമെന്നും എല്ലാവരും ജാഗരൂകരായിക്കണമെന്നും നീസിലെ ആക്രമണത്തിനു ശേഷം മേയർ ക്രിസ്റ്റ്യൻ എസ്ത്രേസി പൊതു അറിയിപ്പ് നൽകിയിരുന്നു. വിയന്നയിലും ആക്രമണം നടന്നതോടെ യൂറോപ്പിലെ മുഴുവൻ ക്രൈസ്തവ ദേവാലയങ്ങൾക്കും സംരക്ഷണം നൽകേണ്ട സ്ഥിതി വിശേഷം എത്തിയിരിക്കുന്നു.

തിരിച്ചടികൊൾക്കൊണ്ട് സങ്കീർണ്ണമാക്കാതെ മതമൗലികവാദത്തിനെതിരെയും ,മത ഭീകരർക്കെതിരെയും നടപടിയെടുക്കാൻ യൂറോപ്യൻ യൂണിയനൊപ്പം മറ്റ് ലോക രാഷ്ട്രങ്ങളും കൈ കോർക്കണം, ഇസ്ലാമിക രാഷ്ട്രത്തലവൻമാർ മുമ്പോട്ട് വന്ന് ഈ തീവ്രവാദ പ്രവർത്തനത്തെ അപലപ്പിക്കുകയും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും വേണം!

സ്വാതന്ത്ര്യവും, സമത്വവും ആഗ്രഹിക്കുന്ന ലോക ജനതയെ ഭയപ്പെടുത്തുന്ന തീവ്രവാദമെന്ന വടവൃക്ഷത്തിൻ്റെ കടയ്ക്കൽ കോടാലി വെയ്ക്കാൻ യൂറോപ്പിൻ്റെ തെരുവീഥികളിൽ സമാധാനത്തിനായി മറ്റൊരു ഫ്രഞ്ച് വിപ്ലവം അരങ്ങേറിയാൽ അതിൽ ഒട്ടും അദ്ഭുതപ്പെടാനില്ല!

എഴുതിയത്: സിജോ അമ്പാട്ട് (സീറോ മലബാര്‍ സഭാ വക്താവ്)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.