തൈരും പഴോം പഞ്ചാരേം - നസ്രാണി കല്യാണ സദ്യ വട്ടത്തിന്റെ രുചിയൂറുന്ന ഓർമ്മകൾ

തൈരും പഴോം പഞ്ചാരേം -  നസ്രാണി കല്യാണ  സദ്യ വട്ടത്തിന്റെ രുചിയൂറുന്ന ഓർമ്മകൾ

"എടീ കുഞ്ഞോളെ .. മണവാളൻ ചെറുക്കന്റെ പേര് എന്തുവാടി??? "

കൊച്ചുമോളുടെ കൈ പിടിച്ചു കല്യാണത്തിൽ പങ്കെടുക്കാൻ പള്ളിയിലേക്ക് നടക്കുന്നതിനിടയിൽ ചിന്നചേടത്തി ചോദിച്ചു..

"ആഷ്ലി എന്നാ ഇന്നമ്മച്ചി.... അങ്ങ് ദുബായിൽ ആണ് ജോലി.. "

ചിന്നച്ചേടത്തിയുടെ മോന്റെ മോൾ ആണ് ആൻ മരിയ.. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു.. കുഞ്ഞോൾ എന്നാണ് എല്ലാരും വിളിക്കുന്നെ... വല്യമ്മച്ചിയെ ഇന്നമ്മച്ചി എന്നാ കുഞ്ഞോൾ വിളിക്കുന്നെ...

എന്റെ മുണ്ടിന്റെ ഞൊറി ഒന്ന് നോക്കിക്കേടീ.. ശരിയാണൊന്നു??

ഈ ഇന്നമ്മച്ചിക്കു എന്നാ... ഇതൊക്കെ മതി..
കുഞ്ഞോൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

നീ ഒന്ന് പോടീ.. ഇന്നാള് ആ മാത്തൂന്റെ മോൾടെ കല്യാണത്തിന് പോയപ്പോൾ ആ മേരിപ്പെണ്ണ് എന്റെ മുണ്ടിന്റെ ഞൊറി നോക്കി ചിരിക്കുന്നത്‌ ഞാൻ കണ്ടതാ... എന്തേലും കുറ്റം നോക്കിയിരിക്കുവാ ആ പണ്ടാരം... അവളോട് ഇന്ന് രണ്ടെണ്ണം പറയണം.. നീ ശരിക്ക് നോക്ക് കുഞ്ഞോളെ..

ചട്ടയും മുണ്ടും നേര്യതും കാതിൽ വലിയ കുണുക്കും ഇട്ട് പോകുമ്പോൾ ചിന്നചേടത്തി പറയും.. നമ്മൾ നസ്രാണികൾക്കു ചട്ടയും മുണ്ടും ആണ് നല്ലത്.. ഇപ്പോളത്തെ പെണ്ണുങ്ങൾ എല്ലാം സാരിയല്ലേ... നസ്രാണി ഏതാ നായർ ഏതാ എന്ന് അറിയുകപോലുമില്ല..

ഒന്ന് മിണ്ടാതിരി ഇന്നമ്മച്ചി... ഇപ്പൊ ആരാ ചട്ടയും മുണ്ടും ഉടുക്കുന്നത്... അതൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആണ്...

ഓ.. മൊട്ടേന്നു വിരിഞ്ഞില്ല.. ഒരു ഫാഷൻ കാരി... മിണ്ടാതെ കൂടെ വന്നോണം...

ചിന്നമ്മ കുഞ്ഞോളെ ശാസിച്ചു.. സ്നേഹത്തോടെ...

ആ ചൊമന്ന പൂക്കൾ തുന്നിയ നേര്യത് മതിയാരുന്നു... കഴിഞ്ഞ കല്യാണത്തിനും ഈ നേര്യത് തന്നെ ആണ് ഇട്ടത്.. ആ മേരിപ്പെണ്ണ് ഇന്ന് അതായിരിക്കും നോക്കുന്നെ...
മാറിയെടുക്കാൻ നോക്കിയതാ.. അതെങ്ങനാ, നിന്റെ മമ്മി അതെല്ലാം കൂടി ഏതോ അലമാരിയിൽ കൊണ്ട് വച്ചിരിക്കുവാ.. ഒരാവശ്യത്തിന് നോക്കിയാൽ കാണുകേം ഇല്ല..

എന്റെ പൊന്ന് ഇന്നമ്മച്ചി.. ഇത് മതി... ഈ നേര്യത് ഒക്കെ ആരാ ഇപ്പൊ നോക്കുന്നെ..
കുഞ്ഞോൾക്കു ദേഷ്യം വരാൻ തുടങ്ങി..

ആ മറിയകുട്ടീം ഒലാമ്മേം നേരത്തെ പോയെടീ???

ആ...പോയിക്കാണും ഇന്നമ്മച്ചി.. പെണ്ണിനെ കാണാൻ അവര് നേരത്തെ ഇറങ്ങി കാണും.. ഞാൻ പറഞ്ഞതല്ലേ ഇച്ചിരി നേരത്തെ ഇറങ്ങാം എന്ന്.. അതെങ്ങനാ ഇന്നമ്മച്ചിയുടെ ഒരുക്കം കണ്ടാൽ കെട്ടാൻ പോകുന്നത്‌ ഇന്നമ്മച്ചി ആണെന്ന് തോന്നും..

ഈ പെണ്ണ് ഇന്ന് എന്റെ കയ്യീന്ന് മേടിക്കും.. കല്യാണത്തിന് എത്ര പേര് എവിടുന്നൊക്കെ വരുന്നതാ... ഇച്ചിരി വൃത്തീം മെനേം ഒക്കെ വേണം...

മറിയകുട്ടിയുടെ മോൾ പ്രസവിച്ചോ ആവോ?? ഈ ആഴ്ച്ചയാ ഡേറ്റ്.. നിനക്കറിയോ കുഞ്ഞോളെ അവള്ടെ ആൺകുട്ടിയാ !!!

അതെങ്ങനെ ഇന്നമ്മച്ചിക്ക് മനസ്സിലായി??

അതൊക്കെ എനിക്കറിയാമെടി.. കഴിഞ്ഞ ഞായറാഴ്ച പള്ളി വന്നപ്പോ ഞാൻ അവളുടെ വയർ കണ്ടതാ.. അത് ആൺകൊച് തന്നെ..

ഓ... ഈ ഇന്നമ്മച്ചി ഒരു സംഭവം തന്നെ...
കുഞ്ഞോൾ പൊട്ടിച്ചിരിച്ചു...

അവൾക്കു കൊടുക്കാൻ ഇച്ചിരി പശു നെയ് ഉരുക്കി വച്ചിട്ടുണ്ട്.. അതൂടെ എടുക്കാരുന്നു.. മറിയയുടെ കയ്യിൽ കൊടുക്കാരുന്നു..

കല്യാണത്തിന് പോകുമ്പോൾ ആണോ നെയ് കൊണ്ടുപോകുന്നത്‌....മറിയക്കുട്ടി അമ്മ വീട്ടിൽ വന്ന് വാങ്ങിച്ചോളും ഇന്നമ്മച്ചി.. വർത്താനം പറഞ്ഞു നടക്കാതെ വേഗം നടക്ക്.. പെണ്ണ് വീട്ടുകാർ വന്ന് കാണും..

ദൂരെ നിന്നെ മേരിപ്പെണ്ണ് പള്ളിനടയിൽ നിൽക്കുന്നത് കാണാമായിരുന്നു.. ഇന്നമ്മച്ചിയുടെ മുഖം മാറുന്നത് കുഞ്ഞോൾ കണ്ടു..

ചിന്നചേടത്തി താമസിച്ചു പോയോ??? കൂട്ടുകാരികൾ നേരത്തെ വന്നല്ലോ !!!
മേരിപ്പെണ്ണിന്റെ ചോദ്യം കേട്ടതായി നടിക്കാതെ ചിന്നമ്മ മറിയകുട്ടിയുടെയും ഒലാമ്മയുടെയും അടുത്തേക്ക് നടന്നു..
അപ്പോൾ ആണ് മേരിപ്പെണ്ണിന്റെ അടുത്ത ചോദ്യം...

