ബങ്കറിലൊളിച്ചോ നമ്മുടെ 'സാംസ്‌കാരിക നായകര്‍'?.. ലജ്ജാകരം ഈ മൗനം

ബങ്കറിലൊളിച്ചോ നമ്മുടെ 'സാംസ്‌കാരിക നായകര്‍'?.. ലജ്ജാകരം ഈ മൗനം

തെങ്കിലുമൊരു ഇസ്രയേല്‍ക്കാരന്‍ പാലസ്തീനില്‍ വന്നൊരു പടക്കം പൊട്ടിച്ചാല്‍ ഇസ്രയേല്‍ പാലസ്തീനെ ആക്രമിച്ചേ എന്ന് കൂവി വിളിച്ച് തെരുവിലിറങ്ങുന്ന മലയാളികള്‍ക്ക് ഇപ്പോള്‍ എന്തുപറ്റി?.. പന്തംകൊളുത്തി പ്രകടനങ്ങളില്ല... പ്രതിഷേധ സദസുകളില്ല... യുദ്ധ വിരുദ്ധ പോസ്റ്ററുകളില്ല... സോഷ്യല്‍ മീഡിയ ഹാഷ് ടാഗുകളില്ല... അധിനിവേശത്തിനെതിരായ ആരവങ്ങളുമില്ല.

ലോകത്തിലെ തന്നെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യ സൈനിക ശേഷിയില്‍ ഇരുപത്തിരണ്ടാം സ്ഥാനത്തുള്ള ഉക്രെയ്ന്‍ എന്ന രാജ്യത്ത് വരുത്തി വയ്ക്കുന്ന നാശനഷ്ടങ്ങള്‍ എത്ര ഭീതികരം. ചിതറിത്തെറിച്ച മനുഷ്യ ശരീരങ്ങള്‍... തകര്‍ന്നടിഞ്ഞ കെട്ടിട സമുച്ഛയങ്ങള്‍, റോഡുകള്‍, പാലങ്ങള്‍... കത്തി നശിച്ച് ആക്രി പരുവത്തിലായ വാഹനക്കൂമ്പാരങ്ങള്‍... ഇതിനെല്ലാം ഇടയിലൂടെ പ്രാണനെടുത്ത് കൈയ്യില്‍ പിടിച്ചുകൊണ്ട് പരക്കം പായുന്ന മനുഷ്യര്‍. അവരില്‍ മലയാളികളുമുണ്ട് എന്നത് നമുക്ക് ഏറെ ദുഖകരം.

ഇസ്രയേല്‍-പാലസ്തീന്‍ ആക്രമണങ്ങളുമായി താരതമ്യം ചെയ്യാന്‍ പോലുമാകില്ല റഷ്യയുടെ ഉക്രെയ്ന്‍ ആക്രമണത്തെ. ഇത് ആക്രമണമല്ല, അധിനിവേശമാണ്. എത്രയോ മലയാളി വിദ്യാര്‍ഥികളുടെ ജീവിത സ്വപ്‌നങ്ങളാണ് ഇവിടെ തകര്‍ന്നടിഞ്ഞത്. എങ്ങനെയെങ്കിലും രക്ഷപെടുത്തണമെന്ന് നിലവിളിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ വീഡിയോകള്‍ കരളലിയിപ്പിക്കുന്ന കാഴ്ചയാണ്.

രക്ഷപെട്ട് നാട്ടിലെത്തിയവര്‍ക്കാകട്ടെ ജീവനല്ലാതെ ഒന്നും മിച്ചമില്ല. അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍, മുടക്കിയ പണം, തുടര്‍ പഠനം എല്ലാം അനിശ്ചിതത്വത്തിലായി. ഒരു യുദ്ധം ഇത്രയധികം മലയാളികളെ നേരിട്ട് ബാധിച്ചിട്ടും പാലസ്തീനു വേണ്ടി പതിവ് പടയൊരുക്കം നടത്തുന്ന മലയാളി സംഘടനകളുടെയൊന്നും യുദ്ധവിരുദ്ധ മനസ് ഇതുവരെ ഉണര്‍ന്നിട്ടില്ല.

ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷങ്ങളുടെ പുറന്തോട് പൊട്ടിച്ച് ആഴത്തില്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്ന ഒരു വസ്തുതയുണ്ട്. പാലസ്തീനിലെ ഹമാസ് എന്ന ഭീകര സംഘടനയുടെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രകോപനങ്ങള്‍ക്കുള്ള മറുപടി മാത്രമായിരുന്നു ഇസ്രയേലിന്റെ തിരിച്ചടികള്‍. എന്നിട്ടും ചില മലയാളി മനസുകള്‍ക്ക് അത് വല്ലാതെ മുറിവേല്‍ക്കുകയും 'സേവ് പാലസ്തീന്‍' മുദ്രാവാക്യങ്ങള്‍ മുഴക്കി വഴി തടയുകയും പ്രതിഷേധ പരമ്പരകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

കുവൈറ്റിനെ കടന്നാക്രമിച്ച സദ്ദാം ഹുസൈനെ ലക്ഷ്യമിട്ട് അമേരിക്ക ഇറാഖില്‍ നടത്തിയ ആക്രമണങ്ങള്‍ കേരളത്തിന് സ്വന്തം കാര്യം പോലെയായിരുന്നു. സദ്ദാമിന് പിന്തുണ പ്രഖ്യാപിച്ച് ബന്ദ് വരെ ആചരിച്ച നാടാണ് കേരളം. സിറിയയിലും ലിബിയിലും അഫ്ഗാനിസ്ഥാനിസ്ഥാനിലും ഉണ്ടായ അധിനിവേശങ്ങള്‍ നമ്മുടെ രാഷ്ട്രീയ, സാംസ്‌കാരിക, സാഹിത്യ നായകന്‍മാരുടെ ഉള്ള് വല്ലാതെ പൊള്ളിച്ചു കളഞ്ഞിരുന്നു. പ്രതിഷേധ പ്രസ്താവനകള്‍കൊണ്ട് മലയാള പത്രമാധ്യമങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.

പക്ഷേ, ഈ 'നായകന്‍മാര്‍'ക്കെല്ലാം ഇപ്പോള്‍ എന്തു സംഭവിച്ചു?.. റഷ്യന്‍ പോര്‍ വിമാനങ്ങളില്‍ നിന്ന് ഉക്രെയ്‌നില്‍ വീഴുന്ന ബോംബുകള്‍ ഭയന്ന് ഇവിടെ ബങ്കറിലൊളിച്ചോ?.. റഷ്യന്‍ അതിക്രമത്തിനെതിരെ കേരളത്തില്‍ എന്തെല്ലാം പ്രതിഷേധ കോലാഹലങ്ങള്‍ നടന്നാലും അതൊന്നും പുടിന്‍ എന്ന സ്വേച്ഛാധിപതിയെ ബാധിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം.

എന്നാലും, പച്ചയായ അധിനിവേശത്തിനെതിരെ... നീതീകരിക്കാനാവാത്ത കടന്നു കയറ്റത്തിനെതിരെ... ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള ഉക്രേനികളുടെ ജന്മാവകാശത്തിനായി... അഭയാര്‍ത്ഥികളായി മാറുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്കു വേണ്ടി എന്തെങ്കിലും ഉരിയാടാമായിരുന്നു. ഹാ കഷ്ടം... നിങ്ങളുടെ ലജ്ജാകരമായ മൗനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.