ഇത് വികസനമല്ല... അധികാരപ്രമത്തതയുടെ അധിനിവേശമാണ്

ഇത് വികസനമല്ല... അധികാരപ്രമത്തതയുടെ അധിനിവേശമാണ്

നഹിതമറിഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഭരണകൂടം കെ റെയിലിന്റെ പേരില്‍ പൊലീസിനെ ഉപയോഗിച്ചു നടത്തുന്ന തേര്‍വാഴ്ച അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന കൊടും ഭീകരതയായി മാറുകയാണ്. തങ്ങള്‍ക്ക് വേണ്ടേ വേണ്ട എന്ന് ജനങ്ങള്‍ പറയുന്ന കെ റെയില്‍ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന പിണറായിയുടെ പിടിവാശി കേരളത്തെ ചോരക്കളമാക്കി മാറ്റുകയാണ്.

കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍... ഇന്നലെ ചങ്ങനാശേരി മാടപ്പള്ളിയില്‍.... ഇന്ന് കോഴിക്കോട് കല്ലായിയില്‍... അങ്ങനെ സംഘര്‍ഷ കാഴ്ചകള്‍ പതിവായിരിക്കുകയാണ്. അഞ്ചു വയസുള്ള കുഞ്ഞു മുതല്‍ തൊണ്ണൂറു കഴിഞ്ഞ വയോധികര്‍ വരെ പ്രതിഷേധവുമായി തെരുവിലാണ്. അവിടെ നിന്നുയരുന്ന നിലവിളികള്‍ക്ക് കൊടിയുടെ നിറമില്ല... ജാതി മത വ്യത്യാസങ്ങളില്ല. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധതയെന്ന പതിവ് പല്ലവിയൊന്നും പറഞ്ഞ് നിസാരവല്‍ക്കരിക്കാവുന്നതല്ല ഈ പ്രതിഷേധ സമരങ്ങള്‍.

റഷ്യയുടെ ഉക്രെയ്ന്‍ യുദ്ധവും കേരളത്തിലെ കെ റെയില്‍ കല്ലിടലും തമ്മില്‍ കാര്യപ്പെട്ട വ്യത്യാസങ്ങളില്ല. രണ്ടും അധിനിവേശം തന്നെ. അവിടെ പട്ടാളം കൊന്നൊടുക്കുമ്പോള്‍ ഇവിടെ പൊലീസ് തല്ലിയൊതുക്കുന്നു. രണ്ടിടത്തും അരങ്ങേറുന്നത് മനുഷ്യാവകാശങ്ങള്‍ക്കു മേലുള്ള പച്ചയായ കടന്നു കയറ്റമാണ്. രണ്ട് സെന്റ് സ്ഥലത്ത് ചെറിയ കൂരകെട്ടി താമസിക്കുന്നവന്റെ അടുക്കളയില്‍ വരെയാണ് സര്‍വ്വേക്കല്ല് സ്ഥാപിക്കുന്നത്.

മാടപ്പള്ളിയില്‍ മാടപ്രാവിനെപ്പോലെ നിഷ്‌ക്കളങ്കയായ ഒരു അഞ്ചു വയസുകാരി ഏങ്ങലടിച്ച് കരയുന്നത് ഇന്നലെ കേരളം കണ്ടു. ഇരട്ടച്ചങ്കില്ലാത്ത ആരുടെയും നെഞ്ചുലയ്ക്കുന്ന കാഴ്ചയായിരുന്നു അത്. കെ റെയില്‍ എന്തെന്ന് അവള്‍ക്കറിയില്ല. അവളുടെ അമ്മയെ പൊലീസുകാര്‍ നിലത്തിട്ട് വലിച്ചിഴച്ചു കൊണ്ടുപോയതാണ് അവളെ വേദനിപ്പിച്ചത്.

