റഷ്യയുടെ മറ്റൊരു പ്രമുഖ മേജര്‍ ജനറലിനെ കൂടി വധിച്ചതായി ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം

റഷ്യയുടെ മറ്റൊരു പ്രമുഖ മേജര്‍ ജനറലിനെ കൂടി വധിച്ചതായി ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം


കീവ്: മേജര്‍ ജനറല്‍ ആന്ദ്രേ സുഖോവ്സ്‌കിക്ക് പിന്നാലെ റഷ്യയുടെ മറ്റൊരു പ്രമുഖ മേജര്‍ ജനറലിനെ കൂടി വധിച്ചതായി ഉക്രെയ്ന്‍. 41-ാം ആര്‍മിയുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ വിറ്റലി ഗെരാസിമോവ് കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുദ്ധത്തിന്റെ 12-ാം ദിനം ഖാര്‍കീവിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മേജറിനെ വധിച്ചത്. റഷ്യന്‍ സൈന്യത്തിലെ മറ്റ് നിരവധി പ്രമുഖ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഉക്രേനിയന്‍ ഇന്റലിജന്‍സ് അറിയിച്ചു. എന്നാല്‍ അവകാശവാദത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല.

നേരത്തെ യുദ്ധത്തിന്റെ ഒമ്പതാം ദിവസമാണ് റഷ്യയുടെ മേജര്‍ ജനറല്‍ ആന്ദ്രേ സുഖോവ്സ്‌കിയെ വധിച്ചതായി ഉക്രെയ്ന്‍ പറഞ്ഞത്. റഷ്യയുടെ ഏഴാമത് എയര്‍ബോണ്‍ ഡിവിഷന്‍ കമാന്‍ഡറായിരുന്നു സുഖോവ്സികി. എന്നാല്‍ ഇാ അവകാശവാദവും റഷ്യ അംഗീകരിച്ചിരുന്നില്ല. മാത്രമല്ല ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയ റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തയുടെ പേരില്‍ നടപടിയും സ്വീകരിച്ചു.

രണ്ട് റഷ്യന്‍ എഫ്എസ്ബി ഉദ്യോഗസ്ഥര്‍ തമ്മില്‍ മരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അവരുടെ സുരക്ഷിത ആശയവിനിമയം ഉക്രെയ്നിനുള്ളില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് പരാതിപ്പെടുകയും ചെയ്തതും മന്ത്രാലയത്തിനു ലഭ്യമായി. റഷ്യന്‍ ഉറവിടം ഉപയോഗിച്ച് ജെറാസിമോവിന്റെ മരണം സ്ഥിരീകരിച്ചതായി അന്വേഷണാത്മക ജേണലിസം ഏജന്‍സി ബെല്ലിംഗ്കാറ്റ് അറിയിച്ചു. ഇക്കാര്യം സംസാരിച്ച മുതിര്‍ന്ന എഫ്എസ്ബി ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞതായി അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്രിസ്റ്റോ ഗ്രോസെവ് പറഞ്ഞു.


രണ്ടാം ചെചെന്‍ യുദ്ധത്തിലും സിറിയയിലെ റഷ്യന്‍ സൈനിക നടപടിയിലും ക്രിമിയ പിടിച്ചടക്കലിലും ജെറാസിമോവ് പങ്കെടുത്തിരുന്നു.അക്കാലത്ത് മെഡലുകളും നേടി.പുടിന്റെ അധിനിവേശ സേനയുടെ ഭൂരിഭാഗവും ലോജിസ്റ്റിക് പ്രശ്നങ്ങള്‍, മോശം മനോവീര്യം, ഉക്രേനിയന്‍ പ്രതിരോധം എന്നിവയാല്‍ മുങ്ങിപ്പോയ സമയത്താണ് ഉയര്‍ന്ന റാങ്കിംഗ് ഓഫീസര്‍മാരുടെ നഷ്ടം. അതിന്റെ എന്‍ക്രിപ്റ്റഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തിന്റെ പരാജയം മറ്റൊരു കനത്ത പ്രഹരമാണ്.

ഉക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ നിരീക്ഷണത്തില്‍ ഇപ്പോഴത്തെ യുദ്ധം റഷ്യയെ സംബന്ധിച്ചിടത്തോളം ഒരു പേടിസ്വപ്‌നമായിരിക്കുകയാണ്, കനത്ത ഉക്രെയ്ന്‍ പ്രതിരോധം മൂലം. നഗരങ്ങളില്‍ ഷെല്ലാക്രമണം നടത്തി ഉക്രെയ്‌നെ തരിപ്പണമാക്കാന്‍ വ്ളാഡിമിര്‍ പുടിന് പദ്ധതിയുണ്ടെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് ആരോപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.