കഴിഞ്ഞമാസത്തെ കല്യാണം കഴിഞ്ഞു ഈ നേര്യത് അലക്കിയില്ലേ ചിന്നചേടത്തി??? ഇച്ചിരി ചെളി പറ്റിയിരിപ്ലുണ്ടല്ലോ????

ഇന്നമ്മച്ചി തന്നെ നോക്കുന്നത് കുഞ്ഞോൾ കണ്ടു.. അവൾ ചിരിയടക്കാൻ പാടുപെട്ടു..

പെട്ടെന്ന് ചിന്നമ്മ തിരിഞ്ഞു നിന്ന് ഒരു ചോദ്യം..

നിന്റെ കെട്ടിയോന്റെ വിവരം ഒന്നും ഇല്ലെടീ ഇതുവരെ????

ചിരിച്ചു നിന്ന മേരിപ്പെണ്ണിന്റെ മുഖം വാടി.. കണ്ണുകൾ ഈറനണിഞ്ഞു... പെട്ടെന്ന് നടകയറി പള്ളിയിലേക്കു പോയി...

നീ എന്തിനാടീ ചിന്നമ്മേ അവളോട് അങ്ങനെ ചോദിച്ചേ??
മറിയക്കുട്ടി ചോദിച്ചു...
കെട്ടിയോൻ ഇട്ടേച്ചു പോയെ പിന്നെ വലിയ കഷ്ടത്തിലാ അവളുടെ കാര്യം.. മൂന്നാല് പിള്ളേരുടെ കാര്യം നോക്കണ്ടേ.. പാവം കൂലിപ്പണിക്ക് പോയാ വീട്ടുചിലവ് ഒക്കെ നടത്തുന്നെ....

ഓ.... എന്നിട്ടും കുറ്റം പറച്ചിലിന് ഒരു കുറവും ഇല്ലല്ലോ???

ഒന്ന് മിണ്ടാതിരിക്കാമോ ഇന്നമ്മച്ചിക്ക്??

ഇന്നമ്മച്ചി പറഞ്ഞത് കുഞ്ഞോൾക്ക് ഇഷ്ടപ്പെട്ടില്ല...

കല്യാണ പെണ്ണ് വന്നോടീ??

വന്നു...ആ കാറിൽ ഇരിപ്പുണ്ട്.. വാ പോയി നോക്കാം..

കാറിന്റെ ബാക്‌സീറ്റിൽ വെള്ള ഗൗണും തലയിൽ നെറ്റും അണിഞ്ഞ സുന്ദരി മണവാളനെ കാത്തിരിപ്പുണ്ട്..

സുന്ദരിയാണല്ലോ... ഓലമ്മ പറഞ്ഞു..

സാരിയാരുന്നു മണവാട്ടിക്കു ചേർച്ച... ഇതിപ്പോ സായിപ്പിന്റെ പുറകെ ആണ് നമ്മുടെ ആൾക്കാർ ഒക്കെ...ഉടുപ്പും നെറ്റും ഒക്കെ.. സ്വർണ്ണം ഒന്നും ഇല്ലതാനും.. കഴുത്തിൽ ഒരു കുഞ്ഞു മാല മാത്രം..

ചിന്നമ്മയ്ക്ക് സഹിച്ചില്ല...

അത് ഡയമണ്ട് ആണ് ഇന്നമ്മച്ചി.. സാരിയേക്കാൾ നല്ലത് ചട്ടയും മുണ്ടും അല്ലാരുന്നോ???

കുഞ്ഞോൾ വല്യമ്മയെ കളിയാക്കി..

ആ.. നിന്റെ കല്യാണത്തിന് നിന്നെ ഞങ്ങൾ ചട്ടയും മുണ്ടും ഉടുപ്പിക്കും..

ഇന്നമ്മച്ചിയുടെ വാക്കുകൾ കേട്ട് കുഞ്ഞോളും കൂടിനിന്നവരും പൊട്ടിച്ചിരിച്ചു..

പതുക്കെ ചിരിക്കെടീ... അല്ലെ തന്നെ ആ കത്തനാർക്കു എന്നെ കണ്ടുകൂടാ..

അത് ഇന്നമ്മച്ചി കുര്ബാനയ്ക്കിടയ്‌ക്കിരുന്നു വർത്താനം പറയുന്നത്കൊണ്ടല്ലേ???

നീ പോടീ കുഞ്ഞോളെ... അങ്ങേരുടെ പ്രസംഗം കേട്ട് മടുക്കുമ്പോൾ അല്ലെ ഞാൻ ഇച്ചിരി വർത്താനം പറയുന്നേ..

വാ പള്ളിയിൽ കേറി ഇരിക്കാം..

കുഞ്ഞോളുടെ കൈപിടിച്ചു അവർ പള്ളിയിലേക്ക് നടന്നു..
കതകിനരികിൽ മേരിപ്പെണ്ണ് നിൽപ്പുണ്ട്..
കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന തൂവാല തുറന്ന് ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്ത് ചിന്നമ്മ കുഞ്ഞോളുടെ കയ്യിൽ കൊടുത്തു..
"നീ ഇത് കൊണ്ടോയി ആ മേരിപ്പെണ്ണിന് കൊട്.. കുറ്റം പറഞ്ഞാലും പാവമാ അവൾ.. "
കുഞ്ഞോൾ ഇന്നമ്മച്ചിയെ സന്തോഷത്തോടെ നോക്കി ചിരിച്ചു.. ഇന്നമ്മച്ചി ഒരു സംഭവം തന്നെ.. അവൾ പറഞ്ഞു..

കുഞ്ഞോൾ കൊടുത്ത നോട്ട് വാങ്ങി മേരിപ്പെണ്ണ് ചിന്നമ്മയെ നോക്കി.. രണ്ടു തുള്ളി കണ്ണുനീർ അവരുടെ കണ്ണിൽ നിന്ന് വീണത് ആരും കാണാതെ അവർ തുടച്ചു.. ഇന്നമ്മച്ചിയുടെ കണ്ണുകൾ നിറയുന്നത് കുഞ്ഞോൾ മാത്രം കണ്ടു..

വർത്താനം പറഞ്ഞും ചിരിച്ചും കല്യാണപ്പെണ്ണിന്റെ കുറ്റം പറഞ്ഞും ഇന്നമ്മച്ചിയും കൂട്ടുകാരും ഇരുന്നപ്പോൾ കുഞ്ഞോൾ വല്യമ്മച്ചിയുടെ മടിയിൽ തലവച്ചു കിടന്നുറങ്ങി..

വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി...
അവസാന പ്രാർത്ഥന ചൊല്ലാൻ തുടങ്ങിയപ്പോൾ കുഞ്ഞോളെ എണീപ്പിച്ചു പുറത്തേയ്ക്കു നടന്നു...

പാരിഷ്ഹാളിൽ ആണ് സദ്യ..

ഇവിടെയും അതാണോ കുഞ്ഞോളെ?? എന്തുവാ ആ കുന്ത്രാണ്ടം??? നമ്മള് പാത്രം ഒക്കെ എടുത്ത് വരിയായി നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നേ??? പള്ളിക്കൂടം പിള്ളേരെ പോലെ....

അതെ ഇന്നമ്മച്ചി... ബുഫേ... ഇവിടെയും അത് തന്നെ...

നല്ല ഒരു സദ്യ ആയിരുന്നെങ്കിൽ....ആ ഏതായാലും വാ... കഴിച്ചേക്കാം.. വാടീ ഓലമ്മേ...

വെള്ളത്തുണി വിരിച്ച മേശകൾ.. അതിൽ വെള്ളകുപ്പികളും ഗ്ലാസുകളും മാത്രം..

