'ഉക്രെയ്‌നു മേലുള്ള ആധിപത്യത്തിന് റഷ്യയെ ചൈന സഹായിക്കരുത് ':കര്‍ശന മുന്നറിയിപ്പുമായി അമേരിക്ക

'ഉക്രെയ്‌നു മേലുള്ള ആധിപത്യത്തിന് റഷ്യയെ ചൈന സഹായിക്കരുത് ':കര്‍ശന മുന്നറിയിപ്പുമായി അമേരിക്ക



വാഷിംഗ്ടണ്‍ : ഉക്രെയ്ന്‍ അധിനിവേശത്തിന് റഷ്യയെ സഹായിച്ചാല്‍ ചൈനയ്ക്ക് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അമേരിക്ക. ചൈനയോട് റഷ്യ സൈനിക സഹായം ആവശ്യപ്പെട്ടതായുള്ള വിവരം ഏതാനും യു എസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സികളോട് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് വൈറ്റ് ഹൗസില്‍ പ്രതിദിന പത്രസമ്മേളനത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ശക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കിയത്.

യു.എസില്‍ നിന്നുള്ള തെറ്റായ വിവരമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഈ ആരോപണത്തെ വിശേഷിപ്പിച്ചതെങ്കിലും സംഭവം ഗൗരവതരമായാണ് അമേരിക്ക കാണുന്നത്.വാഷിംഗ്ടണ്‍ അധികൃതരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ പറയുന്നത്, റഷ്യ അടുത്ത ദിവസങ്ങളില്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സൈനിക ഉപകരണങ്ങള്‍ക്കായി ചൈനയോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നുവെന്നാണ്. കടുത്ത ശൈത്യമേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള സൈനികരുടെ സേവനം ലഭ്യമാക്കണമെന്നും അഭ്യര്‍ത്ഥിച്ചതായി പറയപ്പെടുന്നു. ഒപ്പം ചൈനയോട് ആയുധങ്ങളും ചോദിച്ചെന്നാണ് വിവരം.

ഏഷ്യന്‍ മേഖലയില്‍ ക്വാഡ് സഖ്യത്തിലൂടെ ചൈനയെ വളയാന്‍ അമേരിക്ക നടത്തുന്ന ശ്രമവും റഷ്യയെ പിന്തുണയ്ക്കുന്നതില്‍ ചൈനയ്ക്ക് ഊര്‍ജ്ജം പകരുകയാണ്. ഉക്രെയ്ന്‍ വിഷയത്തില്‍ ചൈനീസ് സ്ഥാനപതിയെ വിളിച്ചുവരുത്തി തങ്ങളുടെ അനിഷ്ടം അമേരിക്ക രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ, ചൈനയുടെ ഉന്നത തീരുമാനങ്ങള്‍ എടുക്കുന്ന പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും സെന്‍ട്രല്‍ ഫോറിന്‍ അഫയേഴ്‌സ് കമ്മീഷന്‍ തലവനുമായ യാങ് ജിയേച്ചിയുമായി സള്ളിവന്‍ റോമില്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. റഷ്യയ്ക്കുള്ള പിന്തുണ വര്‍ധിപ്പിച്ചാല്‍ ചൈന നേരിടേണ്ടിവരുന്ന അനന്തരഫലങ്ങളും ഒറ്റപ്പെടലും കൂടിക്കാഴ്ചയില്‍ സള്ളിവന്‍ വിശദീകരിക്കുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കടുത്ത സാമ്പത്തിക ഉപരോധത്തില്‍ വിഷമിക്കുന്ന റഷ്യ ഇതുമായി ബന്ധപ്പെട്ട് സ്വകാര്യമായി ബീജിംഗുമായി ആശയവിനിമയം നടത്തുന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്ന് വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തില്‍ സള്ളിവന്‍ പറഞ്ഞു.'അത് മുന്നോട്ട് പോകാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ലോകത്തെവിടെയും ഏത് രാജ്യത്തുനിന്നും ഈ സാമ്പത്തിക ഉപരോധങ്ങളില്‍ നിന്ന് റഷ്യക്ക് രക്ഷപ്പെടലിനുള്ള പഴുത് ഉണ്ടാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല,'- അദ്ദേഹം പറഞ്ഞു.

