ഇന്ത്യാ-ഓസ്ട്രേലിയ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു; ചരിത്രമുഹൂര്‍ത്തമെന്ന് മോഡിയും മോറിസണും

ഇന്ത്യാ-ഓസ്ട്രേലിയ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു; ചരിത്രമുഹൂര്‍ത്തമെന്ന് മോഡിയും മോറിസണും

0 നിലവില്‍ ഓസ്‌ട്രേലിയയുടെ ഏഴാമത്തെ വലിയ കയറ്റുമതി രാജ്യം ഇന്ത്യ. 2035-ല്‍ മൂന്നാം സ്ഥാനത്തേക്കു കൊണ്ടുവരിക ലക്ഷ്യം

0 ചൈനയോടുള്ള നയതന്ത്ര സംഘര്‍ഷം രാജ്യത്തിനു കോട്ടം തട്ടാതെ ഇന്ത്യയെ ചേര്‍ത്തുപിടിക്കുകയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
0 കരാറിനെ ആവേശപൂർവം സ്വീകരിച്ച് ഓസ്ട്രേലിയൻ ജനത

ന്യൂഡല്‍ഹി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ദീര്‍ഘകാല വാണിജ്യ കരാര്‍ യാഥാര്‍ത്ഥ്യമായി. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വെര്‍ച്വല്‍ മീറ്റിലൂടെയാണ് കരാര്‍ ഒപ്പിട്ടത്. സാമ്പത്തിക രംഗത്തെ സഹകരണത്തിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്.

രാജ്യാന്തര വാണിജ്യ രംഗത്തെ ചരിത്രമുഹൂര്‍ത്തമാണിതെന്ന് നരേന്ദ്രമോഡി പറഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ സാമ്പത്തിക-വ്യാപാര-വാണിജ്യ മേഖലയിലെ ഇത്രയും വിപുലമായ കരാര്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക വാതിലാണ് ഇതോടെ തുറന്നതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ചരിത്രപരമായ കരാറാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

11 വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്വതന്ത്ര വ്യാപാര കരാര്‍ ഇരു രാജ്യങ്ങളും ഒപ്പിടുന്നത്. 2011-ലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഇന്ത്യയുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമായതോടെ ഓസ്‌ട്രേലിയന്‍ വിപണിക്ക് ചൈനയെ ആശ്രയിക്കേണ്ടി വരുന്നതില്‍ കുറവുണ്ടാകും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഇരു രാജ്യങ്ങളിലെയും വ്യവസായ മന്ത്രിമാരായ ഡാന്‍ ടെഹനും പീയുഷ് ഗോയലുമാണ് കരാര്‍ ഒപ്പുവച്ചത്. മോഡിയും മോറിസണും സാക്ഷ്യം വഹിച്ചു.

ഇരു രാജ്യങ്ങളിലെയും കയറ്റുമതി-ഇറക്കുമതി നിയമങ്ങളില്‍ ഇളവുകള്‍ പരസ്പരം സമ്മതിച്ചുകൊണ്ടുള്ള കരാറുകളാണ് ഒപ്പിട്ടത്. പുതിയ കരാര്‍ പ്രകാരം കാര്‍ഷിക വിഭവങ്ങള്‍ ഉള്‍പ്പെടെ ഓസ്ട്രേലിയയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 85 ശതമാനത്തോളം ഉല്‍പന്നങ്ങളുടെ എക്സൈസ് തീരുവ ഒഴിവാകും.

നിലവില്‍ 169 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് നടക്കുന്നത്. അതില്‍, 126 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ക്കും ഇനി മുതല്‍ നികുതി ചുമത്തില്ല. കമ്പിളി, കല്‍ക്കരി, പയര്‍വര്‍ഗങ്ങള്‍, കടല്‍വിഭവങ്ങള്‍, ധാതുക്കള്‍ എന്നിവ ഉള്‍പ്പെടെയാകും ഇത്.

അടുത്ത പത്തു വര്‍ഷം കൊണ്ട് ഇത് 91 ശതമാനം ഉത്പന്നങ്ങള്‍ക്കും (134 കോടി ഡോളര്‍) ബാധകമാക്കും. വീഞ്ഞിനും, അവൊക്കാഡോ, ആല്‍മണ്ട്, ബ്ലൂബറി, ഓറഞ്ച്, സ്‌ട്രോബറി തുടങ്ങി നിരവധി കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും ഘട്ടം ഘട്ടമായി തീരുവ കുറയ്ക്കും.

അതേസമയം, ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ എതിര്‍പ്പിനെത്തുടര്‍ന്ന് പാലുത്പന്നങ്ങള്‍, നിലക്കടല, ബീഫ് പോലുള്ള പ്രധാന കയറ്റുമതികളെ ഇടക്കാല കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരിച്ച് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ 96 ശതമാനത്തിനും നികുതി ഒഴിവാക്കും. ഇത് ഓസ്‌ട്രേലിയന്‍ വിപണിയില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങളുടെ വില കുറയാനിടയാക്കും.

2020-ല്‍ ഓസ്‌ട്രേലിയയുടെ ഏഴാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. 2035 ആകുമ്പോള്‍ ഇന്ത്യയെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. അതിലേക്ക് വഴി തുറക്കുന്നതാണ് ഈ സ്വതന്ത്ര വ്യാപാര കരാര്‍ എന്നും പ്രധാനമന്ത്രി പറഞ്ഞു.

140 കോടിയോളം വരുന്ന ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നത് ഓസ്‌ട്രേലിയന്‍ സാമ്പത്തികരംഗത്തിനും തൊഴില്‍ രംഗത്തിനും ഊര്‍ജ്ജം പകരുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.