ഹാളിന്റെ ഇരുവശത്തും നിരത്തി വച്ചിരിക്കുന്ന വിഭവങ്ങൾ..

നടുക്ക് ദോശക്കല്ലിൽ ആവശ്യക്കാർക്കു ദോശ ഉണ്ടാക്കി കൊടുക്കുന്നു...

ഇതെന്നാടീ കുഞ്ഞോളെ??? ദോശ ആണോ കല്യാണത്തിന്???

അത് ഇപ്പോളത്തെ ഫാഷൻ ആ ഇന്നമ്മച്ചി.. കപ്പയും ചേമ്പും ദോശയും ഒക്കെ ഉണ്ട്..

ഓ.. ഓരോ ഫാഷനെ.... കപ്പയും ചേമ്പും തിന്നാൻ ആണേൽ വീട്ടിൽ ഇരുന്നാ പോരെ..

ഇന്നമ്മച്ചി വാ... നമ്മക്ക് പ്ലേറ്റ് എടുത്ത് ഭക്ഷണം എടുക്കാം...

അപ്പവും മീൻകറിയും ആയിക്കോട്ടെ കുഞ്ഞോളെ.. നീ ഇങ്ങ് മാറ്.. ഞാൻ എടുത്ത് തരാം...
എടാ ചെറുക്കാ... എന്നാ മീൻ ആടാ...

കൗണ്ടെറിൽ നിൽക്കുന്ന പയ്യനോട് ചിന്നമ്മ ചോദിച്ചു..

കിംഗ് ഫിഷ് ആണ് അമ്മച്ചി...

അതെന്നതാടാ... മലയാളത്തിൽ പറ...

അതിപ്പോ അമ്മച്ചി... മലയാളത്തിൽ..
ഡേയ്... ഈ മീനിന്റെ പേര് മലയാളത്തിൽ എന്തുവാടെ?? പയ്യൻ വേറൊരു പയ്യനോട് ചോദിച്ചു...

നെയ്മീൻ ആണ് അമ്മച്ചി... പയ്യൻ ഒരു മേശയ്ക്കു അപ്പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു...

ആ.. നെയ്മീൻ ആണെങ്കിൽ നല്ല ഒരു കഷ്ണം ഇട്ടേ... കുഞ്ഞോൾക്കാ...

അപ്പവും മീൻകറിയുമായി അടുത്ത മേശയിൽ എത്തി.. അവിടെ വിളമ്പാൻ നിൽക്കുന്നത് കിംഗ് ഫിഷ് തർജ്ജമ ചെയ്ത പയ്യൻ..

ഇതെന്നതാടാ ചെറുക്കാ...

മട്ടൺ ആണ് അമ്മച്ചി... മലയാളത്തിൽ ആട്ടിറച്ചി..

നീ പോടാ... മട്ടൺ ആട്ടിറച്ചി ആണെന്ന് ഒക്കെ എനിക്കറിയാം..
ചിന്നമ്മ തിരിച്ചടിച്ചു..

തള്ളേ... അമ്മച്ചി പുലിയാണല്ലോ...
പയ്യൻ ഉറക്കെ പറഞ്ഞു...

നീ പോ മോനെ ദിനേശാ...

ചിന്നമ്മയുടെ ഡയലോഗ് പൊട്ടിചിരിപ്പിച്ചു എല്ലാരേയും..


അപ്പോം മീൻകറിയും ഇച്ചിരി മട്ടൺ കറിയും കഴിച്ച്, കയ്യും കഴുകി മടങ്ങുമ്പോൾ കുഞ്ഞോളുടെ കൈ മണത്തു ചിന്നമ്മ പറഞ്ഞു...

"കയ്യിൽ മൊത്തം ഉളുമ്പ് നാറ്റമാ... ഇപ്പോളത്തെ ഫാഷൻ കല്യാണങ്ങൾ കൂടിയാൽ ഇങ്ങനാ... പണ്ടത്തെ കല്യാണം കഴിഞ്ഞ് സദ്യ ഉണ്ട് പോയാൽ രണ്ടു ദിവസത്തേയ്ക്ക് കയ്യിൽ നല്ല മണമായിരിക്കും.... "

"അതെന്നതിന്റെയ ഇന്നമ്മച്ചീ????? "

കുഞ്ഞോൾ കൈമണത്തു കൊണ്ട് ചോദിച്ചു....

"എന്റെ കുഞ്ഞോളെ... അതൊക്കെ ആരുന്നു കല്യാണം... സദ്യ കഴിക്കണേൽ നല്ല നസ്രാണി കല്യാണസദ്യ കഴിക്കണം... അല്ലെടീ മറിയക്കുട്ടി... "

"അതെ അതെ... "
ഓലമ്മയും മറിയകുട്ടിയും ഒന്നിച്ചു പറഞ്ഞു..

"നീ കേട്ടോണം കുഞ്ഞോളെ...... "

ചിന്നമ്മ പറഞ്ഞു തുടങ്ങി...

"പണ്ടൊക്കെ കല്യാണം ന്ന് വച്ചാൽ ഒരാഘോഷമാ... വീട്ടുകാരും നാട്ടുകാരും എല്ലാരും കൂടി... ഒന്നിച്ചാണ് എല്ലാ കാര്യങ്ങളും... "

"ഒരാഴ്ച മുൻപേ പന്തലിടീൽ തുടങ്ങും.. പറമ്പിൽ നിൽക്കുന്ന കവുങ്ങും മുളയും വെട്ടി പന്തലുണ്ടാക്കും... അതിന്റെ മോളിൽ നീല പടുത വലിച്ചുകെട്ടി, സൈഡ് വെള്ളത്തുണികൊണ് അലങ്കരിച്ചു, അലങ്കാര മാലകൾ ചാർത്തും... പെണ്ണിനും ചെറുക്കനും ഇരിക്കാൻ പ്രത്യേക സ്റ്റേജ് ഉണ്ടാക്കും... അടുത്ത വീടുകളിൽ നിന്ന് കൊണ്ടുവരുന്ന ബഞ്ചും ഡെസ്കും ആണ് ഇരിപ്പിടങ്ങൾ... അല്ലാതെ ഇന്നത്തെപോലെ വട്ടമേശയും കസേരയും ഒന്നുമല്ല.... പണി മൊത്തം കല്യാണച്ചെറുക്കന്റെ കൂട്ടുകാർ ആണ്.. കപ്പ പുഴുക്കും ചക്ക പുഴുക്കും കൂട്ടാൻ ഇച്ചിരി മീൻച്ചാറോ ഇറച്ചിച്ചാറോ ഒക്കെ മതി.. പിന്നെ ഇടയ്ക്കിടയ്ക്ക് നല്ല കട്ടൻ കാപ്പി കൊടുക്കണം.. "

"കല്യാണത്തിന് രണ്ടാഴ്ച മുന്നേ ചന്തയിൽ പോയി നല്ല ഒത്ത ഒരു പോത്തിനെ വാങ്ങും.. പറമ്പിൽ കൊണ്ട് കെട്ടി തീറ്റയും വെള്ളവും കൊടുത്തു നന്നാക്കും.. കല്യാണത്തലേന്നു ആണ് പിന്നെ ബഹളം..
പോത്തിനെ കൊല്ലാൻ കുറെ പേര്... ഇല വെട്ടാൻ ആളുകൾ... കപ്പ പൊളിക്കാനും ഇറച്ചി നുറുക്കാനും പെണ്ണുങ്ങൾ.. സാധനം വാങ്ങാനും ഇറക്കാനും ഒക്കെ പിള്ളേര് സെറ്റ്..
പെട്രോമാക്സ് ലൈറ്റ് വൃത്തിയാക്കി മണ്ണെണ്ണ ഒഴിച്ച്, ഫാർഗോയുടെ പുതിയ മാന്റിൽ കെട്ടി, പമ്പ് ചെയ്ത് കത്തിച്ചു കുഴപ്പം ഒന്നുമില്ല എന്ന് ഉറപ്പ് വരുത്താൻ ഒരാൾ.."

