വാഷിംഗ്ടണ്‍: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ട്രെയിനുകളിലും ബസുകളിലും യാത്രക്കാര്‍ മാസ്‌ക് ധരിക്കണമെന്ന ഫെഡറല്‍ നിബന്ധന ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഏപ്രില്‍ 18 വരെ നീട്ടിയതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.നിബന്ധന ഉത്തരവിന്റെ നിലവിലെ കാലാവധി മാര്‍ച്ച് 19 വരെയാണ് നിശ്ചയിച്ചിരുന്നത്.
കോവിഡ് കേസുകള്‍ കുറയുന്നതിനനുസരിച്ച് നഗരങ്ങളും സംസ്ഥാനങ്ങളും മാസ്‌ക് നിബന്ധന ഉള്‍പ്പെടെയുള്ള ഉത്തരവുകള്‍ പിന്‍വലിക്കുന്നതിനിടെയും ബൈഡന്‍ ഭരണകൂടം പൊതു ഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന കാര്യത്തില്‍ തല്‍ക്കാലം ഇളവു വേണ്ടെന്നാണ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച മുന്‍ പ്രഖ്യാപനങ്ങള്‍ ദീര്‍ഘ കാലത്തേക്കായിരുന്നു. അതേസമയം, ഇക്കുറി ഒരു മാസത്തേക്കു മാത്രമായാണ് നീട്ടുന്നത്. കോവിഡ് കേസുകള്‍ കുറയുന്ന പ്രവണത തുടരുകയാണെങ്കില്‍, ഈ വസന്തകാലത്തോടെ നിബന്ധന പൂര്‍ണ്ണമായും നീക്കാനാകുമോ എന്ന് പ്രസിഡന്റ് ജോ ബൈഡനും സിഡിസിയും ആലോചിക്കുന്നതായി സൂചനയുണ്ട്.
എപ്പോള്‍, ഏത് സാഹചര്യത്തിലാണ് പൊതുഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കേണ്ടത് എന്നതിനുള്ള പുതുക്കിയ നയ ചട്ടക്കൂട് തയ്യാറാക്കാന്‍ അടുത്ത മാസം സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണം തേടുമെന്ന് സിഡിസി പറഞ്ഞു. കോവിഡ് കേസുകളുടെ ആധിക്യം , ജനിതക വകഭേദങ്ങള്‍ എന്നിവ സംബന്ധിച്ച പുതിയ വിശകലനത്തെ അടിസ്ഥാനമാക്കിയാകും ഇതു സംബന്ധിച്ച നടപടികള്‍.
യു.കെ പോലുള്ള ചില രാജ്യങ്ങള്‍ യാത്രികരുടെ പ്രവേശന നിബന്ധനകളില്‍ ഇളവു വരുത്തിയ സാഹചര്യത്തില്‍ യു എസ് പൗരന്മാര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനാ ആവശ്യകതകള്‍ യു എസിലും വേണ്ടെന്നു വയ്ക്കാന്‍ എയര്‍ലൈനുകളും മറ്റ് യാത്രാ വ്യവസായ ഗ്രൂപ്പുകളും കഴിഞ്ഞ മാസം വൈറ്റ് ഹൗസിനോട് ആവശ്യപ്പെട്ടിരുന്നു.പക്ഷേ, ഇക്കാര്യത്തില്‍ വൈറ്റ് ഹൗസും സിഡിസിയും പ്രതികരിച്ചിട്ടില്ല.2021 ജനുവരിയില്‍ പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് പൊതു ഗതാഗത സംവിധാനങ്ങളില്‍ മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധിതമാക്കി ഭരണകൂടം ഉത്തരവിട്ടത്. കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ ഇത് ആവര്‍ത്തിച്ച് നീട്ടിക്കൊണ്ടിരുന്നു.
കോവിഡ് വ്യാധിയുടെ തുടക്കത്തില്‍, 2020 വസന്തകാലം മുതല്‍ എയര്‍ലൈനുകള്‍ ഇത്തരം നിബന്ധനകള്‍ സ്വന്തം നിലയില്‍ നടപ്പാക്കിയിരുന്നു. അതേസമയം, ജീവനക്കാരുടെ യൂണിയനുകള്‍ ആവശ്യപ്പെട്ടെങ്കിലും അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചില്ല.ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍ യാത്രക്കാരുടെ അനിയന്ത്രിത പെരുമാറ്റത്തിന്റെ 5,981 റിപ്പോര്‍ട്ടുകളില്‍ 71 ശതമാനവും മാസ്‌ക് നിര്‍ബന്ധത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.