നാളെ ലോക വനിതാ ദിനം: സ്ത്രീകളുടെ പോരാട്ട മുഖമായി മാറുകയാണ് നതാലിയയും ക്രിചോവ്സ്‌കയും
മോസ്‌കോ: 'അനുവദനീയമായ എല്ലാ അതിരുകളും പുടിന്‍ ലംഘിച്ചുവെങ്കിലും ഞാന്‍ എപ്പോഴും ശുഭാപ്തി വിശ്വാസിയാണ്. ആളുകള്‍ ഇത് മനസിലാക്കും. അതിന് ഒരിടത്ത് ഒതുങ്ങി ഇരിക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം പ്രയത്നിക്കണം. സംപ്രേഷണം നിര്‍ത്താന്‍ തീരുമാനിച്ച് ഓഫീസിലേക്ക് പോകുന്നതിന് മുന്‍പ് ഞാന്‍ കുറേ കരഞ്ഞു.
വര്‍ഷങ്ങളായി പുറത്താക്കപ്പെടുകയും നിരന്തരം വേട്ടയാടപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും വാര്‍ത്ത ബുള്ളറ്റിന്‍ നിര്‍ത്തി വെച്ചിട്ടില്ല. അതുകൊണ്ടാണ് അപ്പാര്‍ട്ട്‌മെന്റില്‍ സ്റ്റുഡിയോ സ്ഥാപിച്ചത്. ഒരു യുദ്ധത്തില്‍ അമ്മ കുട്ടികളെ ബേസ്മെന്റില്‍ ഒളിപ്പിക്കുന്ന പോലയാണ് താനത് ചെയ്യതത്'- റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ശക്തമായ പോരാട്ടം നയിച്ച് അവസാനം ഇക്കഴിഞ്ഞ ദിവസം സംപ്രേഷണം നിര്‍ത്തേണ്ടി വന്ന രാജ്യത്തെ പ്രമുഖ വാര്‍ത്താ ചാനലായ ദോഷ്ഡിന്റെ (റെയ്ന്‍ ടിവി) സ്ഥാപക നതാലിയ സിന്‍ഡയേവയുടെ വാക്കുകളാണിത്.
ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാലത്തില്‍ റഷ്യയിലെ മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള പുടിന്റെ നീക്കത്തിനെതിരെ 'നോ ടു വാര്‍' എന്ന് ആഹ്വാനം ചെയ്ത് ചാനലിലെ മുഴുവന്‍ ജീവനക്കാരും തത്സമയം കൂട്ടരാജി പ്രഖ്യാപിച്ചാണ് പുടിന്‍ ഭരണകൂടത്തിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധം ലോകത്തെ അറിയിച്ചത്. വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യപ്പെട്ട സോവിയറ്റ് യൂണിയന്‍ കാലത്ത് സംപ്രേഷണം ചെയ്ത 'ബ്ലാക്ക് സ്വാന്‍' എന്ന ബാലെ അവസാനമായി ചാനലില്‍ കാണിക്കുകയും ചെയ്തു.
പുടിന്‍ ഭരണകൂടത്തെ ധിക്കാരപരമായി നേരിട്ടുകൊണ്ടിരുന്ന മാധ്യമ ഉടമയായിരുന്ന നതാലിയ സിന്‍ഡയേവയെ കുറിച്ച് ആളുകള്‍ കൂടുതലായി അറിയുന്നത് ദോഷ്ഡിന്റെ സഹ സ്ഥാപകയും സംവിധായകയുമായ വെരാ ക്രിചോവ്സ്‌കയുടെ F@ck this Job (Tango with Putin) എന്ന ഡോക്യുമെന്ററി സിനിമയിലൂടെയാണ്. അതിന്റെ പ്രദര്‍ശനവും റഷ്യന്‍ പാര്‍ലമെന്റ് തടഞ്ഞു.
പല വാര്‍ത്താ ചാനലുകളും നേരത്തേ സംപ്രേഷണം നിര്‍ത്തിയെങ്കിലും ഭരണകൂടവുമായി ഏറ്റുമുട്ടി റഷ്യയില്‍ ഏറ്റവുമൊടുവിലായി പിന്‍വാങ്ങിയ ചാനലാണ് ദോഷ്ഡ്. 2010 ലാണ് ചാനല്‍ ആരംഭിച്ചത്. മോസ്‌കോയിലെ ആഡംബര പാര്‍ട്ടികളിലെ നൃത്ത രാജ്ഞിയായിരുന്ന നതാലിയ, 'ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടവരുടെ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക' എന്ന മുദ്രാവാക്യവുമായാണ് ചാനലിന് തുടക്കം കുറിച്ചത്.