"മീൻകറി രാവിലേ തന്നെ വയ്ക്കും.. വെളുപ്പിന് ചന്തയിൽ പോയി മോതയോ, നെയ്‌മീനോ, വറ്റയൊ വാങ്ങും.. കഷണങ്ങൾ ആക്കി മുറിച്ച് നല്ല നാടൻ കുടമ്പുളി ഇട്ട് കറി വച്ച് മാറ്റിവയ്ക്കും.. പിറ്റേദിവസം ആകുമ്പോളേക്കും കഷണത്തിൽ എരിവും പുളിയും പിടിച്ച് നല്ല ഉഗ്രൻ മീൻകറി വിളമ്പും... സദ്യക്ക്.. "

"തേങ്ങ പൊതിക്കാൻ രണ്ടു പേര്..
അയല്പക്കത്തെ വീടുകളിൽ നിന്ന് കൊണ്ടുവന്ന മൂന്നു നാല് ചിരവകളിൽ തേങ്ങ ചിരണ്ടി അമ്മച്ചിമാർ...
മെഴുക്കുവരട്ടിക്കുള്ള തേങ്ങാകൊത്ത് മാറ്റി വയ്ക്കുന്നു...
പോത്ത് ഫ്രൈ ക്കുള്ളത് വേറെ..
അപ്പുറത്ത് അടുക്കളയിൽ അച്ചിങ്ങ പയർ ഒരേ നീളത്തിൽ മുറിക്കുന്നു... തോരനുള്ള മൊട്ടകോവീസ് അരിഞ്ഞു സ്റ്റീൽ ചെരുവത്തിലാക്കുന്നു.. നല്ല നാടൻ കിളിച്ചുണ്ടൻ മാങ്ങാ കൊണ്ടുള്ള കടുമാങ്ങ അച്ചാർ അടുപ്പേൽ... പുളിശ്ശേരിക്കുള്ള തൈര് താളത്തിൽ കടഞ്ഞു മാറ്റി വയ്ക്കുന്നവർ.. ഒരുപാട് പണികൾ ഇനിയും ബാക്കി ആണ്.. "

"കോക്കി, ചാക്കോപ്പി ആണ്... "

"ഈ കോക്കി ന്ന് പറഞ്ഞാൽ ആരാ ഇന്നമ്മച്ചി??? "

"അത് കുഞ്ഞോളെ... കോക്കി ആണ് സദ്യ ഉണ്ടാക്കുന്നത്... ഇംഗ്ലീഷിൽ എന്നാതാടീ പറയുന്നേ ഓലമ്മേ?? "

"കുക്ക് ആണ് കുഞ്ഞോളെ... "
ഓലമ്മ പറഞ്ഞപ്പോൾ കുഞ്ഞോൾ തലകുലുക്കി..

"രണ്ടു മാസം മോന്റെ കൂടെ പേർഷ്യ പോയി നിന്നപ്പോൾ ഓലമ്മ ഇംഗ്ലീഷ് ഒക്കെ പഠിച്ചു.. കേട്ടോടി മറിയേ... "

"യാ....യാ.... ഐ നോ.... ഐ നോ.. "
ഓലമ്മയുടെ ഇംഗ്ലീഷ്..

"അപ്പൊ എന്നതാ പറഞ്ഞേ?? "

"കോക്കി യുടെ കാര്യമാ ഇന്നമ്മേ... "
*ആ..... ചാക്കോപ്പി രാവിലെ വന്ന് എല്ലാം പറഞ്ഞേൽപ്പിച്ചു പോയതാണ്.. ഒന്നും തെറ്റാൻ പാടില്ല.. എന്തെങ്കിലും കുറഞ്ഞു പോയാൽ ചാക്കോപ്പി നല്ല നാടൻ ഭാഷയിൽ രണ്ടെണ്ണം പറയും....
മുളകും മല്ലിയും മഞ്ഞളും മസാലക്കൂട്ടും എല്ലാം പൊടിച്ചു വച്ചിട്ടുണ്ട്... ഉരലിൽ പൊടിച്ചത്.... വീട് നിറഞ്ഞ് നിൽക്കുകയാണ്.. മസാലയുടെയും മല്ലിയുടെയും മുളകിന്റെയും ഗന്ധം... ഒപ്പം പെണ്ണുങ്ങളുടെ കലപിലയും ആണുങ്ങളുടെ ബീഡിപ്പുകയും..."

"സന്ധ്യ ആയതോടെ കോക്കി എത്തി.. ചാക്കോപ്പി അടുക്കളയിൽ കയറി മൊത്തത്തിൽ ഒന്ന് നോക്കി.. ഒരു തൃപ്തി കുറവ് ഉണ്ട് നോട്ടത്തിൽ... സദ്യ കഴിയാതെ അയാളുടെ മുഖം തെളിയില്ല.. എല്ലാം കഴിഞ്ഞ് ഗ്ലാസിൽ നിറച്ച നാടൻ വാറ്റ് ചാരായം മോന്തികഴിഞ്ഞേ അങ്ങേരുടെ മുഖം പ്രസാദിക്കൂ... "

"പെരളന് ഉള്ള ഇറച്ചി എന്ത്യേ?? അത് ആ മാത്തുക്കുട്ടി ഞുറുക്കിക്കോളും... അത് അങ്ങോട്ട് കൊട്... "

ചാക്കോപ്പി ആജ്ഞാപിച്ചു..

നസ്രാണി കല്യാണത്തിന്റെ സ്പെഷ്യൽ ആണ് പോത്ത് പെരളൻ...നല്ല വലിപ്പത്തിൽ ആണ് പെരളൻ ഉണ്ടാക്കാനുള്ള ഇറച്ചി ഞുറുക്കേണ്ടത്... എല്ലാ കഷണങ്ങൾക്കും ഒരേ വലിപ്പം ആയിരിക്കണം... അന്നൊക്കെ മാത്തുക്കുട്ടി ആണ് പെരളനുള്ള ഇറച്ചി ഞുറുക്കുന്നത്.. വേറെ ആര് ചെയ്താലും ചാക്കോപ്പിക്കു തൃപ്തി ആകില്ല...

"ചാക്കോപ്പിയുടെ പോത്ത് പെരളൻ പേര് കേട്ടതാണ്.. മസാലകൾ ആറ്റിക്കുറുക്കി, ചാറു വറ്റിച്ചു, നല്ല മണമൊക്കെ ആയി .. നല്ല കൊഴുത്ത ചാർ... പെരളൻ മോശമായാൽ സദ്യ മോശമായി എന്നാ അന്നൊക്കെ.. "

കട്ലറ്റ് ഉണ്ടാക്കാൻ ഉള്ള ഇറച്ചി അടുപ്പിൽ കേറ്റി...
"തീ നല്ലോണം വേണം... "
ചാക്കോപ്പി പറഞ്ഞു..
"അടീൽ പിടിക്കാതെ നോക്കിക്കോണം.. "

"വൈകിട്ടത്തെ ഭക്ഷണം എല്ലും കപ്പയും കൂട്ടി കുഴച്ച കപ്പ ബിരിയാണി ആണ്..
എന്റെ കുഞ്ഞോളെ... അതിന്റെയൊരു രുചിയും മണവും.. ഹോ.. ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും... അല്ലെടീ.... "

"അതെ അതെ... "
ഓലമ്മയും മറിയകുട്ടിയും യെസ് വച്ചു...