അധിനിവേശം സംഭവിക്കുന്നതിന് മുമ്പ് തന്നെ റഷ്യന്‍ നേതാവ് വ്ളാഡിമിര്‍ പുടിന്‍ 'എന്തെങ്കിലും ആസൂത്രണം ചെയ്യുകയാണെന്ന്' ചൈനയ്ക്ക് അറിയാമായിരുന്നുവെന്ന് അമേരിക്ക വിശ്വസിക്കുന്നതായി സള്ളിവന്‍ പറഞ്ഞു.പക്ഷേ, ബീജിംഗിന് 'അതിന്റെ പൂര്‍ണ്ണ വ്യാപ്തി മനസ്സിലായിട്ടുണ്ടാകില്ല' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കാരണം പുടിന്‍ യൂറോപ്യന്മാരോടും മറ്റുള്ളവരോടും കള്ളം പറഞ്ഞതുപോലെ അവരോടും കള്ളം പറയാന്‍ സാധ്യതയുണ്ട്'.

ഉരുണ്ടുകളി തുടര്‍ന്ന് ചൈന

അതേസമയം, അമേരിക്ക തെറ്റായ വിവരങ്ങളാണ് തങ്ങളുടെ കാര്യത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ബീജിംഗിലെ വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.ചൈനയുടെ നിലപാട് എന്നും സ്ഥിരതയുള്ളതാണെന്നും ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ചൈന ക്രിയാത്മകമായ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ അധിനിവേശത്തെ അപലപിക്കുന്നതില്‍ നിന്ന് ചൈന ഇതുവരെ വിട്ടുനില്‍ക്കുകയും മോസ്‌കോയുടെ 'നിയമപരമായ സുരക്ഷാ ആശങ്കകള്‍' ഗൗരവമായി കാണണമെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നത് തികച്ചും സംശയാസ്പദമാണെന്ന നിലപാടാണ് അമേരിക്കയ്ക്കുള്ളത്. ബെയ്ജിംഗ് ഉക്രെയ്‌നിന്റെ പരമാധികാരത്തിന് 'അചഞ്ചലമായ പിന്തുണ' പ്രഖ്യാപിക്കുന്നുമുണ്ട. അതിനിടെയാണ് സമാധാനത്തിന് ആഹ്വാനം ചെയ്യുകയും നയതന്ത്രത്തിലൂടെ യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കാന്‍ തയ്യാറാണെന്ന് പറയുകയും ചെയ്യുന്നത്്. റഷ്യയുടെ അധിനിവേശം തടയാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് പല രാജ്യങ്ങളും ചൈനയോട് ആവശ്യപ്പെടുന്നതിനിടെയാണിത്.

ഇതിനിടെ, ഉക്രെയ്‌നുമായുള്ള യുദ്ധത്തില്‍ ഉയര്‍ന്ന അപ്രതീക്ഷിത സമ്മര്‍ദ്ദം കുറയ്ക്കാന്‍ റഷ്യ ഇറക്കുന്ന തന്ത്രത്തിന്റെ ഭാഗമായാണ് ചൈനയോടുള്ള സഹായാഭ്യര്‍ത്ഥനയെന്ന നിരീക്ഷണവുമുണ്ട്. അമേരിക്കയെ കൂടുതല്‍ രോഷാകുലരാക്കാനുള്ള താല്‍പ്പര്യം ചൈനയ്ക്കുമുണ്ട്.

അതേസമയം, റഷ്യ സൈനിക-ആയുധസഹായം ആവശ്യപ്പെട്ടെന്ന അമേരിക്കയുടെ വാദം ചൈന തള്ളി. നിലവില്‍ റഷ്യന്‍ മേഖലയിലുണ്ടായിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ ആശങ്കയുണ്ട്. ഇരുരാജ്യങ്ങളിലേയും പ്രശ്നങ്ങള്‍ കൂടുതല്‍ നാശങ്ങളില്ലാതെ പരിഹരി ക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും അമേരിക്കയിലെ ചൈനീസ് എംബസി വക്താവ് ലിയു പെന്‍ഗ്യൂ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.