തുടക്കം മുതല്‍ തന്നെ ക്രെംലിനില്‍ നിന്ന് ഭീഷണിയും എതിര്‍പ്പുകളും ഉണ്ടായിട്ടുണ്ട്. യാഥാര്‍ത്ഥ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ദോഷ്ഡ് നടത്തിയ ധിക്കാരപരമായ പോരാട്ടങ്ങളാണ് F@ck this Job (Tango with Putin) എന്ന പ്രചോദനാത്മക ഡോക്യുമെന്ററിയുടെ വിഷയം. ബ്രിട്ടണിലും ഇത് റിലീസ് ചെയ്തിരുന്നു. ബിബിസിയിലും സംപ്രേഷണം ചെയ്തു.
ചിത്രം പുറത്തിറങ്ങി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റഷ്യന്‍ പാര്‍ലിമെന്റ് പുതിയ നിയമം കൊണ്ടുവന്നു. സര്‍ക്കാര്‍ അഗീകൃത വാര്‍ത്തകള്‍ അല്ലാതെ മറ്റൊരു വാര്‍ത്തയും കൊടുക്കരുതെന്നാണ് നിയമം. ഉക്രെയ്‌നുമായുള്ള യുദ്ധം തുടങ്ങിയതോടെ യുദ്ധം എന്ന് പറയുന്നത് പോലും നിയമ വിരുദ്ധമാണ്.
മാധ്യമ പ്രവര്‍ത്തകരെയും ഉടമകളെയും 15 വര്‍ഷത്തോളം തടവിലാക്കാന്‍ ഈ നിയമം വഴി സാധിക്കും. ബിബിസിയും മറ്റെല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ടിങ് താല്‍കാലികമായി നിര്‍ത്തി വെച്ചു. സ്വതന്ത്ര പത്രപ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമായി മാറ്റുന്നുവെന്നു എന്നാണ് ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിഡ് ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഏറ്റവും അവസാനം വരെ പോരാടി നിന്ന മാധ്യമങ്ങളാണ് ദോഷ്ഡ്, നോവയ ഗസറ്റ പോലുള്ളവ. ഇപ്പോള്‍ അവയും പിന്‍വാങ്ങി. നോവയ ഗസറ്റിന്റെ എഡിറ്ററും കഴിഞ്ഞ വര്‍ഷത്തെ നോബല്‍ സമ്മാന ജേതാവുമായ ദിമിത്രി മുറദോവ് അന്തരീക്ഷം വളരെ ആശങ്കാജനകമാണെന്ന് അഭിപ്രായപ്പെടുന്നു. പേപ്പറിന്റെ വെബ്സൈറ്റ് ഉള്‍പ്പെടെ എല്ലാ വിവരങ്ങളും നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരായതായും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ കുറിച്ച് 'ഭീഷണി യാഥാര്‍ഥ്യം ആകുമെന്നതില്‍ സംശയമില്ല' എന്ന് ദോഷ്ഡ് വാര്‍ത്ത നല്‍കിയിരുന്നു. വ്യാജ വാര്‍ത്ത എന്നാണ് ക്രെംലിന്‍ അതിനെ കുറ്റപ്പെടുത്തിയത്. അതുകൊണ്ടാണ് ഒറ്റ രാത്രി കൊണ്ട് അവര്‍ നിയമം ഉണ്ടാക്കിയിതെന്ന് ഗാര്‍ഡിയന്റെ എഡിറ്റര്‍ ടിം ആഡംസുമായി സൂമില്‍ നടത്തിയ അഭിമുഖത്തില്‍ നതാലിയ അഭിപ്രായപ്പെട്ടു.
പന്ത്രണ്ട് വര്‍ഷം മുന്‍പ് ചാനല്‍ തുടങ്ങുമ്പോള്‍ പുരോഗമന റഷ്യയെക്കുറിച്ചുള്ള ഒരു ഉജ്ജ്വലമായ ഇടം ഉണ്ടാക്കുവാന്‍ അവര്‍ ശ്രമിച്ചു. പല കാലങ്ങളിലായി ദോഷ്ഡ് പാര്‍ലമെന്റുമായി നിരന്തര ഏറ്റുമുട്ടലിലായിരുന്നു. 2021 ഓഗസ്റ്റില്‍, നതാലിയെയും ദോഷ്ഡിലെ ജീവനക്കാരെയും ക്രെംലിന്‍ 'വിദേശ ഏജന്റ്' ആയി പ്രഖ്യാപിച്ചു.
