മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ രണ്ടു പ്രധാന നഗരങ്ങളില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു.
സൗത്ത് ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ അഡ്ലെയ്ഡിലും വിക്‌ടോറിയ തലസ്ഥാനമായ മെല്‍ബണിലുമാണ് അക്രമസംഭവങ്ങളുണ്ടായത്.
അഡ്ലെയ്ഡ് സിബിഡിയിലെ ഒരു പബ്ബില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തിലും കത്തിക്കുത്തിലും ആറ് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലാവുകയും പബ്ബില്‍നിന്ന് വെട്ടുകത്തിയും വടിവാളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
റോയല്‍ അഡ്ലെയ്ഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറ് പേരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെയാണ് ഗ്രെന്‍ഫെല്‍ സ്ട്രീറ്റിലെ പ്രൊഡ്യൂസേഴ്സ് ബാറില്‍ സംഘര്‍ഷമുണ്ടായതായി പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ സംഭവസ്ഥലത്തേക്കു കുതിച്ചു. പോലീസ് എത്തുമ്പോഴേക്കും കുത്തേറ്റ് ഗുരുതര പരിക്കുകളോടെ നിരവധി പേരെ കണ്ടെത്തി.
അക്രമം നടത്തിയവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അനാശാസ്യം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തവരില്‍ 18 വയസുകാരനും ഉള്‍പ്പെടുന്നു.
സംഘര്‍ഷത്തിനു കാരണം വ്യക്തമായിട്ടില്ല. പോലീസിലെ ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്സാണ് കേസ് അന്വേഷിക്കുന്നത്.
അതിനിടെ, മെല്‍ബണില്‍ ഇന്നലെ രാത്രിയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. കോബര്‍ഗ് നോര്‍ത്തിലെ എലിസബത്ത് സ്ട്രീറ്റില്‍ പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ ആക്രമണത്തില്‍ ഒരു കൗമാരക്കാരന്‍ മരിച്ചു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ ജീവനക്കാര്‍ അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ കൗമാരക്കാരന്‍ മരിച്ചു.
പുലര്‍ച്ചെ 3:20-നുണ്ടായ മറ്റൊരു സംഭവത്തില്‍ ഡോക്ലാന്‍ഡിലെ ബര്‍ക്ക് സ്ട്രീറ്റില്‍ 20 വയസുള്ള രണ്ട് പേര്‍ക്ക് കുത്തേറ്റു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനകം ഒരാള്‍ മരിച്ചു. മറ്റേയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
കോബര്‍ഗ് നോര്‍ത്ത്, ഡോക്ക്ലാന്‍ഡ്സ് സംഭവങ്ങളെക്കുറിച്ച് പോലീസ് ഡിറ്റക്ടീവുകള്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് ആക്ടിംഗ് സൂപ്രണ്ട് ട്രോയ് പറഞ്ഞു.
നേരത്തെ, മെല്‍ബണ്‍ സിബിഡിയിലെ ഫ്‌ലിന്‍ഡേഴ്സ് സ്ട്രീറ്റ് റെയില്‍വേ സ്റ്റേഷനു സമീപം പുലര്‍ച്ചെ ഒരു മണിക്ക് നടന്ന ആക്രമണത്തില്‍ 15 വയസുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് കൗമാരക്കാര്‍ക്കെതിരെ കേസെടുത്തു.
സംഘട്ടനങ്ങള്‍ പതിവായ സാഹചര്യത്തില്‍ സിബിഡിയിലും സമീപ പ്രദേശങ്ങളിലും പട്രോളിംഗ് ശക്തമാക്കുമെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു
ശനിയാഴ്ച പുലര്‍ച്ചെ 3:40 ന് ഫിറ്റ്സ്റോ മേഖലയിൽ പാകിസ്ഥാന്‍ സ്വദേശിയായ ഡ്രൈവറെ രണ്ടു യാത്രക്കാര്‍ കുത്തി. യാത്രക്കാര്‍ ഇയാളുടെ കാര്‍ മോഷ്ടിക്കുന്നതിനിടെയാണ് ഡ്രൈവറെ കുത്തിയത്. തുടര്‍ന്ന് ഇയാളെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വിക്ടോറിയ പോലീസ് പറയുന്നു.
ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണം ചെയ്തതായി മെല്‍ബണിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.