വെടിയേറ്റ് മരിച്ച സനല്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മാതൃ സഹോദരന്റെ മകന്‍; ഒരു വര്‍ഷത്തിനിടയിലെ രണ്ടാം ദുരന്തത്തില്‍ പകച്ച് കുടുംബം

വെടിയേറ്റ് മരിച്ച സനല്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മാതൃ സഹോദരന്റെ മകന്‍; ഒരു വര്‍ഷത്തിനിടയിലെ രണ്ടാം ദുരന്തത്തില്‍ പകച്ച് കുടുംബം

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്ന് വെടിയേറ്റ് മരിച്ച സനല്‍ സാബുവിന്റെ കുടുംബത്തില്‍ ദുരന്തങ്ങള്‍ വിട്ടൊഴിയുന്നില്ല. കഴിഞ്ഞ വര്‍ഷം മേയില്‍ ഇസ്രയേലില്‍ വച്ച് ഹമാസ് തീവ്രവാദികളുടെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മാതൃസഹോദരന്റെ മകനാണ് കൊല്ലപ്പെട്ട സനല്‍. കീരിത്തോട്ടില്‍ അര കിലോമീറ്ററില്‍ ചുറ്റളവിലാണ് സനലും സൗമ്യയും താമസിച്ചിരുന്നതും.

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മാതാവ് സാവിത്രിയുടെ ജേഷ്ട സഹോദരനാണ് സനലിന്റെ പിതാവ് സാബു. കഴിഞ്ഞ വര്‍ഷം സൗമ്യ മരിച്ചപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കുമായി ഓടി നടന്നത് സനലായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം ബസ് കണ്ടക്ടറായി ജോലി നോക്കുകയായിരുന്ന സനലിനെപ്പറ്റി നാട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്.

ഒരു വര്‍ഷം പോലും തികയും മുമ്പ് കുടുംബത്തില്‍ രണ്ടാമത്തെ ദാരുണ മരണം സംഭവിച്ചതിന്റെ ഞെട്ടലിലാണ് വീട്ടുകാര്‍. ശനിയാഴ്ച രാത്രി 9.40 നു മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലായിരുന്നു സംഭവം. മൂലമറ്റം സ്വദേശി മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്‍ട്ടിന്‍ (കുട്ടു-26) ആണ് സനലിനെയും സുഹൃത്ത് പ്രദീപിനെയും വെടിവച്ചത്.

വിദേശത്തായിരുന്ന കുട്ടു ഈയിടെയാണ് നാട്ടില്‍ എത്തിയത്. രാത്രി മൂലമറ്റത്തെ തട്ടുകടയില്‍ ഭക്ഷണത്തിന്റെ പേരില്‍ ഇയാള്‍ ബഹളമുണ്ടാക്കിയിരുന്നു. ഇവിടെ വച്ച് സനലുമായി ഫിലിപ്പ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം.

തര്‍ക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ ഫിലിപ്പിനെ നാട്ടുകാര്‍ വീട്ടിലേക്കയച്ചിരുന്നു. പിന്നാലെയാണ് ഇയാള്‍ തോക്കുമായി തിരിച്ചെത്തിയതും കാറിലിരുന്നു തന്നെ വെടിയുതിര്‍ത്തതും. ഈ വെടിവയ്പിലാണ് സനല്‍ സംഭവ സ്ഥലത്ത് വച്ച് കൊല്ലപ്പെടുന്നത്. പ്രതി പോലീസ് കസ്റ്റഡിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.