“നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.” മത്തായി 7: 1-2
ഒരുനാൾ ഒരു പ്രൊഫസർ ക്ലാസിലെത്തിയ ഉടനെ കുട്ടികളോട് പറഞ്ഞു, "ഇന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പില്ലാതെ ഒരു പരീക്ഷ ഇടാൻ പോകുകയാണ്. എല്ലാവർക്കും ആകാംഷയായി. പ്രൊഫസർ ചോദ്യപേപ്പർ ചോദ്യം മറുപുറത്തെന്നപോലെ നൽകി. എല്ലാവർക്കും ചോദ്യപേപ്പർ നൽകിയശേഷം അദ്ദേഹം കുട്ടികളോട് ചോദ്യപേപ്പർ മറിച്ചുനോക്കാൻ പറഞ്ഞു.
കുട്ടികൾ നോക്കുമ്പോഴുണ്ട് ചോദ്യപേപ്പറിൽ മഷികൊണ്ട് രേഖപ്പെടുത്തിയ ഒരു കുത്തല്ലാതെ ഒന്നും കാണുന്നില്ല. അവർക്ക് അത്ഭുതമായി. അപ്പോൾ പ്രൊഫസർ പറഞ്ഞു "നിങ്ങൾക്കുള്ള ചോദ്യം, നിങ്ങൾ ചോദ്യപേപ്പറിൽ എന്തുകാണുന്നുവോ അതിനെക്കുറിച്ച് എഴുതുക." കുട്ടികൾക്ക് ആകെ അങ്കലാപ്പായി എങ്കിലും അവർ അവരുടെ പ്രവൃത്തി പൂർത്തിയാക്കി. പ്രൊഫെസർ ഉത്തരക്കടലാസ് വാങ്ങി ഓരോന്നും കുട്ടികൾക്കുമുന്നിൽ വായിക്കാൻ ആരംഭിച്ചു. എല്ലാവരും ആ കറുത്ത കുത്തിനെക്കുറിച്ചായിരുന്നു എഴുതിയിരുന്നത്.
പ്രൊഫെസർ പറഞ്ഞു "നിങ്ങളെ വിലയിരുത്താനായിരുന്നില്ല, പക്ഷെ നിങ്ങളെ ചിന്തിപ്പിക്കാനാണ് ഈ ചോദ്യം തന്നത്. ഒരാളുപോലും പേപ്പറിലെ വെളുത്ത ഭാഗത്തെക്കുറിച്ച് എഴുതിയില്ല. എല്ലാവരും ആ കറുത്ത കുത്തിനെക്കുറിച്ചാണ് എഴുതിയത്. ജീവിതത്തിലും അങ്ങനെതന്നെയാണ്. സ്വന്തം ജീവിതത്തിലേയും, മറ്റുള്ളവരുടെ ജീവിതത്തിലേയും ചെറിയ പോരായ്മകളിലാകും മിക്കവരുടെയും ശ്രദ്ധ. എന്നാൽ പേപ്പറിലെ വെളുത്ത ഭാഗം പോലെ നമ്മുടെ ജീവിതത്തിൽ ഏറെയും നന്മകളല്ലേ? എന്നിട്ടും നമ്മുടെ ശ്രദ്ധ എന്തേ കൊച്ചു കൊച്ചു പോരായ്മകളിലേയ്ക്ക് പോകുന്നു! നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ജീവിതത്തിലെ കറുത്ത സ്പോട്ട്കളിൽനിന്ന് ശ്രദ്ധ മാറ്റി, നമ്മുടെ ജീവിതത്തിൽ ദൈവം തരുന്ന ഓരോ നന്മകളും, ഓരോ നിമിഷവും ആസ്വദിച്ച് ജീവിച്ചാൽ ജീവിതം ആസ്വാദ്യകരമാകും. നമ്മിലേയും, മറ്റുള്ളവരിലേയും പോരായ്മ്മകളിൽ മാത്രം ശ്രദ്ധിച്ചാൽ ജീവിതം പരമ വിരസമായി അനുഭവപ്പെടും. നമ്മൾ തന്നെയാണ് നമ്മുടെ ജീവിതം സ്വർഗ്ഗമോ, നരകമോ ആക്കുന്നത്.
“കർത്താവു നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നിൽ പ്രസാദിക്കുകയും നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ. കർത്താവു കരുണയോടെ കടാക്ഷിച്ചു നിനക്ക് സമാധാനം നൽകട്ടെ.” സംഖ്യാ 6:24-27
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.