അന്ന് മലബാർ കപ്പ എന്നൊരു കപ്പയുണ്ട്.. നല്ല നൂറുള്ള കപ്പയാണ്.. പെട്ടന്ന് വേവുകേം ചെയ്യും... അതും പോത്തിന്റെ വാരിയും വെണ്ണെഞ്ചും കൂടി വേവിച്ചത്... തേങ്ങ വറുത്തു അരച്ച അരപ്പും മസാലയും എല്ലാം കൂട്ടി, മുറ്റത്തു നിൽക്കുന്ന കറിവേപ്പിൽ നിന്ന് അടർത്തിയ കറിവേപ്പിലയും കൂട്ടി വലിയ ചെരുവത്തിൽ... ഇതെല്ലാം കൂട്ടി കുഴയ്ക്കാൻ ഇച്ചിരി പണി ആണ്.. നല്ല തുടുപ്പ് കൊണ്ട് കുഴച്ചു ഉപ്പു നോക്കി അടച്ചു വയ്ക്കും... അടുപ്പിന്റെ അരികിൽ.. ചൂട് പോകാതെ..

പെരളൻ വയ്ക്കാനുള്ള ഓട്ടുരുളി കഴുകി വച്ചു..
ചാർത്തിൽ കല്ല് കൂട്ടി അടുപ്പുണ്ടാക്കി അതിലാണ് പാചകം..
ഓട്ടുരുളി അടുപ്പിൽ വച്ച് ലീക്ക് ഒക്കെ നോക്കണം ആദ്യം..
നോക്കിയപ്പോൾ ചെറിയ ലീക്ക്...
"ഇച്ചിരി ബാർസോപ്പ് തന്നേ... "
ചാക്കോപ്പി നീട്ടി വിളിച്ചു..
ലീക്ക് ഉള്ള ഭാഗത്ത്‌ സോപ്പ് തേച്ചു പിടിപ്പിച്ചു...
"ഇനി ലീക്ക് ഒന്ന് കാണണമല്ലോ... "
ചാക്കോപ്പി ആരോടെന്നില്ലാതെ പറഞ്ഞു..

"ആ ഉള്ളി അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളി എല്ലാം ഇങ്ങ് അടുപ്പിച്ചേര്.. "
സഹായികളോട് പറഞ്ഞു ചാക്കോപ്പി പണി തുടങ്ങി..

"കഴിക്കാറായില്ലേ... കപ്പ ബിരിയാണി ആയില്ലേ ചാക്കോപ്പാനെ... പിള്ളേർ സെറ്റ് ഇരുന്നു കഴിഞ്ഞു.. "
പന്തലിൽ നിന്ന് വിളി വന്നു...

"അതൊക്കെ എപ്പളെ റെഡി...എല്ലാരും ഇരുന്നോട്ടെ.. "

ജോസ്‌മോനും റെജിയും ആണ് ചാക്കോപ്പിയുടെ സഹായികൾ..
കപ്പ ചെമ്പു എടുത്ത് അവർ പന്തലിലേക്ക് പോയി..ആവി പറക്കുന്ന കപ്പ ബിരിയാണിയും നാരങ്ങ അച്ചാറും... ആണുങ്ങളും പെണ്ണുങ്ങളും പിള്ളേരും ഒന്നിച്ചിരുന്നു കഴിക്കുന്നു..

പിള്ളേര് സെറ്റ് കുറച്ചു പേര് ചീട്ട് കളി തുടങ്ങി.. ദൂരെ നിന്ന് വന്ന ബന്ധുക്കൾ ചിലർ ഒക്കെ കട്ടിൽ തേടി..

ചാക്കോപ്പിയും പിള്ളേരും ഇനി തിരക്കിലാണ്.. ഈ രാത്രി മുഴുവൻ അധ്വാനം..

വേവിച്ചു കൊത്തി നുറുക്കിയ ഇറച്ചിയിൽ ഉരുളക്കിഴങ്ങു ചേർത്ത് കറ്റ്ലെറ്റ് ഉണ്ടാക്കാൻ തുടങ്ങി..
"ആ അച്ചിങ്ങെടുത്തേ... അതിൽ ഇച്ചിരി എണ്ണ തൂത്ത് വയ്ക്കു.. "

"അതെന്നതാ ഇന്നമ്മച്ചീ?? ഈ അച്ചെന്നു പറഞ്ഞാൽ??? "

"അത് കുഞ്ഞോളെ.. ഈ കട്ലറ്റ് ഒരേ വലിപ്പത്തിൽ ഉണ്ടാക്കാൻ ഉള്ള സാധനം ആണ്.. ഒരു കമ്പി വളച്ചു ഉണ്ടാക്കുന്നത്.. അതിനിപ്പോ ഇംഗ്ലീഷിൽ എന്നാടീ പറയുന്നേ ഓലമ്മേ?? "

"ആ.. അത് ഞാൻ പഠിച്ചില്ലെടീ ചിന്നമ്മേ !!!"
ഓലമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു..

ചാക്കോപ്പി കട്ലറ്റ് ഓരോന്നായി അച്ചിൽ വച്ച് ഉണ്ടാക്കി.. ജോസ്മോൻ അത് മുട്ടയുടെ വെള്ളയിൽ മുക്കി പിന്നെ റൊട്ടിയുടെ പൊടിയിൽ ഒന്ന് ഉരുട്ടി തിളച്ച എണ്ണയിലേക്ക് ഇട്ടു...
പാകത്തിന് മൂത്ത കട്ലറ്റ് ഓരോന്നായി കോരി പേപ്പർ വിരിച്ച മുറത്തിലേക്കു മാറ്റികൊണ്ടിരുന്നു റെജി..

"നീ കേട്ടോ കുഞ്ഞോളെ... ചില ബന്ധുക്കാര് ഉണ്ട്... എല്ലാത്തിലും അഭിപ്രായം പറയുന്നവർ.. ചാക്കോപ്പി ആണേൽ ഒരുത്തനേം അടുപ്പിക്കാത്തില്ല അങ്ങോട്ട്‌.. നിന്റെ മാമോദീസയ്ക്ക് സദ്യ ഉണ്ടാക്കിയതും ചാക്കോപ്പിയാ.. അന്ന് നിന്റെ മമ്മിയുടെ ഒരു ചേനാര് ഉണ്ടായിരുന്നു.. അടുക്കളെന്നു മാറത്തില്ല.. ചൊറിഞ്ഞു ചൊറിഞ്ഞു നിൽക്കും.. ചാക്കോപ്പി അയാളോട് പലവട്ടം പറഞ്ഞു.. ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.. ചേട്ടൻ വേറെ പണി നോക്കാൻ..
എന്നിട്ടും അയാൾ കിള്ളികൊണ്ടു ചെന്ന്.. അവസാനം ക്ഷമകെട്ട് ചാക്കോപ്പി അടുപ്പിൽ നിന്ന് ഒരു തീക്കൊള്ളി എടുത്തു അയാളുടെ ചന്തിക്കിട്ട് ഒരു കുത്ത് കൊടുത്തു... "

"അയ്യേ... ഈ ഇന്നമ്മച്ചിക്ക് ഒരു നാണോം ഇല്ല.. "

കുഞ്ഞോൾ നാണിച്ചു ചിരിച്ചു...

രാത്രി മുഴുവൻ പാചകം ആണ്... ചോറ് രാവിലെ വയ്ക്കും....

"അരിഞ്ഞു കഴിഞ്ഞേൽ പെണ്ണുങ്ങൾ ഒക്കെ കേറി കിടന്നോ.. ബാക്കി ഞങ്ങൾ ചെയ്തോളാം.. "

ചാക്കോപ്പിയുടെ ഓർഡർ വന്നു.. ഇനി നിന്നാൽ അങ്ങേര് വല്ലതും പറയും..

"വാടീ.. വല്ല പായും വിരിച്ചു ഉള്ള സ്ഥലത്തു ഇച്ചിരി തല ചായ്ക്കാം.."
പെണ്ണുങ്ങൾ അകത്തേയ്ക്കു പോയി..
മുറിക്കകത്തു കെട്ടിത്തൂക്കിയ മൂന്ന് പാളയംതോടൻ പഴക്കുലകൾക്കു കീഴെ നെടുനീളത്തിൽ വിരിച്ച തഴപ്പായകളിൽ ഉറക്കം വിരുന്നെത്തി..

