സിദ്ദീഖ് കാപ്പന്റെ അന്യായ അറസ്റ്റ്: യുപി സര്‍ക്കാറിനോട് വിശദീകരണം തേടി സുപ്രിം കോടതി

സിദ്ദീഖ് കാപ്പന്റെ അന്യായ അറസ്റ്റ്: യുപി സര്‍ക്കാറിനോട് വിശദീകരണം തേടി  സുപ്രിം കോടതി

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അന്യായമായി യുഎപിഎ ചുമത്തി ജയിലലടച്ചതില്‍ ആദ്യത്യനാഥ് സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി. ഇന്ന് സിദ്ദീഖ് കാപ്പന്റെ ജാമ്യഹർജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി അറസ്റ്റിനെ സംബന്ധിച്ച്‌ വിശദീകരണം ആവശ്യപ്പെട്ട് യുപി സർക്കാരിന് നോട്ടീസ് അയച്ചത്.

വെള്ളിയാഴ്ചയ്ക്ക് മുൻപ് വിശദീകരണം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. വെള്ളിയാഴ്ച്ച ജാമ്യഹർജി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനാണ് ഹർജി സമര്‍പ്പിച്ചത്. മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ സുപ്രിം കോടതി പറഞ്ഞതിനു വിരുദ്ധമായി സിദ്ദീഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് മഥുര കോടതിയും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് കെയുഡബ്ല്യുജെ വീണ്ടും സുപ്രീംകോടതിയിലെത്തിയത്.

മഥുര ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഹർജിയിൽ സുപ്രിം കോടതിയെ അറിയിച്ചു. തടവുകാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ പോലും ഹനിക്കപ്പെടുകയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം അഞ്ചിനാണ് സിദ്ദീഖ് കാപ്പനടക്കം നാലു പേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നുമാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, പിന്നീട് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.