വസന്തത്തിന് വഴിമാറി ശൈത്യം: സമയത്തിന് കടിഞ്ഞാണിട്ട് ഋതു ഭേദങ്ങള്‍

വസന്തത്തിന് വഴിമാറി ശൈത്യം: സമയത്തിന് കടിഞ്ഞാണിട്ട് ഋതു ഭേദങ്ങള്‍

അമേരിക്കയില്‍ കൊടും ശൈത്യത്തിന് വിട. ഇനി വസന്തത്തിന്റെ വരവായി... പൂര്‍ണ്ണ നഗ്‌നരെന്ന് തോന്നും വിധം ഇല കൊഴിഞ്ഞ വൃക്ഷങ്ങള്‍ ഇനിയുള്ള നാളുകളില്‍ വസന്തം തീര്‍ക്കുന്ന വിസ്മയങ്ങളില്‍ ഹരിതപ്പട്ടണിയും. തളിരിലകളും പൂമൊട്ടുകളും വൃക്ഷങ്ങളെ വര്‍ണാഭമാക്കുമ്പോള്‍ മണ്ണിനും മനസിനും ഉണര്‍വ് പകരുന്ന ഒരു തിരിച്ചറിവാണ് വസന്തം പടികടന്നു വന്നു എന്നത്. പച്ചപ്പ് പിടിച്ചു തുടങ്ങിയ മരങ്ങള്‍ കണ്ണിന് കുളിര്‍മ്മയും ശരീരത്തിന് ഉന്മേഷവും പകരുന്നു. പകല്‍ വെളിച്ചം കൂടുതല്‍ ലഭ്യമാകുന്നു. സൂര്യാസ്തമനം വൈകുന്നു. ഇരുട്ടിനെ തള്ളിമാറ്റി പകല്‍ കൂടുതല്‍ ഇടം കരസ്ഥമാക്കുന്നു. മാര്‍ച്ച് മാസം വസന്തത്തെ വരവേല്‍ക്കുമ്പോള്‍ അമേരിക്ക ഉണരുന്നു... ഊര്‍ജ്വസ്വലമാകുന്നു.

എല്ലാ വര്‍ഷവും മാര്‍ച്ച് മാസം രണ്ടാം ഞയറാഴ്ച വെളുപ്പിനെ രണ്ട് മണിയ്ക്ക് ഘടികാരങ്ങളിലെ സൂചികള്‍ ഒരു മണിക്കൂര്‍ മുന്നോട്ടാക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് മാസം പതിമൂന്നാം തീയതിയാണ് ഈ സമയമാറ്റം സംഭവിക്കുക. പതിമൂന്നിന് വെളുപ്പിനെ രണ്ടു മണിയാകുമ്പോള്‍ സൂചികള്‍ മൂന്ന് മണിയിലേയ്ക്ക് മാറ്റി സമയമാറ്റം ഉറപ്പ് വരുത്തുന്നു. ഫലത്തില്‍ ദിവസത്തിലെ ഒരു മണിക്കൂര്‍ നഷ്ടം. എന്നാല്‍ ആ നഷ്ടത്തിലൂടെ ലഭ്യമാകുന്നത് കൂടുതല്‍ പകല്‍ വെളിച്ചം. ഡേ ലൈറ്റ് സേവിങ് ടൈം എന്നറിയപ്പെടുന്ന ഈ സമയ മാറ്റം അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നടപ്പാക്കുന്നു.

