നൈജീരിയ മിന്നാ രൂപതയിലെ വൈദികനെ ഫുലാനി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

നൈജീരിയ മിന്നാ രൂപതയിലെ വൈദികനെ ഫുലാനി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

നൈജീരിയ: നൈജീരിയയിലെ മിന്നാ രൂപതയിലെ വൈദികനെയും നാല്പതിനാല് വിശ്വാസികളെയും ഫുലാനി തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി. നൈജർ സംസ്ഥാനത്തെ മുൻ ലോക്കൽ ഗവണ്മെന്റ് ഏരിയ ആസ്ഥാനമായ സർക്കിൻ പാവയിലെ സെന്റ് മേരീസ് കാത്തലിക് ചർച്ച് ഇടവക വൈദികനായ റവ. ഡോ. ലിയോ റാഫേൽ ഒസിഗിയെയും വിശ്വാസികളെയുമാണ് ഞായറാഴ്ച ഫുലാനി തീവ്രവാദികൾ തട്ടികൊണ്ട് പോയത്.

ഞായറാഴ്ചത്തെ തിരുകർമങ്ങൾക്കു ശേഷം സർക്കിൻ പാവായിൽ നിന്നും ഗ്വാഡയിലേക് മടങ്ങിയ ഫാ. ഒസിഗിയെ വഴിയിൽ വച്ച് തീവ്രവാദികൾ തട്ടികൊണ്ട് പോയെന്നാണ് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) നൈജർ സ്റ്റേറ്റ് ചാപ്റ്ററിന്റെ സെക്രട്ടറി പാസ്റ്റർ റാഫേൽ ഒപാവോയി സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നത്.

തട്ടിക്കൊണ്ടു പോയവരിൽ നാല്പതിനാല് പേരും തിങ്കളാഴ്ച അവരവരുടെ വീടുകളിൽ മടങ്ങിയെത്തിയെന്ന് ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയുന്നു. സർക്കിൻ പാവായിൽ നിന്നും ഗ്വാഡയിലേക്കുള്ള റോഡിൽ തീവ്രവാദികൾ സ്വൈര്യവിഹാരം നടത്തുകയാണെന്നു പ്രദേശവാസികൾ പറയുന്നു.

"ഞങ്ങളുടെ ആശങ്ക മാറുന്നില്ല, ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ചേന കൃഷിക്കുവേണ്ടിയുള്ള തയാറെടുപ്പിനുവേണ്ടി ആളുകൾ കൃഷിയിടത്തിലേക്കു മടങ്ങി തുടങ്ങിയിരിക്കുമ്പോഴാണ് വീണ്ടും തട്ടിക്കൊണ്ടുപോകൽ നടന്നത്. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന സർക്കാർ ഉറപ്പിന്മേൽ ആളുകൾ കൃഷിയിടങ്ങളിലേക് മടങ്ങി തുടങ്ങിയപ്പോഴേക്കും വീണ്ടും ആക്രമണം നടന്നിരിക്കുന്നു. " പ്രദേശവാസിയായ അബുബക്കർ പറയുന്നു.

നൈജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009 ൽ ബോക്കോ ഹറാം കലാപം ആരംഭിച്ചത് മുതൽ രാജ്യത്ത് അരക്ഷിതാവസ്ഥ അനുഭവിക്കുകയാണ് . ആഫ്രിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളിലൊന്നായ ഈ സംഘം രാഷ്ട്രീയ മതഭേദങ്ങളില്ലാതെ സാധാരണക്കാരെയുൾപ്പടെ എല്ലാവർക്കും നേരെ  ആക്രമണങ്ങൾ നടത്തുന്നു. ഫുലാനി മിലിഷ്യ എന്ന് അറിയപ്പെടുന്ന മുസ്ലീം ഭൂരിപക്ഷമായ ഫുലാനി ഇടയന്മാരുടെ തീവ്രവാദ സംഘടനയുടെ ആക്രമണങ്ങൾ കൂടിയായപ്പോൾ രാജ്യത്തെ അരക്ഷിതാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കി.

ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാഷ്ട്രത്തിലെ വൈദികരുടെ തട്ടിക്കൊണ്ടുപോകലുകളിൽ ഏറ്റവും പുതിയതാണ് ഫാ ഒസിഗിയുടെ തട്ടിക്കൊണ്ടുപോകൽ.
2021 ഏപ്രിലിൽ സൺസ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മിഷനറിമാരുടെ (ക്ലാരെഷ്യൻ) സഭയിലെ അംഗമായ ഫാ. ഇസു മാർസെൽ ഒനിയോച്ചയെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി.അദ്ദേഹത്തെ പിന്നീട് മോചിപ്പിച്ചു. തുടർന്ന് മെയിൽ, നൈജീരിയയിലെ സോകോടോ രൂപതയിലെ സെന്റ് വിൻസെന്റ് ഫെറർ മലുൻഫാഷി കാത്തലിക് ഇടവക ആക്രമിക്കപ്പെടുകയും രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അവരിൽ ഒരാൾ കൊല്ലപ്പെട്ടു; മറ്റേയാളെ പിന്നീട് വിട്ടയച്ചു. വീണ്ടും ജൂലൈയിൽ മൈദുഗുരി രൂപതയിൽ നിന്ന് ഫാ. ഏലിയ ജുമാ വാദയെ തട്ടിക്കൊണ്ടുപോയി; പിന്നീട് തട്ടിക്കൊണ്ടുപോയവരിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.