15 വര്‍ഷം മുൻപ് കാണാതായ പോലീസ് ഓഫീസറെ കണ്ടെത്തി

15 വര്‍ഷം മുൻപ് കാണാതായ പോലീസ് ഓഫീസറെ കണ്ടെത്തി

ഗ്വാളിയോര്‍: 15 വര്‍ഷം മുൻപ് കാണാതായ പോലീസ് ഓഫീസര്‍ തെരുവില്‍ യാചകനായി അലയുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തി മാനസിക വിഭ്രാന്തിയുള്ള പോലെ തെരുവില്‍ കടലാസ് പെറുക്കിയും ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ചും നടക്കുന്നു. ഒടുവില്‍ സമാനമായ അവസ്ഥയില്‍ യാദൃശ്ചികമായി പഴയ സഹപ്രവര്‍ത്തകരുടെ മുന്നില്‍ പെട്ടു. പിന്നീടാണ് ഈ യാചകന്‍ തങ്ങളുടെ പഴയ സഹപ്രവര്‍ത്തകനാണ് എന്ന് തിരിച്ചറിഞ്ഞത്.

മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ഡിഎസ്പിമാരായ രത്‌നേഷ് സിങ് തോമറും വിജയ് സിങ് ബഹാദൂറും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു. അപ്പോഴാണ് വഴിയരികില്‍ ഒരാള്‍ തണുപ്പ് സഹിക്കാന്‍ കഴിയാതെ ഇരുന്ന് വിറയ്ക്കുന്നത് കണ്ടത്. വഴിയരികില്‍ കിടക്കുന്ന ഭക്ഷണ പൊതിയില്‍ നിന്ന് കഴിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഉടനെ പോലീസ് ഓഫീസര്‍മാര്‍ വാഹനം നിര്‍ത്തി ഇയാള്‍ക്ക് ജാക്കറ്റ് നല്‍കി. ഈ വേളയില്‍ യാചകന്‍ പോലീസുകാരെ പേരെടുത്ത് വിളിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് തങ്ങളുടെ പഴയ സഹപ്രവര്‍ത്തകന്‍ മനീഷ് മിശ്രയാണെന്ന് ബോധ്യമായത്.

ദാട്ടിയ ഇന്‍സ്‌പെക്ടറായി നിയമിതനായതിന് പിന്നാലെ 2005ലാണ് മനീഷ് മിശ്രയെ കാണാതായത്. അന്ന് കുറേ തിരഞ്ഞെങ്കിലും ഫലമില്ലാത്തതിനാല്‍ തിരച്ചില്‍ അവസാനിപ്പിച്ചു. പോലീസ് ഓഫീസര്‍മാര്‍ മനീഷിനെ ഒരു അഗതി മന്ദിരത്തിലെത്തിച്ചു. ഇവിടെ ചികില്‍സയിലാണ് ഇപ്പോള്‍. നല്ല ഓട്ടക്കാരനും ഷാര്‍പ്പ് ഷൂട്ടറുമായിരുന്ന മനീഷ് 1999ലാണ് പോലീസില്‍ ചേര്‍ന്നതെന്ന് ഡിഎസ്പിമാര്‍ ഓര്‍ത്തെടുത്തു. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. കുടുംബം ചികില്‍സിച്ചിരുന്നു. അതിനിടെയാണ് കാണാതായത്. മനീഷിനെ വീണ്ടും ജീവതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഡിഎസ്പിമാരുടെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.