ബഹിരാകാശത്ത് 355 ദിവസം; റെക്കോര്‍ഡുമായി യു.എസ് യാത്രികന്‍ തിരിച്ചെത്തിയത് റഷ്യന്‍ സഞ്ചാരികള്‍ക്കൊപ്പം

ബഹിരാകാശത്ത് 355 ദിവസം; റെക്കോര്‍ഡുമായി യു.എസ് യാത്രികന്‍ തിരിച്ചെത്തിയത് റഷ്യന്‍ സഞ്ചാരികള്‍ക്കൊപ്പം

മോസ്‌കോ: ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പേരില്‍ റഷ്യയ്ക്കു മേല്‍ ലോകരാജ്യങ്ങള്‍ ഉപരോധം തീര്‍ക്കുമ്പോഴും ബഹിരാകാശത്തെ സമാധാനാന്തരീക്ഷം ഇളക്കം തട്ടാതെ സൂക്ഷിക്കുകയാണ് സഞ്ചാരികള്‍. 355 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് പുതിയ റെക്കോര്‍ഡിട്ട നാസയുടെ ബഹിരാകാശയാത്രികന്‍ മാര്‍ക്ക് വന്ദേ ഹെയ് രണ്ട് റഷ്യന്‍ സഞ്ചാരികള്‍ക്കൊപ്പമാണ് ഇന്നലെ ഭൂമി തൊട്ടത്.

ഒരു അമേരിക്കന്‍ ബഹിരാകാശയാത്രികന്‍ നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ യാത്രയെന്ന റെക്കോര്‍ഡാണ് മാര്‍ക്ക് വന്ദേ ഹെയ് സ്വന്തമാക്കിയത്. നാസയുടെ ബഹിരാകാശ സഞ്ചാരി സ്‌കോട്ട് കെല്ലിയുടെ 340 ദിവസത്തെ റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്.



റഷ്യയുടെ സോയൂസ് പേടകത്തില്‍ റഷ്യന്‍ സഞ്ചാരികളായ ആന്റണ്‍ ഷ്‌കാപ്ലെറോവ് പ്യോട്ടര്‍ ഡുബ്രോവ് എന്നിവര്‍ക്കൊപ്പമാണ് വന്ദേ ഹെയ് ഇന്നലെ പ്രാദേശിക സമയം രാവിലെ 7:28 കസാക്കിസ്ഥാനിലെ പുല്‍മേട്ടില്‍ ഇറങ്ങിയത്. മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. മൂന്ന് ഹെലികോപ്റ്ററുകള്‍ ഉടന്‍തന്നെ സമീപമെത്തി യാത്രികരെ മെഡിക്കല്‍ പരിശോധനയ്ക്കായി കരഗന്ധയിലേക്കു കൊണ്ടുപോയി. അവിടെ നിന്ന് നാസയുടെ ജെറ്റ് വിമാനത്തില്‍ വന്ദേ ഹെയെ സ്വദേശമായ ടെക്സാസിലെ ഹൂസ്റ്റണിലെത്തിക്കും.

ഒരു വര്‍ഷത്തോളം ബഹിരാകാശത്ത് ചെലവഴിച്ച മാര്‍ക്ക് വന്ദേ ഹെയ് ഭാര്യയെയും മറ്റു കുടുംബാഗങ്ങളെയും വീണ്ടും കാണുന്നതിന്റെ സന്തോഷമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്നു പുറപ്പെടുന്നതിനു മുന്‍പ് പങ്കുവച്ച വീഡിയോയില്‍ പ്രകടിപ്പിച്ചത്.

സാധാരണക്കാരെ കൊന്നൊടുക്കി മുന്നേറുന്ന റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം യു.എസിനും മോസ്‌കോയ്ക്കും ഇടയില്‍ പിരിമുറുക്കങ്ങള്‍ വര്‍ധിപ്പിക്കുമ്പോഴും ഇരു രാജ്യങ്ങളിലെയും രണ്ട് ബഹിരാകാശ ഏജന്‍സികള്‍ തമ്മിലുള്ള അടുത്ത സഹകരണം ശ്രദ്ധേയമാണ്്. ശീതയുദ്ധാനന്തര കാലത്തെ സൗഹൃദത്തിന്റെ അടയാളമായിട്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നിലകൊള്ളുന്നത്.

അതേസമയം യുദ്ധം മൂലം റഷ്യയും യു.എസും തമ്മിലുള്ള ബന്ധം തകര്‍ന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭാവി അനിശ്ചിതാവസ്ഥയലാണ്. യുഎസും യൂറോപ്പുമായുള്ള ബഹിരാകാശ നിലയ കരാറില്‍ നിന്ന് പുറത്തുപോകുമെന്ന് റഷ്യ ദീര്‍ഘകാലമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞയാഴ്ച നാസ ടെലിവിഷനില്‍ വന്ന അഭിമുഖത്തില്‍ ഉക്രെയ്‌നിലെ യുദ്ധത്തെ വന്ദേ ഹെയ് പരോക്ഷമായി അപലപിച്ചിരുന്നു. 'ഇത് അന്താരാഷ്ട്ര ബന്ധങ്ങള്‍ക്ക് വളരെ വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണ്. ലോകമെമ്പാടും സമാധാനം നിലനിര്‍ത്താനുള്ള ഞങ്ങളുടെ ശ്രമത്തില്‍, ഇത്തരത്തിലുള്ള ബന്ധങ്ങള്‍ നിലനിര്‍ത്താനും മുന്നോട്ടു കൊണ്ടുപോകാനും കഴിയുമെന്നാണ് തന്റെ പ്രതീക്ഷ'-വന്ദേ ഹെയ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.