പാലപ്പത്തിനുള്ള മാവ് പുളിച്ചു വരുന്നതിന്റെ മണം മുറിക്കുള്ളിൽ നിറഞ്ഞു..
ഒപ്പം താളത്തിലുള്ള കൂർക്കം വലിയും...

"നന്നായി മൊരിഞ്ഞ പാലപ്പത്തിന്റെ മണം നിറഞ്ഞ പുലരിയാണ് കല്യാണദിവസം.. നേരം വെളുക്കുന്നതിനു മുൻപേ അപ്പം ചുടാൻ തുടങ്ങും...അല്ലെ പുളിച്ചു പോകും.. അന്നൊക്കെ പാലപ്പ ചട്ടി ഒന്നും ഇല്ല... ചീനച്ചട്ടിയിൽ ആണ് അപ്പം ഉണ്ടാക്കുന്നത്..
നടുവശം പൊങ്ങി നല്ല വെണ്ണപോലെ മൃദുലവും അരികൊക്കെ നല്ല പോലെ മുരിഞ്ഞു സ്വർണ്ണ നിറത്തിൽ ഉള്ള നല്ല കിടിലൻ പാലപ്പം ആണ്... അല്ലാതെ ഇന്ന് കഴിച്ചപോലത്തെ ഒട്ടിപിടിക്കുന്ന ഒരുമാതിരി പുളിനാറ്റം ഉള്ള അപ്പമല്ല... കേട്ടോ കുഞ്ഞോളെ??? "

വീട്ടുകാരും ബന്ധുക്കാരും മണവാളൻ ചെറുക്കനെ ഒരുക്കി പള്ളിയിലേക്ക് പോയാൽ ചാക്കോപ്പി അരി കഴുകി അടുപ്പിൽ കേറ്റും.. മൂന്നു വട്ടമെങ്കിലും വേണ്ടിവരും.. പത്തു മുന്നൂറു പേര് ഉണ്ണാൻ ഉണ്ടല്ലോ??
ആദ്യം വേവുന്നത്‌ നല്ല വല്ലകുട്ടയിൽ കോരി വെള്ളം വാർന്നുപോകാൻ വയ്ക്കും.. എന്നിട്ട് അടുത്തത് അടുപ്പേൽ കേറ്റും..

തോരനും മെഴുക്കുവരട്ടിയും അവിയലും ചെറിയ അടുപ്പുകളിൽ തയ്യാറാവുകയാണ്..

"റെഡി ആയത് എല്ലാം കലവറയിലേയ്ക്ക് എടുത്ത് വയ്‌ക്കേടാ റെജി... "

"അതെന്നതാ ഇന്നമ്മച്ചി ഈ കലവറ??? "

"അത് കുഞ്ഞോളെ..... പന്തലിന്റെ ഒരു മൂലയിൽ തുണി മറച്ചുകെട്ടി ഒരു ചെറിയ മുറി ഉണ്ടാക്കും.. അതിൽ രണ്ടു മൂന്നു ഡെസ്ക് ഇടും.. ഇവിടെ ആണ് പാചകം ചെയ്തത് എല്ലാം സൂക്ഷിക്കുന്നത്... കലവറയിൽ വേറെ ആരെയും കയറ്റില്ല.. അവിടെ കോക്കി ആണ് നിയന്ത്രണം... കലവറയിൽ നിന്ന് ഓരോ വിഭവങ്ങൾ കോക്കി വിളമ്പുകാർക്ക് എടുത്ത് കൊടുക്കും... സദ്യ കഴിഞ്ഞേ പിന്നെ കോക്കി കലവറയിൽ നിന്ന് പുറത്തിറങ്ങൂ.. "

"ഹോ... ഈ കോക്കി ഒരു സംഭവം ആണല്ലോ ഇന്നമ്മച്ചി !!!!"

"അതെ കുഞ്ഞോളെ.. വീട്ടുകാർക്ക് പോലും പേടിയാ അങ്ങേരെ അന്ന്.. "

"പള്ളി കഴിയാറായി..
എല്ലാം ഒന്നൂടെ നോക്കെടാ റെജി.. "
ചാക്കോപ്പിക്ക് ടെൻഷൻ ആണ് ഇനി..
സദ്യ കഴിയും വരെ...

കലവറയിൽ എല്ലാം എത്തി എന്ന് ഉറപ്പിക്കണം..

"അച്ചാർ എടുത്ത് വയ്‌ക്കേടാ...
എല്ലാത്തിലും തവി ഉണ്ടോന്ന് നോക്ക്.. പോത്ത് ഫ്രൈ അടുക്കളേൽ ചെറിയ തീയിൽ അടുപ്പിൽ ഇരിക്കട്ടെ.. കുറേച്ചേ ഇങ്ങോട്ട് എടുത്താൽ മതി..
സള്ളാസ് എവിടെ???
പിള്ളേർ ഇലയൊക്കെ തൂത്തോ??
ഡെസ്കിൽ വെള്ളത്തുണി വിരിച്ചോ??
കരിങ്ങാലി വെള്ളം തിളച്ചോ?? അത് അഞ്ചാറ് ജഗ്ഗിൽ ഒഴിച്ച് വയ്ക്കണം..
കൈകഴുകാൻ ഉള്ള വെള്ളം വച്ചല്ലോ അല്ലെ??
അതിന്റെയടുത്തു കൈ തൂക്കാൻ ഉള്ള തോർത്ത്‌ ഇടാൻ മറക്കല്ലേ !!!
പിന്നെ കൈ കഴുകാൻ ഉള്ള ലൈഫ് ബോയ് സോപ്പും !!!
ആദ്യം വെന്ത ചോറ് ചെരുവത്തിൽ ആക്കി ഇങ്ങോട്ട് വച്ചേക്കു..
ആരൊക്കെയാണ് വിളമ്പുകാർ??
മാത്തുക്കുട്ടി ഉണ്ടല്ലോ അല്ലെ?? "

പള്ളി കഴിഞ്ഞ് ചെറുക്കനും പെണ്ണും പന്തലിലേക്ക് എത്തി... ചെറുക്കന്റെ അമ്മ കൊന്തയുടെ കുരിശുകൊണ്ട് പെണ്ണിന്റെ നെറ്റിയിൽ കുരിശുവരച്ചു കൈപിടിച്ചു വീട്ടിലേയ്ക്ക് കയറ്റി.. കത്തിച്ചുപിടിച്ച മെഴുകുതിരിയുമായി..
മോളെ, വലതുകാൽ വച്ച് കയറിക്കോ???
അമ്മായിമ്മ പറഞ്ഞാപ്പോൾ പെണ്ണിന് ഒരു സംശയം... ഏതാ വലതു കാൽ എന്ന്???
രണ്ടു വട്ടം ആലോചിച്ചു ഉറപ്പിച്ചു വലതുകാൽ വച്ച് തന്നെ വീട്ടിലേയ്ക്കു കയറി.. നാത്തൂന്മാരും അടുത്ത വീട്ടിലെ പെണ്ണുങ്ങളും പെണ്ണിന്റെ സ്വർണ്ണത്തിന്റെ എണ്ണമെടുക്കാൻ തുടങ്ങി... കണ്ണുകൊണ്ട്..

ചാക്കോപ്പി കലവറയ്ക്കു പുറത്തേയ്ക്കു വന്ന് മൊത്തത്തിൽ ആളുകളെ ഒന്ന് നോക്കി.. ഒരു ഏകദേശ കണക്ക് വേണമല്ലോ.. എത്ര പേര് വന്ന് എന്ന്..