ഡേ ലൈറ്റ്‌ സേവിങ് ടൈം

പകല്‍ വെളിച്ചം കൂടുതല്‍ ലഭ്യമാക്കാനും അങ്ങേയറ്റം ഉപയോഗപ്പെടുത്താനും അമേരിക്കയില്‍ 'ഡേ ലൈറ്റ് സേവിങ് ടൈം ' എല്ലാ വര്‍ഷവും നടപ്പാക്കുന്നു. മാര്‍ച്ച് മാസത്തെ രണ്ടാമത്തെ ഞായറാഴ്ച ആരംഭിച്ച് നവംബര്‍ മാസത്തെ ആദ്യത്തെ ഞായറാഴ്ച അവസാനിക്കുന്നതാണ് ഡേ ലൈറ്റ് സേവിങ് ടൈം. മാര്‍ച്ചില്‍ ഒരു മണിക്കൂര്‍ മുന്‍പോട്ടും നവംബറില്‍ ഒരു മണിക്കൂര്‍ പിന്നോട്ടും സമയം മാറുന്നു. മാര്‍ച്ച് മാസത്തില്‍ 'വസന്തം' ആരംഭിക്കുന്നതിനാല്‍ 'സ്പ്രിങ് ഫോര്‍വേഡ്' (സമയം ഒരുമണിക്കൂര്‍ മുന്നോട്ട്) എന്നും നവംബറില്‍ 'ശിശിരം' (ഫാള്‍) തുടങ്ങുന്നതിനാല്‍ 'ഫാള്‍ ബാക്' (സമയം പിന്നോട്ട്) എന്നുമുള്ള പദങ്ങള്‍, എളുപ്പത്തില്‍ മനസിലാക്കാന്‍ ഉപയോഗിക്കുന്നു.

മാര്‍ച്ചിലെ രണ്ടാമത്തെ ഞായറാഴ്ച വെളുപ്പിനെ രണ്ട് മണി ആകുമ്പോള്‍ രാജ്യത്തെ ഘടികാരങ്ങളെല്ലാം മൂന്നു മണിയിലേക്ക് തിരിക്കുകയും, നവംബറിലെ ആദ്യത്തെ ഞായറാഴ്ച വെളുപ്പിന് രണ്ടു മണി ആകുമ്പോള്‍ സമയം ഒരു മണിയിലേക്ക് മാറ്റുകയും ചെയുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഓട്ടോമാറ്റിക് ആയി സമയം മാറുന്നു. ഈ സമയ മാറ്റം പലപ്പോഴും ചിന്താക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാലാണ് മുകളില്‍പ്പറഞ്ഞ പദ പ്രയോഗങ്ങള്‍ എളുപ്പത്തില്‍ ഓര്‍മ്മിക്കാനും മനസിലാക്കാനും ഉപയോഗിക്കുന്നത്. മൂന്ന് ടൈം സോണുള്ള അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ഡേ ലൈറ്റ് സേവിങ് ടൈം നടപ്പാക്കിയിട്ടില്ല.

ഡേ ലൈറ്റ് സേവി​ങ് ടൈമിന്റെ ​ ചരിത്രം

രണ്ടാം ലോകമഹായുദ്ധസമയത്ത്, പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ് 1942 ഫെബ്രുവരി 9 മുതൽ 1945 സെപ്റ്റംബർ 30 വരെ ‘വാർ ടൈം' എന്ന പേരിൽ വർഷം മുഴുവനും ഡേലൈറ്റ് സേവിംഗ് ടൈം ഏർപ്പെടുത്തി. 1945 മുതൽ 1966 വരെ, ഡേലൈറ്റ് സേവിംഗുമായി ബന്ധപ്പെട്ട് നിയമ നിർമ്മാണം നടപ്പാക്കിയിരുന്നില്ല. അതിനാൽ സംസ്ഥാങ്ങൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അനുവാദമുണ്ടായിരുന്നു. പാലിക്കേണ്ട സമയവും അതാതു സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമായിരുന്നു. എന്നാൽ അത് രാജ്യത്താകമാനം ആശയക്കുഴപ്പം സൃഷ്ടിച്ചു. പ്രത്യേകിച്ച് വ്യവസായങ്ങൾ, ബ്രോഡ്കാസ്റ്റിംഗ്, റെയിൽവേ, എയർലൈൻസ്, ബസ് കമ്പനികൾ എന്നിവയുടെ പ്രവൃത്തി സമയങ്ങളെപ്പറ്റി ആശയക്കുഴപ്പമായി. റേഡിയോ, ടി വി സ്റ്റേഷനുകൾ, ഗതാഗത കമ്പനികൾ തുടങ്ങിയവ പുതിയ ഷെഡ്യൂളുകൾ ഉണ്ടാക്കേണ്ടി വന്നു.

