ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് കൂട്ടി; തീരുമാനം എല്‍ഡിഎഫ് യോഗത്തില്‍

ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് കൂട്ടി; തീരുമാനം എല്‍ഡിഎഫ് യോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ തീരുമാനം. ബസിന് മിനിമം ചാര്‍ജ് പത്ത് രൂപയും ഓട്ടോയുടെ മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 രൂപയും ആക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വേണ്ടെന്നും യോഗം വ്യക്തമാക്കി.

ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിച്ചുള്ള തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ബസുകള്‍ക്ക് മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപവെച്ച് വര്‍ധിക്കും. നേരത്തെ ഇത് 90 പൈസയായിരുന്നു. ഓട്ടോ മിനിമം ചാര്‍ജ് നേരത്തെ ഒന്നര കിലോമീറ്ററിന് 25 രൂപയായിരുന്നു. ഇതാണ് രണ്ട് കിലോമീറ്ററിന് 30 രൂപയാക്കി വര്‍ധിപ്പിച്ചത്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയാക്കി. ഇത് നേരത്തെ 12 രൂപയായിരുന്നു.

ക്വാഡ്രിഡ് സൈക്കിളിന് നിലവിലെ നിരക്ക് ഒന്നര കിലോമീറ്റര്‍ മിനിമം ചാര്‍ജ് 30 രൂപയായിരുന്നു. ഇത് രണ്ട് കിലോമീറ്ററിന് 35 രൂപയാക്കാനും തീരുമാനിച്ചു. അധികം വരുന്ന കിലോമീറ്ററിന് നിലവിലുള്ള 12 രൂപയില്‍ നിന്ന് 15 രൂപയാക്കുകയും ചെയ്തു. 1500 സിസിക്ക് താഴെയുള്ള ടാക്സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 200 രൂപയാക്കി ഉയര്‍ത്തി. നേരത്തെ 175 രൂപയായിരുന്നു.

അധികം വരുന്ന കിലോമീറ്ററിന് 15 രൂപയില്‍ നിന്ന് 18 രൂപയാക്കി. 1500 സിസിക്ക് മുകളിലുള്ള ടാക്സി കാറുകള്‍ക്ക് അഞ്ചുകിലോമീറ്റര്‍ മിനിമം ചാര്‍ജ് 200-ല്‍ നിന്ന് 225 രൂപയാക്കി ഉയര്‍ത്തി. അധികംവരുന്ന ഓരോ കിലോമീറ്ററിനും നിലവില്‍ 17 രൂപ എന്നുള്ളത് 20 രൂപയാക്കുകയും ചെയ്തു. വെയ്റ്റിങ് ചാര്‍ജ് രാത്രികാല യാത്ര എന്നിവയുടെ നിരക്കില്‍ മാറ്റമില്ല. നിലവിലുള്ളത് പോലെ തുടരുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

ബുധനാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാല്‍ പത്ത് രൂപയാണ് മിനിമം ചാര്‍ജ് എങ്കില്‍ അത് അംഗീകരിക്കാന്‍ ആകില്ലെന്ന് ബസുടമകളുടെ സംഘടനകള്‍ അറിയിച്ചു.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കിലും കാലോചിതമായ മാറ്റം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. ഔദ്യോഗിക തീരുമാനം വന്ന ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ബസുടമകള്‍ അറിയിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.