സ്വര്‍ണം തേടിയൊരു സോപ്പു പുരാണം

സ്വര്‍ണം തേടിയൊരു സോപ്പു പുരാണം

വളരെ കാലങ്ങള്‍ക്കു ശേഷം ഞാന്‍ ലക്‌സ് സോപ്പ് വാങ്ങുവാന്‍ ഇടയായി. സാധാരണ ആയുര്‍വേദ സോപ്പുകളായ മെഡിമിക്‌സ്, രാധാസ് എന്നിവയാണ് വാങ്ങുക പതിവ്. ഇക്കുറി ആ പതിവ് സമ്പ്രദായം മാറ്റി ലക്‌സ് അങ്ങ് ആക്കി.

ലക്‌സിന്റെ വാസന എന്നെ പഴയ കുട്ടികാലത്തേക്കു കൂട്ടികൊണ്ടു പോയി. ടിവി പരസ്യത്തില്‍ ലക്‌സില്‍ നിന്നും റോസാ പുഷ്പങ്ങള്‍ ഉതിര്‍ന്നു വീഴുന്നതും റോസാ പുഷ്പത്തിന്റെ നറുമണത്തില്‍ നായിക നായകന്മാര്‍ ലക്‌സ് ഒരു ശീലം ആക്കാന്‍ പറയുന്നതും തുടങ്ങി ലക്‌സില്‍ സ്വര്‍ണം വരെ ഒളിപ്പിച്ചിട്ടുണ്ട് എന്നാണ് വാദങ്ങള്‍.

സ്വര്‍ണം തേടിയുള്ള എന്റെ യാത്രയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായ എന്റെ അപ്പന്റെ പല ചരക്കു കണക്കില്‍ മാസം രണ്ട് സോപ്പ് എന്നുള്ള ബജറ്റ് ഞാന്‍ വിജയകരമായി നാല് എന്ന് തിരുത്തി കുറിച്ചു. പ്രൈവറ്റ് സെക്രട്ടറിയായ അമ്മ പക്ഷെ, അതു കൈയോടെ പൊക്കി.
എന്നിട്ടോ, വെറുതെ കുളിച്ചു പനി പിടിച്ചതു മിച്ചം. സോപ്പില്‍ ഒളിപ്പിച്ച സ്വര്‍ണം ആര്‍ക്കും കിട്ടിയതായി എന്റെ അറിവില്‍ ഇല്ല. 'ചുമ്മാ കാടു കയറാതെ കാര്യത്തിലേക്കു വാടാ ഉവ്വേ' എന്നാകും നിങ്ങള്‍ ഇപ്പോള്‍ പറയുക...ശരി കാര്യത്തിലേക്കു വരാം.

പരസ്യങ്ങളിലുള്ള പൊള്ളയായ മോഹന വാഗ്ദാനങ്ങള്‍ക്കപ്പുറം മനുഷ്യനെ സോപ്പും മറ്റു സൗന്ദര്യ വസ്തുക്കളും വാങ്ങാന്‍ പ്രേരിപ്പിക്കുന്നത് എന്താണ്? അവന്റെ അറിവില്ലായ്മ മാത്രം ആണോ? 

അല്ല, പിന്നെയോ?.. അവന് പരസ്യ കമ്പനികള്‍ നല്‍കുന്ന പ്രതീക്ഷയും പ്രത്യാശയും. എന്നിട്ടോ?.. നിരാശ മാത്രം മിച്ചം. ബ്രാന്‍ഡ് മാറി മാറി ഈ പ്രത്യാശയും പ്രതീക്ഷയും തേടി നാം ഇന്നും നടക്കുന്നു.

വിശുദ്ധ ബൈബിളില്‍ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ 15:13 ഇങ്ങനെ പറയുന്നു: 'പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ!'

അതുപോലെ 1 തിമോത്തി 4:9 ഇപ്രകാരം പറയുന്നു: 'വചനം വിശ്വാസ യോഗ്യവും തികച്ചും സ്വീകാര്യവുമാണ്. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് നാം അധ്വാനിക്കുന്നതും പോരാടുന്നതും. എല്ലാ മനുഷ്യരുടെയും, വിശിഷ്യ വിശ്വാസികളുടെയും രക്ഷകനായ, ജീവിക്കുന്ന ദൈവത്തിലാണ് നാം പ്രത്യാശയര്‍പ്പിച്ചിരിക്കുന്നത്'.

പൊള്ളയായ പരസ്യ വാചകത്തില്‍ വീഴുന്ന ദുര്‍ബലരായ നാം ഈ നോമ്പ് കാലം തൊട്ട് ബൈബിള്‍ വചനങ്ങള്‍ കൂടുതല്‍ പഠിക്കുവാനും സത്യദൈവത്തെ അറിയുവാനും ഇടയാവട്ടെ. വാക്കുകളില്‍ വിശ്വസ്തനായ ദൈവം തന്നെ ആവട്ടെ നമ്മുടെ'ബ്രാന്‍ഡ്'.
let us get addicted to JESUS.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26