ഇടതു സഹയാത്രികരായ രണ്ട് സിനിമാ താരങ്ങളെക്കൊണ്ട് കല്ലുവച്ച നുണ പറയിച്ചാണ് തെരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണി തങ്ങളുടെ മദ്യനയം വിളംബരം ചെയ്ത് ജനങ്ങളെ പറ്റിച്ചത്.
'കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍.ഡി.എഫ്. മദ്യപരെ ബോധവല്‍കരിക്കാന്‍ സമഗ്ര പദ്ധതികളുണ്ട്. അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക'- ഇതായിരുന്നു കെ.പി.എ.സി ലളിതയെക്കൊണ്ട് പരസ്യത്തിലൂടെ പറയിച്ച നുണ.
'എല്‍.ഡി.എഫ് വന്നാല്‍ മദ്യവര്‍ജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കാന്‍ കര്‍ശനമായ നടപടികളെടുക്കും. മദ്യനയം സുതാര്യമായിരിക്കും. അഴിമതിയില്ലാത്തതായിരിക്കും'- ഇന്നസെന്റിനെക്കൊണ്ട് പറയിച്ച നുണയാണിത്.
എന്നാല്‍ മലയാളികളെ കുടിപ്പിച്ച് കിടത്തി അവരുടെ പോക്കറ്റടിച്ച് ഖജനാവ് വീര്‍പ്പിക്കുന്ന സര്‍ക്കാര്‍ നയമാണ് പിന്നീട് കണ്ടത്. വിവിധ ക്രൈസ്തവ സഭകളും സംഘടനകളും ഉയര്‍ത്തിയ പ്രതിഷേധത്തിന് പിണറായി സര്‍ക്കാര്‍ പുല്ലുവില പോലും നല്‍കിയില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ കൂടുതല്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും ബവ്‌കോ, ബീവറേജ് ഔറ്റ്‌ലെറ്റുകളും യഥേഷ്ടം തുറന്ന് മദ്യമൊഴുക്കി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളുകള്‍ക്കുള്ളില്‍ ത്രീസ്റ്റാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മദ്യശാലകളും തുറന്നുകൊടുത്തു. റ്റൂസ്റ്റാറുകള്‍ക്കെല്ലാം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചു നല്‍കി. ദൂരപരിധി നിയമം 200 ല്‍ നിന്ന് 50 ആക്കി കുറച്ചു. ഒരു പ്രദേശത്ത് മദ്യശാലകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ റദ്ദാക്കി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 10 ശതമാനം ബിവറേജ് ഔട്ട്ലറ്റുകള്‍ പൂട്ടിക്കൊണ്ടിരുന്നത് നിര്‍ത്തലാക്കി. ബവ്കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു. വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ലോഞ്ചുകള്‍ക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശ മദ്യം ലഭ്യമാക്കി. കൂടാതെ പോലീസ് കാന്റീനുകള്‍ക്കും മദ്യവില്‍പനയ്ക്ക് അനുമതി നല്‍കി. ഇങ്ങനെ മദ്യ നയം നിരന്തരം അട്ടിമറിച്ച് ജനങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്.
എന്നിട്ടും മതിയായില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പുതിയ മദ്യ നയത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണ്. ഐടി പ്രൊഫഷണലുകളെ സദാ പൂസാക്കി നിര്‍ത്താന്‍ ഐടി മേഖലകളില്‍ പബ്ബുകള്‍ ആരംഭിക്കാനും പതുതായി നൂറിലധികം വിദേശമദ്യ ചില്ലറ വില്‍പന ശാലകള്‍ ആരംഭിക്കാനുമാണ് തീരുമാനം. മാത്രമല്ല, രണ്ട് മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി.
പുതിയ മദ്യനയം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്റെ മറുപടിയാണ് ഏറെ കൗതുകകരമായത്. മദ്യശാലകളിലെ തിരക്കിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനമുണ്ടായത്രേ. അതുകൊണ്ട് തിരക്ക് ഒഴിവാക്കാനാണ് കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നത്. എന്തായാലും മന്ത്രിസഭാ തീരുമാനത്തിന്റെ ബാധ്യത കോടതിയുടെ ചുമലില്‍ വച്ചു കൊടുക്കുന്ന മന്ത്രിയുടെ ന്യായം കൊള്ളാം.
പണ്ടു മുതല്‍ ജുഡീഷ്യറിയോട് നല്ല ബഹുമാനമുള്ളവരാണല്ലോ ഇടത് നേതാക്കള്‍. രണ്ടു ദിവസമായി നടന്നു വന്ന ദേശീയ പണിമുടക്കിലുണ്ടായ അക്രമങ്ങളെ ഹൈക്കോടതി വിമര്‍ശിച്ചപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള ഇടത് നേതാക്കളുടെ ആക്രോശം നമ്മള്‍ കണ്ടതാണ്.
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും നാട്ടില്‍ സമാധാനം നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും കടമ. അതിനായി മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയും മദ്യപന്‍മാരുടെ എണ്ണം കുറച്ചുകൊണ്ടു വരികയും ചെയ്യേണ്ട സര്‍ക്കാര്‍ ജനത്തെ ഏത് വിധേനയും കുടിപ്പിച്ച് കിടത്തി അവന്റെ ബലഹീനതയെ ചൂഷണം ചെയ്ത് ഖജനാവ് നിറയ്ക്കുകയാണ്.
കുടുംബങ്ങള്‍ തകര്‍ന്നാലും സമൂഹം നശിച്ചാലും നാടു മുടിഞ്ഞാലും വേണ്ടില്ല, പണം മാത്രം മതി എന്ന ചിന്ത ഒരു ജനാധിപത്യ സര്‍ക്കാരിന് ഒട്ടും ചേര്‍ന്നതല്ല.
സമാധാനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ അടക്കമുള്ള ബഹുഭൂരിപക്ഷത്തിന്റെയും വികാരം മദ്യത്തിനെതിരാണെന്ന് സര്‍ക്കാരിന് അറിയാഞ്ഞിട്ടല്ല. അക്കാര്യം ബോധ്യപ്പെട്ടതിനാലാണല്ലോ 'നാളത്തെ കേരളം, ലഹരിമുക്ത നവകേരളം' എന്ന പരസ്യം നല്‍കി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചത്.
മദ്യ നയത്തിലെ തെറ്റായ നിലപാട് സര്‍ക്കാര്‍ ഇനിയും തിരുത്തിയില്ലെങ്കില്‍ കേരളത്തിന്റെ തെരുവുകള്‍ സമരാഗ്നിയില്‍ ജ്വലിക്കും. അതിനാല്‍ മദ്യ ലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടു വരുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നടപ്പിലാക്കുക. ജനത്തെ കുടിപ്പിച്ച് കിടത്തി ഭരണം നടത്താന്‍ മുതിരരുത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.