ബൈഡനും ഷി ജിന്‍പിങും ഫോണില്‍ സംസാരിച്ചു; ഉത്തരവാദിത്തങ്ങള്‍ പങ്കിടണമെന്ന് ഷി ജിന്‍പിങ്

ബൈഡനും ഷി ജിന്‍പിങും ഫോണില്‍ സംസാരിച്ചു; ഉത്തരവാദിത്തങ്ങള്‍ പങ്കിടണമെന്ന് ഷി ജിന്‍പിങ്

ബെയ്ജിംഗ്: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം എല്ലാ പരിധികളും ലംഘിച്ച് മുന്നേറുമ്പോള്‍ വിഷയത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ ഒരു മണിക്കൂറിലേറെ ഫോണില്‍ സംസാരിച്ചു. യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും ചൈനയും യു.എസും അന്താരാഷ്ട്ര തലത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും ഷി ജിന്‍പിങ് പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു.

1.50 മണിക്കൂര്‍ നീണ്ട ഫോണ്‍ കോളില്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായതായാണ് വിവരം. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ സൈനിക ശത്രുതയുടെ ഘട്ടത്തിലേക്കു പോകരുതെന്ന് ഷി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ അധിനിവേശത്തെ അപലപിക്കുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പം ചേരാന്‍ ചൈനയെ സമ്മര്‍ദത്തിലാക്കാനായിട്ടാണ് ഫോണ്‍ സംഭാഷണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

'ചൈനയും അമേരിക്കയും അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. സമാധാനവും സുരക്ഷയുമാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ഏറ്റവും മൂല്യവത്തായ നിധികള്‍'-ഷി പറഞ്ഞു. അതേസമയം, ഉക്രെയ്‌നിനെതിരായ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ആക്രമണത്തെ ഷി വിമര്‍ശിച്ചിട്ടുണ്ടോ അതോ ക്രെംലിനില്‍ യു.എസ് നേതൃത്വത്തില്‍ സമ്മര്‍ദം ചെലത്തുന്നതിനെ പിന്തുണയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചോ എന്ന് വ്യക്തമല്ല.

'തങ്ങളുടെ ഭാവി അമേരിക്കയ്ക്കും യൂറോപ്പിനും ലോകമെമ്പാടുമുള്ള മറ്റ് വികസിത, വികസ്വര രാജ്യങ്ങള്‍ക്കുമൊപ്പമാണെന്ന് ചൈന മനസിലാക്കണം. വ്‌ളാഡിമിര്‍ പുടിനൊപ്പം നില്‍ക്കുക എന്നതല്ല-യു.എസ്. ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെന്‍ഡി ഷെര്‍മാന്‍ വെള്ളിയാഴ്ച സി.എന്‍.എന്നിനോട് പറഞ്ഞു.

ചൈന റഷ്യയെ തള്ളി പറയണം എന്നതാണ് യു.എസിന്റെ ആവശ്യം. ഇതിനുള്ള സമ്മര്‍ദ്ദങ്ങള്‍ തുടരുകയാണ്. അതേസമയം, റഷ്യക്ക് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈന.

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യ നയതന്ത്രജ്ഞനായ യാങ് ജിയേച്ചിയും ഈ ആഴ്ച റോമില്‍ നടത്തിയ ഏഴ് മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഷ്ട്രതലവന്‍മാരുടെ ഫോണ്‍ സംഭാഷണം.

ചൈന റഷ്യയ്ക്ക് സാമ്പത്തികവും സൈനികവുമായ പിന്തുണ നല്‍കുമെന്ന് വാഷിംഗ്ടണ്‍ ഭയപ്പെടുന്നുണ്ട്. തായ്വാനുമായി ബന്ധപ്പെട്ട് ഇതിനകം തീവ്രമായ യുഎസ്-ചൈനീസ് പിരിമുറുക്കങ്ങളുടെയും വ്യാപാര തര്‍ക്കങ്ങളുടെയും പശ്ചാത്തലത്തില്‍ കൂടിയാണ് റഷ്യന്‍ വിഷയത്തില്‍ ബൈഡനും ഷീയും സംസാരിച്ചതെന്നത് ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.