കോഴിക്കോട്ടുള്ള വല്യമ്മയുടെ ഹൃദയം പൊട്ടിയുള്ള നിലവിളിയും കണ്ടു നില്‍ക്കാനാവില്ല. ആകെയുള്ള സമ്പാദ്യമെല്ലാം ചേര്‍ത്തു വച്ചുണ്ടാക്കിയ കൊച്ചു വീട്. ഇവിടെ സ്ഥലമെടുപ്പ് ബാധിക്കില്ലെന്ന് പറഞ്ഞാണ് കോര്‍പറേഷന്‍ അധികൃതര്‍ നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കിയത്. പുതിയ വീട്ടില്‍ കിടന്ന് കൊതി തീര്‍ന്നില്ല. അവിടെയും വീണു കെ റെയിലിന്റെ അധിനിവേശക്കല്ല്. അങ്ങനെ എത്രയെത്ര സങ്കടക്കാഴ്ചകള്‍.

മലപ്പുറം ജില്ലയിലെ തിരൂര്‍ മുതല്‍ പദ്ധതി അവസാനിക്കുന്ന കാസര്‍കോട് വരെ നിലവിലെ പാതക്ക് സമാന്തരമായാണ് കെ റെയില്‍ പാത പോകുന്നതെന്നും അതിനാല്‍ വലിയ തോതില്‍ ഏറ്റെടുക്കലുണ്ടാകില്ലെന്നുമാണ് മലബാറിലെ വിവിധ ജില്ലകളില്‍ വിളിച്ചു ചേര്‍ത്ത പൗര പ്രമുഖരുടെ യോഗങ്ങളില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാല്‍ കോഴിക്കോട് നിലവിലുള്ള റെയില്‍ പാതയില്‍ നിന്ന് 50 മീറ്റര്‍ അകലെ നിര്‍മാണം പൂര്‍ത്തിയായികൊണ്ടിരിക്കുന്ന വീടുകളിലും ബുധനാഴ്ച കെ റെയില്‍ കല്ലു വീണു.

ഇപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത, കടലാസിലും വാചക കസര്‍ത്തിലും മാത്രമുള്ള ഒരു പദ്ധതിക്കു വേണ്ടിയാണ് പൊലീസിനെ ഉപയോഗിച്ച് ജനങ്ങളുടെ ജീവനോപാധികള്‍ക്കും കിടപ്പാടങ്ങള്‍ക്കും മേല്‍ ഭരണകൂട ഭീകരത അരങ്ങേറുന്നത്. കെ റെയില്‍ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന തത്ത്വാധിഷ്ഠിത അനുമതിയുടെ പേരില്‍ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് ബുധനാഴ്ചയും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനുമതി നല്‍കിയിരിക്കുന്നത് സാധ്യതാ പഠനം, സര്‍വേ, പദ്ധതി റിപ്പോര്‍ട്ട് തുടങ്ങിയവ തയാറാക്കാനാണെന്നും മന്ത്രി പറഞ്ഞു.

എന്നിട്ടും അധികാര ഗര്‍വ്വിന്റെ അധിനിവേശക്കുറ്റി ജനങ്ങളുടെ നെഞ്ചില്‍ തന്നെ തറയ്ക്കുകയാണ്. ഇത് ഒരു ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചു വേണം വികസനം നടപ്പിലാക്കുവാന്‍. ജനങ്ങളോടുള്ള യുദ്ധം നിര്‍ത്തി അവരുമായി തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണം. ജനഹിതം എതിരാണെങ്കില്‍ പദ്ധതി ഉപേക്ഷിക്കുക തന്നെ വേണം.

ജനങ്ങള്‍ക്ക് വേണ്ടാത്ത വികസനത്തിന് സര്‍ക്കാര്‍ ഇത്ര പിടിവാശി കാണിക്കുന്നത് എന്തിനു വേണ്ടി എന്ന പൊതു ചോദ്യത്തിന് കൃത്യമായ മറുപടി പറയേണ്ടതുണ്ട്. അല്ലെങ്കില്‍ ശത കോടികളുടെ ഈ പദ്ധതി കമ്മീഷനടിക്കാനുള്ള ചിലരുടെ നീക്കത്തിന്റെ ഭാഗമാണെന്ന് ജനങ്ങള്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.