വിൽ സ്മിത്ത് മോഷൻ പിക്ചർ അക്കാദമിയിൽനിന്ന് രാജിവച്ചു: അച്ചടക്ക നടപടിയുമായി മുൻപോട്ട് പോകുമെന്ന് അക്കാദമി

വിൽ സ്മിത്ത് മോഷൻ പിക്ചർ അക്കാദമിയിൽനിന്ന് രാജിവച്ചു: അച്ചടക്ക നടപടിയുമായി മുൻപോട്ട് പോകുമെന്ന് അക്കാദമി

ലോസ് ഏഞ്ചലസ്: ഓസ്‌ക്കാർ അവാർഡ് ദാനച്ചടങ്ങിൽ വച്ച് ക്രിസ് റോക്കിന്റെ കരണത്തടിച്ച സംഭവത്തെത്തുടർന്ന് വിൽ സ്മിത്ത് മോഷൻ പിക്ചർ അക്കാദമിയിൽ നിന്ന് രാജിവച്ചു. മാത്രമല്ല സംഘടന തീരുമാനിക്കുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറണെന്നും അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്മിത്ത് ഇക്കാര്യം അറിയിച്ചത്:"എന്റെ പെരുമാറ്റത്തിന്റെ അനന്തരഫലം അത് എന്താണെങ്കിലും പൂർണ്ണമായും സ്വീകരിക്കാൻ ഞാൻ തയാറാണ്. 94-ാമത് അക്കാദമി അവാർഡ് ദാനച്ചടങ്ങിലെ എന്റെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതും വേദനാജനകവും ക്ഷമിക്കാനാവാത്തതുമാണ്", സ്മിത്ത് പറഞ്ഞു.

സ്മിത്തിന്റെ രാജി സ്വീകരിച്ചതായി ചലച്ചിത്ര അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിൻ അറിയിച്ചു. "ഏപ്രിൽ 18-ന് നടക്കാനിരിക്കുന്ന ഞങ്ങളുടെ അടുത്ത ബോർഡ് മീറ്റിംഗിന് മുന്നോടിയായി, അക്കാദമിയുടെ പെരുമാറ്റ മാനദണ്ഡങ്ങൾ ലംഘിച്ചതിന് മിസ്റ്റർ സ്മിത്തിനെതിരായ ഞങ്ങളുടെ അച്ചടക്ക നടപടികളുമായി ഞങ്ങൾ മുന്നോട്ട് പോകും." റൂബിൻ പറഞ്ഞു.

"ഞാൻ അക്കാദമിയോട് വിശ്വാസവഞ്ചന ചെയ്തു. മറ്റ് നോമിനികൾക്കും വിജയികൾക്കും അവരുടെ അസാധാരണമായ പ്രകടനങ്ങൾ ആഘോഷിക്കുന്നതിനും ആഘോഷിക്കപ്പെടുന്നത്തിനുമുള്ള അവസരം ഞാൻ നഷ്‌ടപ്പെടുത്തി,” സ്മിത്ത് തന്റെ പ്രസ്താവനയിൽ പറഞ്ഞു. “എന്റെ ഹൃദയം തകർന്നിരിക്കുന്നു. തങ്ങളുടെ നേട്ടങ്ങളുടെപേരിൽ ശ്രദ്ധ അർഹിക്കുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സിനിമയിലെ സർഗ്ഗാത്മകതയെയും കലാപരതയെയും പിന്തുണയ്ക്കുന്നതിനായി അക്കാദമി ചെയ്യുന്ന മഹത്തായ പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവരുന്നതിൽ പിന്തുണയ്ക്കാനും ഞാൻ ആഗ്രഹിക്കുന്നു. മാറ്റത്തിന് സമയമെടുക്കും, അക്രമം യുക്തിയെ മറികടക്കാൻ ഞാൻ ഇനി ഒരിക്കലും അനുവദിക്കില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിൽ ഞാൻ പ്രതിജ്ഞാബദ്ധനാണ്,” സ്മിത്ത് പറഞ്ഞവസാനിപ്പിച്ചു.

ഗ്രൂപ്പിന്റെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിന് സ്മിത്തിനെതിരെ അച്ചടക്കനടപടികൾ ആരംഭിക്കാൻ അക്കാദമിയുടെ നേതൃത്വ ബോർഡ് യോഗം ചേർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് രാജി. സംഭവത്തില്‍ ക്രിസ് റോക്കിനോട് ഓസ്‌കര്‍ അക്കാദമി മാപ്പ് പറഞ്ഞിരുന്നു. വേദിയില്‍ നേരിട്ട അനുഭവത്തിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്ണുതയില്‍ നന്ദിയുണ്ട് എന്നും വാര്‍ത്താകുറിപ്പിലൂടെ അക്കാദമി പറഞ്ഞു.

രോഗിയായ തന്റെ പങ്കാളി ജാദ പിങ്കറ്റ് സ്മിത്തിനെക്കുറിച്ചുള്ള ക്രിസിന്റെ തമാശ അവഹേളനപരമാണെന്ന് പറഞ്ഞാണ് വില്‍ സ്മിത്ത് വേദിയിലെത്തി മുഖത്തടിച്ചത്. നിമിഷങ്ങൾക്കകം, 'കിംഗ് റിച്ചാർഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരവും സ്മിത്ത് ഏറ്റുവാങ്ങി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.