" മൂന്നൂറിൽ കൂടുതൽ ഉണ്ടല്ലോടാ റെജി...
തോരൻ ഇച്ചിരി പിടിച്ചു വിളമ്പിയാൽ മതി.. അത് മാത്തുകുട്ടി വിളമ്പിയാൽ മതി.. "

"അതെന്നാ ഇന്നമ്മച്ചി അങ്ങനെ??? "

"അത് പിന്നെ എന്റെ കുഞ്ഞോളെ.. ഈ മാത്തുക്കുട്ടി വിളമ്പാൻ മിടുക്കനാ...ആര് എത്ര വട്ടം ചോദിച്ചാലും അങ്ങേര് എല്ലാവർക്കും വിളമ്പും.. എന്നാലും അവസാനം കുറച്ചു കലവറയിൽ മിച്ചം കാണും... അതുകൊണ്ട് ചാക്കോപ്പി സദ്യക്ക് ആളു കൂടുതൽ ആണെന്ന് കണ്ടാൽ കുറവുള്ള കറി വിളമ്പാൻ മാത്തുകുട്ടിയെ ഏല്പിക്കും.. പിന്നെ പേടിക്കാൻ ഇല്ലല്ലോ.. "

"വിരുന്നുകാർ എല്ലാം കേറി ഇരുന്നാട്ടെ..." ഔസേപ്പ് കാർന്നോർ വിളിച്ചു പറഞ്ഞു..
പുള്ളി ആണ് പന്തലിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.. ആളുകളെ വിളിച്ചു ഇരുത്തുന്നതും വിളമ്പുകാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതും മൊത്തത്തിൽ മേൽനോട്ടവും ഒക്കെ..
പെൺവീട്ടുകാർ എല്ലാവരും ഇരുന്നാട്ടെ..
കാർന്നോരു വീണ്ടും വിളിച്ചു..

കലവറയിൽ എല്ലാം നിരന്നു.. ചാക്കോപ്പി ഒരു തോർത്ത്‌ തലയിലും ഒരെണ്ണം അരയിലും കെട്ടി.. മുഖം തൂക്കാൻ വേറൊരെണ്ണം ആണിയിൽ തൂക്കി..
"വിളമ്പുകാർ എല്ലാരും റെഡി അല്ലെടാ?? "
"അതെ ആശാനേ.."
റെജി പറഞ്ഞു.
"അവന്മാരോട് തോർത്ത്‌ അരയിൽ കെട്ടാൻ പറ.. വിളമ്പുന്നതിനിടയ്ക്കു തുണി പറിഞ്ഞു പോകാതെ.. "

"ഇല ഇട്ടു കഴിഞ്ഞാൽ ആദ്യം ഗ്ലാസും വെള്ളവും പോകട്ടെ..
പുറകെ കട്ലെറ്റും സള്ളാസും.. "
ചാക്കോപ്പി ഉഷാറായി...

"ഈ സള്ളാസ് ന്ന് പറഞ്ഞാൽ എന്നതാ ഇന്നമ്മച്ചി?? "

"അത് കുഞ്ഞോളെ.. സബാള കട്ടികുറച്ചു നീളത്തിൽ അരിയും.. അതിൽ പച്ചമുളക് ചെറുതായി അരിഞ്ഞിടും...എന്നിട്ട് ഉപ്പുപൊടി കൂട്ടി തിരുമ്മും.. അതിലേയ്ക്ക് നല്ല നാടൻ വിനാഗിരി ഒഴിച്ച് കുറച്ചു നേരം വയ്ക്കണം..
സള്ളാസ് കൂട്ടി ആ കട്ലറ്റ് ഒന്ന് കഴിക്കണം.. എന്താ രുചി ആണെന്ന് അറിയാമോ നിനക്ക്.."

തൂത്തു തുടച്ച ഇലയിൽ കട്ലെറ്റും സള്ളാസും വിളമ്പി..
ഇനിയാണ് മെയിൻ ഐറ്റം..

"അപ്പോം പോത്ത് പെരളനും പോട്ടെ.. "
ചാക്കോപ്പി പറഞ്ഞു..

ഒരപ്പവും ഒരു കഷ്ണം പോത്ത് പെരളനും ഇച്ചിരി ചാറും ആണ് വിളമ്പുന്നത്‌..
വിളമ്പുകാർ ക്ക് പിറകെ ചാക്കോപ്പി കലവറയ്ക്കു പുറത്തേയ്ക്ക് വന്ന്.. പോത്ത് പെരളൻ വിരുന്നുകാർക്ക് ഇഷ്ടപ്പെട്ടോ എന്നറിയണമല്ലോ.. ഇച്ചിരി ടെൻഷൻ ഉണ്ട്..
ചാക്കോപ്പി കഴിക്കുന്നവരുടെ മുഖത്തേയ്ക്കു നോക്കി നിൽപ്പാണ്..
വിരുന്നുകാർക്കിടയിൽ ഇരിക്കുന്ന ഇച്ചിരി പ്രായം ചെന്ന അപ്പച്ചനെ ആണ് ചാക്കോപ്പി നോക്കുന്നത്‌.. കണ്ടാലേ അറിയാം.. ഭഷണപ്രിയനാണ്...
അപ്പച്ചൻ അപ്പം ഒരു കഷണം മുറിച്ച് പെരളനും കൂട്ടി ചാറിൽ മുക്കി വായിലേയ്ക്ക് വച്ചു..
ചാക്കോപ്പിയുടെ നെഞ്ചിടിപ്പ് കൂടി..
അപ്പച്ചൻ പതിയെ പതിയെ ചവച്ചിറക്കി..
എന്നിട്ട് കലവറയിലേയ്ക്ക് നോക്കി.. കോക്കി തന്നെ നോക്കുന്നത് അയാൾ കണ്ടു..

ചൂണ്ടുവിരലും തള്ളവിരലും ചേർത്ത് വച്ചു അയാൾ ചാക്കോപ്പിയെ ആഗ്യം കാട്ടി.. ഉഗ്രൻ എന്ന്..
ചാക്കോപ്പിയുടെ മനസ്സ് നിറഞ്ഞു.. കണ്ണും..

അടിപൊളി അപ്പവും പെരളനും ആണല്ലോ..
പന്തലിൽ നിന്നുള്ള കുശുകുശുപ്പ് വിളമ്പുകാരെയും ആവേശത്തിലാക്കി..

ചാക്കോപ്പി ഉഷാറായി...
"ഉപ്പ് വിളമ്പിക്കോ... പുറകെ അച്ചാറും തോരനും മെഴുക്കുവരട്ടിയും പോട്ടെ.. അവിയലും പോത്ത് ഫ്രൈയും അതിന്റെ പുറകെ..മീൻ കറി ഓരോ കഷണം വീതം വിളമ്പിക്കോ.. ചോറിന്റെ ഒപ്പം പോണം പുളിശ്ശേരി..
പച്ചമോര് വേണ്ടിയവർക്കു മാത്രം.. ചോദിച്ചു കൊടുക്കണം.. പപ്പടം ഓരോന്ന് മതി..
മീൻകറി രണ്ടാമത് ചോദിക്കുന്നവർക്കു മാത്രം കൊടുത്താൽ മതി..

കലവറ നിറഞ്ഞു നിൽക്കുകയാണ് ചാക്കോപ്പി..
"അടുക്കളയിൽ നിന്ന് ചൂട് പോത്ത് ഫ്രൈ പോരട്ടെ.. "
അയാൾ വിളിച്ചു പറഞ്ഞു..

"മാത്തുകുട്ടിയെ... എടാ..
തോരൻ പിടിച്ചു വിളമ്പണെ.. "

"എനിക്കറിയില്ലേ ചാക്കോപ്പാനെ.. അത് ഞാൻ ഏറ്റു.. "

"ആശാനേ.. ആളുകൾ പോത്ത് ഫ്രൈ വീണ്ടും ചോദിക്കുന്നുണ്ട്.. എങ്ങനാ?? "
റെജി ചോദിച്ചു..

"ആവശ്യത്തിന് കൊടുത്തോടാ.. പോത്ത് ഇഷ്ടം പോലെ ഉണ്ട്.. കിഴക്കൻമാരാ... നല്ലോണ്ണം കഴിക്കും.. ചോറ് ചോദിച്ചു വിളമ്പിക്കോ.. രണ്ടോ മൂന്നോ വട്ടം വിളമ്പിക്കോ..."


