മോസ്‌കോ: ഭൂമിയില്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ആകാശത്ത് സൗഹൃദച്ചങ്ങലയുടെ ഒരു കണ്ണി പോലും മുറിയാതെ കാത്തുസൂക്ഷിക്കുകയാണ് ബഹിരാകാശ യാത്രികര്‍. ഇന്നലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ മൂന്ന് റഷ്യന്‍ ബഹിരാകാശയാത്രികര്‍ എത്തിയത് ഉക്രെയ്ന്‍ പതാകയിലെ മഞ്ഞയും നീലയും നിറങ്ങളുള്ള ഫ്‌ളൈറ്റ് സ്യൂട്ടുകള്‍ ധരിച്ചാണ്.
യുദ്ധം ആരംഭിച്ചതുമുതല്‍, ഉക്രെയ്‌നോട് നേരിട്ടും പരോക്ഷമായും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ നിരവധി പേര്‍ ആ രാജ്യത്തിന്റെ പതാകയിലെ നിറങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ മാസം 24-ന് ഉക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം ബഹിരാകാശ നിലയത്തില്‍ ആദ്യമായി എത്തിയ സംഘമാണിത്.
റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസില്‍നിന്നുള്ള ബഹിരാകാശയാത്രികരായ ഒലെഗ് ആര്‍ട്ടെമേവ്, ഡെനിസ് മാറ്റ്വീവ്, സെര്‍ജി കോര്‍സകോവ് എന്നിവരാണ് കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് ഇന്നലെ രാത്രി പ്രാദേശിക സമയം 8:55-ന് വിക്ഷേപിച്ച സോയൂസ് എംഎസ്-21 പേടകത്തില്‍ ബഹിരാകാശത്ത് എത്തിയത്. ആറര മാസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തിന് സോയൂസ് കമാന്‍ഡര്‍ ഒലെഗ് ആര്‍ട്ടെമേവ് ആണ് നേതൃത്വം നല്‍കുന്നത്.
മൂന്ന് മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷം സംഘം സോയൂസ് പേടകത്തെ സുഗമമായി സ്റ്റേഷനുമായി ബന്ധിപ്പിച്ചു. ഇവരെക്കൂടാതെ നിലവില്‍ രണ്ട് റഷ്യക്കാരും നാല് അമേരിക്കക്കാരും ഒരു ജര്‍മ്മകാരനുമാണ് ബഹിരാകാശനിലയത്തിലുളള്ളത്.
ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് യാത്രികനായ ആര്‍ട്ടെമേവ് പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം നീല നിറത്തിലുള്ള സ്യൂട്ട് ധരിച്ചിരിക്കുന്നതായാണ് കാണുന്നത്. അതേസമയം മഞ്ഞ നിറത്തിലുള്ള സ്യൂട്ടുകള്‍ ധരിച്ചത് ഉക്രെയ്‌ന് പിന്തുണ അര്‍പ്പിച്ചാണോ എന്ന കാര്യം വ്യക്തമല്ല.
ഞങ്ങള്‍ക്ക് ഒരു നിറം തിരഞ്ഞെടുക്കണമായിരുന്നു. മഞ്ഞ നിറത്തിലുള്ള തുണികള്‍ ധാരാളം ലഭ്യമായിരുന്നതിനാലാണ് ആ നിറം തിരഞ്ഞെടുത്തുതെന്ന് ബഹിരാകാശയാത്രികര്‍ പറഞ്ഞു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ ഫലമായി പല ബഹിരാകാശ ദൗത്യങ്ങളും കരാറുകളും മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഉക്രെയ്ന്‍ വിഷയത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അന്താരാഷ്ട്ര സഹകരണം മുതല്‍ ബഹിരാകാശത്തേക്ക് പോകാന്‍ റഷ്യന്‍ റോക്കറ്റുകളെ ആശ്രയിക്കുന്ന ദൗത്യങ്ങള്‍ വരെയുള്ള എല്ലാ കാര്യങ്ങളും ഇപ്പോള്‍ താറുമാറിയിരിക്കുകയാണ്.
യു.എസ് കമ്പനികള്‍ക്ക് റോക്കറ്റ് എന്‍ജിനുകള്‍ നല്‍കുന്നത് നിര്‍ത്തുമെന്ന് റഷ്യ പറഞ്ഞതിന് പിന്നാലെ ബഹിരാകാശത്തേക്ക് പറക്കാന്‍ യുഎസ് 'ചൂല്‍' ഉപയോഗിക്കേണ്ടിവരുമെന്ന് റോസ്‌കോസ്മോസ് മേധാവി ദിമിത്രി റോഗോസിന്‍ പരിഹസിച്ചിരുന്നു.
അതേസമയം, നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ ദിമിത്രി റോഗോസിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞു. അദ്ദേഹം ഇടയ്ക്കിടെ പൊട്ടിത്തെറിക്കും. പക്ഷേ ദിവസത്തിന്റെ അവസാനം, ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യും-ബില്‍ നെല്‍സണ്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.