പുടിന്റെ വിശ്വസ്തര്‍ മാധ്യമ പ്രവര്‍ത്തകരെ 'നശിപ്പിക്കപ്പെടേണ്ട ഭീകരര്‍' എന്ന് പറഞ്ഞു അവഹേളിച്ചു. ഏറ്റവും സമീപകാലത്ത് പ്രതിപക്ഷ നേതാവ് അലക്്സി നവാല്‍നിയുടെ ഉന്നതതല അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ എല്ലാ രേഖകളും ചെയ്ത കവറേജുകളും നശിപ്പിക്കണമെന്ന് ഉത്തരവിട്ടു.
'ഞങ്ങള്‍ തീര്‍ച്ചയായും മറ്റൊരു ഭൂപ്രകൃതിയിലേക്ക് പ്രവേശിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവല്‍നിയെ ജയിലിലടച്ചതില്‍ നിന്നാണ് ഇത് ശരിക്കും ആരംഭിച്ചതെന്ന് ഞാന്‍ കരുതുന്നു. നിരവധി പത്രപ്രവര്‍ത്തകര്‍ അടുത്തിടെ രാജ്യം വിട്ടു. നവല്‍നിയുടെ ഓര്‍ഗനൈസേഷന്റെ സഹായികളായ മറ്റ് ആളുകളെ അറസ്റ്റ് ചെയ്തു'- നതാലി വെളിപ്പെടുത്തി.
എല്ലാം ഒന്നിന് പിറകെ ഒന്നായി ഇല്ലാതാവുന്നത് നോക്കി നില്‍ക്കാനേ പറ്റിയുള്ളൂ. ആദ്യം യുട്യൂബ് ഫീഡുകള്‍, പിന്നെ ഫേസ്ബുക്ക്. വ്യാഴാഴ്ച ഉണര്‍ന്നപ്പോള്‍ പതിവുപോലെ ദോഷ്ഡില്‍ നിന്നുള്ള മെസേജുകള്‍ ഒന്നും ഇല്ലായിരുന്നു. അത് വളരെ സങ്കടകരമായ അവസ്ഥയായിരുന്നുവെന്ന് സംവിധായികയും ചാനലിന്റെ സഹ സ്ഥാപകയുമായ ക്രിചോവ്സ്‌ക പറഞ്ഞു.
റഷ്യയിലെ സ്വതന്ത്ര വാര്‍ത്തകളുടെ ഏക ഉറവിടം ഇപ്പോള്‍ ടെലഗ്രാമാണ്. ഇത് ഒരു ഇരുമ്പുമറ പോലെ തോന്നുന്നു. പുതിയ നിയമത്തിന്റെ മറവില്‍ ഫോണില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നുമൊക്കെ ചരിത്രമെങ്ങനെ ഫലപ്രദമായി മായ്ക്കാം എന്നാവും അവര്‍ ചിന്തിക്കുന്നതെന്നും ക്രിചോവ്സ്‌കി അഭിപ്രായപ്പെട്ടു.
ഇത് ഒരു അടച്ചുപൂട്ടല്‍ അല്ല.താല്‍ക്കാലികം മാത്രം. അതുകൊണ്ട് മാധ്യമങ്ങള്‍ അവരുടെ ജോലി ഒരിക്കലും നിര്‍ത്തി വയ്ക്കുമെന്ന് പുടിന്‍ കരുതേണ്ടതില്ലെന്നും നതാലിയയും ക്രിചോവ്സ്‌കയും പറഞ്ഞു. നാളെ ലോക വനിതാ ദിനം ആഘോഷിക്കുമ്പോള്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന റഷ്യന്‍ സ്വേച്ഛാധിപതിക്കു മുന്നില്‍ മുട്ടുമടക്കാതെ തങ്ങളുടെ നയം വ്യക്തമാക്കുന്ന ഈ വനിതാ മധ്യമ പ്രവര്‍ത്തകര്‍സ്ത്രീകളുടെ പോരാട്ട മുഖമായി മാറുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.