1974 ജനുവരി 4-ന്, പ്രസിഡന്റ് നിക്സൺ 'എമർജൻസി ഡേലൈറ്റ് സേവിംഗ് ടൈം എനർജി കൺസർവേഷൻ ആക്ട്' നടപ്പിലാക്കി. 1974 ഒക്ടോബർ 5-ന്, കോൺഗ്രസ് നിയമം ഭേദഗതി ചെയ്തു; ഡേ ലൈറ്റ് സേവിങ്‌ ടൈം 1974 ഒക്ടോബർ 27-ന് അവസാനിപ്പിച്ചു. വീണ്ടും 1975 ഫെബ്രുവരി 23-ന് ആരംഭിച്ച് 1975 ഒക്ടോബർ 26-ന് അവസാനിക്കുകയും ചെയ്തു.യു.എസിലെ ചിട്ടയില്ലാത്ത ഡേലൈറ്റ് സേവിംഗ് ടൈം നടപ്പാക്കൽ വലിയ പൊരുത്തക്കേടുകൾക്ക് കാരണമായി. പല ബിസിനസ് സ്ഥാപനങ്ങളും കൃത്യമായ സമയ ക്രമം ആവശ്യപ്പെട്ടു. സമയത്തിന്റെ ഏകീകരണത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. പ്രസ്തുത കമ്മിറ്റി നടത്തിയ സർവേയിൽനിന്നും ജനങ്ങളുടെ ചിന്താക്കുഴപ്പം വെളിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ന്യൂയോർക് ടൈംസ്, ഡേ ലൈറ്റ് സേവിങ് ടൈമിന്റെ ഏകീകരണത്തെ പിന്താങ്ങി. ആശയക്കുഴപ്പം പരിഹരിക്കാനായി കോൺഗ്രസ് മുൻകൈയെടുത്തു. പല വർഷങ്ങളിലും പല സമയങ്ങളും മാറി മാറി പരീക്ഷിച്ചു. 1986ൽ 'യൂണിഫോം ടൈം ആക്ട്' നിലവിൽ വന്നു. ഇപ്പോഴത്തെ സമയക്രമം നിയമത്തിൽ വന്നത് 2005ലും നടപ്പിലാക്കിയത് 2007 ലുമാണ്.

അമേരിക്കയിൽ മാത്രമല്ല കാനഡയും പല യൂറോപ്യൻ രാജ്യങ്ങളും ഡേ ലൈറ്റ് സേവിങ് ടൈം നടപ്പാക്കിയിട്ടുണ്ട്. അമേരിക്കയിൽ 'വൈകുന്നേര'ങ്ങളില്ലാത്ത നാല് മാസം കടന്ന് പോകുന്നു. അഞ്ച് മണിക്ക് തന്നെ ഇരുട്ടിത്തുടങ്ങുന്ന അതിശൈത്യ ദിനങ്ങൾക്ക് ഇനി വിട. ഋതുഭേദങ്ങൾ മനുഷ്യന്റെ ജീവിതത്തിൽ എത്ര സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിന്റെ തെളിവുമായി 'ഡേ ലൈറ്റ് സേവിങ് ടൈം' നിലനിൽക്കുന്നു. മാറ്റം ഒരു മണിക്കൂർ മാത്രമാണെങ്കിൽ പോലും അതുമായി പൊരുത്തപ്പെടാനുള്ള മനുഷ്യന്റെ തത്രപ്പാടും തുടരുന്നു!

കുറിപ്പ്: രാത്രി ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷകരമാണ് മാര്‍ച്ച് മാസത്തെ സമയമാറ്റം. കാരണം പന്ത്രണ്ട് മണിക്കൂര്‍ ജോലി ചെയേണ്ടവര്‍ പതിനൊന്ന് മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയാവും. എന്നാല്‍ പന്ത്രണ്ട് മണിക്കൂറിന്റെ വേതനം ലഭിക്കുന്നു. അതേസമയം നവംബറിലെ സമയ മാറ്റത്തില്‍ ഒരു മണിക്കൂര്‍ കൂടുതല്‍ അതായത് പതിമൂന്ന് മണിക്കൂര്‍ ജോലി ചെയ്യേണ്ടതായി വരുന്നു. പക്ഷേ, പതിമൂന്ന് മണിക്കൂറിന്റെയും വേതനം ലഭിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.