പാചകം പാഷന്‍ ആയപ്പോള്‍ പിറന്ന 'എന്‍ജിനീയേഴ്സ് വെജ് ബിരിയാണി' !

പാചകം പാഷന്‍ ആയപ്പോള്‍ പിറന്ന 'എന്‍ജിനീയേഴ്സ് വെജ് ബിരിയാണി' !

ചിലര്‍ക്ക് പാചകം ഉപജീവന മാര്‍ഗ്ഗമാണ്, എന്നാല്‍ മറ്റുള്ളവര്‍ക്ക് പാചകം പാഷന്‍ കൂടിയാണ്. ഹരിയാന സ്വദേശികളായ എഞ്ചിനീയര്‍മാരായ രോഹിത് സൈനിയും വിശാല്‍ ഭരദ്വാജും തങ്ങളുടെ ജോലി ഉപേക്ഷിച്ചാണ് പാഷന് പിന്നാലെ പോയത്. സോനെപട്ടില്‍ ജോലി ചെയ്യുമ്പോഴും രോഹിത്തിന്റെ മനസ് മുഴുവന്‍ പാചകത്തിലായിരുന്നു.

സുഹൃത്ത് വിശാല്‍ കൂടി ഒപ്പം ചേര്‍ന്നതോടെ ആ സ്വപ്നം യാഥാര്‍ത്ഥ്യമായി. ദിവസവും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ചെയ്ത് വന്നിരുന്ന ഓഫീസ് ജോലി ഇരുവരും ഉപേക്ഷിച്ചു. രുചികരമായ ബിരിയാണി വിളമ്പുന്ന ഒരു ഫുഡ് സ്റ്റാള്‍ തുടങ്ങുകയായിരുന്നു അതിന്റെ പിന്നിലെ ലക്ഷ്യം.

അവര്‍ നോര്‍ത്ത് ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍ ഒരു ഷോപ്പ് തുടങ്ങി 'എന്‍ജിനീയേഴ്സ് വെജ് ബിരിയാണി'. തന്റെ പാഷന്‍ എപ്പോഴും ഭക്ഷണത്തോടാണെന്ന് രോഹിത് എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം തന്റെ സ്വന്തം കുക്കറി ചാനല്‍ യൂട്യൂബില്‍ ആരംഭിച്ചു. എനിക്ക് കുക്കിംഗ് വിത്ത് രോഹിത് എന്നൊരു യൂട്യൂബ് ചാനലുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ അതില്‍ പാചകക്കുറിപ്പുകള്‍ ഇടുമെന്ന് രോഹിത് പറഞ്ഞു.

തന്റെ അതേ രീതിയില്‍ ചിന്തിക്കുന്ന വിശാലിനെ കൂടി കണ്ടെത്തിയതോടെ രോഹിത്തിന്റെ ആഗ്രഹങ്ങള്‍ക്ക് ചിറക് മുളക്കുകയായിരുന്നു. രോഹിത്ത് ബിരിയാണിയുണ്ടാക്കും. വിശാല്‍ ഷോപ്പ് മാനേജ് ചെയ്യും. പ്രാദേശിക റെസ്റ്റോറന്റുകളില്‍ മാത്രം ലഭിക്കുന്ന വളരെ ജനപ്രിയമായ വിഭവമാണ് എന്നതാണ് നിരവധി ഭക്ഷണങ്ങളുണ്ടായിട്ടും ഇരുവരും ബിരിയാണി തെരഞ്ഞെടുത്തതിന് പിന്നില്‍. ഉയര്‍ന്ന വിലയ്ക്ക് സോനെപത് റെസ്റ്റോറന്റുകളില്‍ മാത്രമേ ബിരിയാണി ലഭ്യമാകൂ. അതിനാല്‍ റെസ്റ്റോറന്റ് ശൈലിയിലുള്ള ബിരിയാണി മിതമായ നിരക്കില്‍ നല്‍കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

ആചാരി ബിരിയാണിയും ഗ്രേവി ചാപ് ബിരിയാണിയുമാണ് എന്‍ജിനീയേഴ്സ് വെജ് ബിരിയാണി ഷോപ്പില്‍ ലഭിക്കുന്നത്. ഒരു ഫുള്‍ പ്ലേറ്റ് ആചാരി ബിരിയാണിക്ക് 50 രൂപയാണ്. ഹാഫ് പ്ലേറ്റിന് 30 രൂപയും. ഗ്രേവി ചാപ് ബിരിയാണിയുടെ വില 70 രൂപ. ഷോപ്പ് തുടങ്ങിയിട്ട് അധിക നാള്‍ ആയിട്ടില്ല എന്നതിനാല്‍ വരുമാനം ലഭിക്കാന്‍ സമയമെടുക്കും. നിലവില്‍ ലാഭമെന്നോ നഷ്ടമെന്നോ പറയാനാകില്ല. എന്നാല്‍ ഇഷ്ടപ്പെടുന്ന തൊഴില്‍ ചെയ്യുന്നതില്‍ സന്തുഷ്ടരാണ് തങ്ങളെന്ന് ഇരുവരും പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.