"ജോസ് മോനെ... നീ അടുക്കളേൽ പോയി തൈര് ഇങ്ങെടുത്തുവാ.. തൈരും പഴത്തിനുമുള്ള ചോറ് ഇനി പോകട്ടെ.. വേണ്ടിയവർക്ക്‌ ചോദിച്ചു വിളമ്പണം.. "

"അതെന്നാ ഇന്നമ്മച്ചി ഈ തൈരും പഴോം പഞ്ചാരേം??? "

"കുഞ്ഞോളെ... നീ ഇന്ന് അവസാനം എന്താ കഴിച്ചേ?? "

"അത് ഐസ്ക്രീം... ഞാൻ രണ്ടെണ്ണം കഴിച്ചല്ലോ.. ഇന്നമ്മച്ചിയുടെ ഐസ്ക്രീം കൂടി ഞാൻ ആണല്ലോ കഴിച്ചേ.. "

"ആർക്ക് വേണം ഈ സാധനം?? അല്ലെടീ മറിയേ... "

"അത് തന്നെ ചിന്നമ്മേ.. എനിക്ക് കണ്ണെടുത്താൽ കണ്ടുകൂടാ ഈ സാധനം... "

"കുഞ്ഞോളെ.. അന്നൊക്കെ സദ്യയുടെ അവസാനം വിളമ്പുന്ന മധുരം ആണ് തൈരും പഴോം പഞ്ചാരേം...
ഇറച്ചിയും മീനും അവിയലും തോരനും ഒക്കെ കൂട്ടി ഊണ് കഴിഞ്ഞാൽ കുറച്ചു ചോറ് പിന്നേം വിളമ്പും.. മൂന്നാല് സ്പൂൺ ചോറ്.. അതിലേയ്ക്ക് വീട്ടിൽ ഉണ്ടാക്കിയ കട്ടത്തൈര് ഒഴിക്കും... എന്നിട്ട് നന്നായി പഴുത്ത പാളയംതോടൻ പഴം കൂടി കൂട്ടി കുഴയ്ക്കും.. എന്നാ രുചിയും മണവും ആ അതിന്... അത് കൂടി കഴിച്ചാലേ സദ്യ പൂർണ്ണമാകൂ .
നിനക്കറിയോ കുഞ്ഞോളെ... അത് ചുമ്മാ മധുരത്തിന് കഴിക്കുന്നത്‌ അല്ല... "

"പിന്നെന്തിനാ ഇന്നമ്മച്ചി??? "

"അതേയ്.. നമ്മൾ കഴിച്ച ഇറച്ചിയും മീനും ഒക്കെ ദഹിപ്പിക്കാൻ ഉള്ള സൂത്രമാ തൈരും പഴോം പഞ്ചാരേം.. വയറിനു നല്ല സുഖം കിട്ടും.. പിന്നെ നമ്മുടെ കയ്യേലെ ഉളുമ്പ് നാറ്റവും പോകും..തൈരും പഴോം കഴിച്ചിട്ട് കൈമണത്തു നോക്കണം.. നല്ല മണം ആണ്.. അല്ലാതെ നിന്റെ കയ്യിലെപ്പോലെ പോലെ ഈ ഉളുമ്പ് നാറ്റം അല്ല... "
ചിന്നമ്മ കുഞ്ഞോളുടെ കൈ വീണ്ടും മണത്തു കൊണ്ട് പറഞ്ഞു...

"ചേട്ടാ... ഇച്ചിരി ചോറ് ഇടട്ടെ.. തൈരും പഴത്തിനും ഉള്ളത്?? "
"ആ പോരട്ടെ... മോനെ.. കുറച്ചു മതി.. "

"റെജിയെ.. ആ തൈരും പഴോം വിളമ്പിക്കെ."

പന്തലിൽ തൈരും പഴവും പഞ്ചാരയും കൂടി കുഴഞ്ഞ ഗന്ധം..
ഒപ്പം വയറും മനസ്സും നിറഞ്ഞവരുടെ പുഞ്ചിരിയും..
കലവറയിൽ ചാക്കോപ്പി നെഞ്ച് വിരിച്ചു നിന്നു..

"ഇനി ബാക്കിയുള്ളവർ ഇരുന്നാട്ടെ...
ഇല എടുത്ത് മാറ്റിക്കെ പിള്ളേരെ... മേശ തുടച്ചു വേറെ ഇല ഇട്..
ചാക്കോപ്പിയെ.. രണ്ടാം ട്രിപ്പ്‌ തുടങ്ങിയേക്കാമെടാ... "

ഔസേപ്പ് കാർന്നോർ കലവറയിലേയ്ക്ക് നോക്കി പറഞ്ഞു..




"ഇന്നമ്മച്ചി... എന്റെ കല്യാണത്തിന് കട്ലറ്റും, പെരളനും പാലപ്പോം, തൈരും പഴോം പഞ്ചാരേം ഒക്കെ ഉള്ള സദ്യ മതി കേട്ടോ... "

"ആഹാ... എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടെ കുഞ്ഞോളെ.. അല്ലെടീ ഓലമ്മേ.. ഇവള്ടെ കല്യാണത്തിന് നല്ല നസ്രാണി സദ്യ വയ്ക്കണം.. "

"എന്നാ ഇന്നമ്മച്ചി എന്റെ കല്യാണം??? "

"അമ്പടീ.... മൊട്ടേന്നു വിരിഞ്ഞില്ല.. അതിനു മുൻപ് അവൾക്ക് കെട്ടണം എന്ന് !!!
സമയമാകുമ്പോൾ ഞങ്ങൾ നടത്തിക്കോളാം.. എന്റെ കുഞ്ഞോൾക്കു നല്ല കളക്ടർ ചെറുക്കൻ വേണം.. കോട്ടും സൂട്ടും ഒക്കെ ഇട്ട്.. "

"എനിക്ക് നമ്മുടെ അപ്പുറത്ത് വീട്ടിലെ ആൽബിയെ കെട്ടിയാൽ മതി ഇന്നമ്മച്ചി.. ആ ചെറുക്കൻ കഴിഞ്ഞ ദിവസം എന്നോട്.. ഐ ലവ് യു.. എന്ന് പറഞ്ഞു.. "

"എന്റെ വ്യാകുല മാതാവേ.. ഈ പെണ്ണ് എന്നതാ ഈ പറയുന്നേ.. മിണ്ടാതിരിന്നോണം.. ഏത് ചെറുക്കൻ ആടി നിന്നോട് വേണ്ടാതീനം പറഞ്ഞേ???
ആ വറീതിന്റെ കൊച്ചുമോൻ ആണോ??
ഇന്ന് അവനോട് രണ്ടെണ്ണം പറഞ്ഞിട്ട് തന്നെ.. ഇച്ചായൻ ഉണ്ടാരുന്നപ്പം നമ്മുടെ വീടിന്റെ തിണ്ണയിൽ കേറില്ലാരുന്നു ആ വറീത്.. എന്നിട്ടാ ഇപ്പൊ എന്റെ കൊച്ചുമോളോട് ആ ചെറുക്കൻ... "

കുഞ്ഞോളുടെ കൈകളിൽ പിടിച്ചിരുന്ന ചിന്നമ്മയുടെ കൈകൾ കൂടുതൽ മുറുകി..

"കേട്ടോടി ഓലമ്മേ.... ഇന്നത്തെ പിള്ളേരുടെ ഓരോ കാര്യങ്ങളെ... പണ്ടൊക്കെ ആരുന്നേൽ..........

ചിന്നമ്മ വീണ്ടും പറഞ്ഞു തുടങ്ങി...

കുഞ്ഞോൾ കൈ മണത്തു...
തൈരും പഴോം പഞ്ചാരയും കൂട്ടി കുഴഞ്ഞ മണം അവളുടെ മനസ്സിൽ പടർന്നു..


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26