രാധാ വെമ്പുവെന്ന ലോകത്തിലെ തന്നെ അതിസമ്പന്നയായ ഇന്ത്യന്‍ വനിത !

രാധാ വെമ്പുവെന്ന ലോകത്തിലെ തന്നെ അതിസമ്പന്നയായ ഇന്ത്യന്‍ വനിത !

ലോക ശ്രദ്ധ നേടിയിരിക്കുകയാണ് രാധ വെമ്പു എന്ന ഇന്ത്യന്‍ വനിത. സ്വന്തം പ്രയത്‌നത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരായി മാറിയ വനിതകളുടെ ഹുറൂണ്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഈ ഇന്ത്യാക്കാരി. നൈക സ്ഥാപക ഫാല്‍ഗുനി നായര്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷാ എന്നിവരുടെ വിജയകഥകള്‍ എല്ലാവര്‍ക്കും സുപരിചിതമാണെങ്കിലും സോഹോ കോര്‍പ്പറേഷന്റ സഹസ്ഥാപക രാധാ വെമ്പുവിന്റെ കഥ തെല്ലു വ്യത്യസ്തമാണ്.

1996ലാണ് സഹോദരനായ ശ്രീധറുമായി ചേര്‍ന്ന് സോഹോ എന്ന ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് കമ്പനി രാധ സ്ഥാപിക്കുന്നത്. ഇപ്പോള്‍ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും രാധ വെമ്പുവിന്റെ ഉടമസ്ഥതയിലാണ്. ഇതാണ് അവരെ ഇന്ത്യയിലെ സ്വയം സമ്പത്തുണ്ടാക്കിയ മൂന്നാമത്തെ വലിയ ധനികയായ വനിതയാക്കി മാറ്റിയത്. സോഹാ കോര്‍പ്പറേഷനിലൂടെ 26 വര്‍ഷങ്ങള്‍ കൊണ്ട് രാധ നേടിയത് 1,29,000 കോടി രൂപയുടെ ആസ്തിയാണ്.

മദ്രാസ് ഹൈക്കോടതിയിലെ സ്റ്റെനോഗ്രാഫറായ സാംബമൂര്‍ത്തി വെമ്പുവിന്റെ മകളായി ചെന്നൈയില്‍ ജനിച്ച രാധ വെമ്പുവിനിപ്പോള്‍ 50 വയസ്. ചെന്നൈയിലെ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടി.

ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ പിഎച്ച്ഡി നേടിയ സഹോദരന്‍ ശ്രീധറുമായി ചേര്‍ന്ന് സ്വന്തം കമ്പനി സ്ഥാപിക്കുകയായിരുന്നു അവര്‍. ആദ്യം അഡ്വെനെറ്റ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം പിന്നീട് സോഹോ കോര്‍പ്പറേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. സോഹോയുടെ പ്രൊഡക്റ്റ് മാനേജരായ രാധ വെമ്പുവാണ് 250 പേരടങ്ങുന്ന ടീമിനെ നിയന്ത്രിക്കുന്നത്.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് ലോകത്തെ ഒമ്പത് രാജ്യങ്ങളിലായി 60 ദശലക്ഷത്തിലധികം ഉപയോക്താക്കളും 12 ഓഫീസുകളുമാണ് ഉള്ളത്. ടെക്‌സാസിലെ ഓസ്റ്റിനിലുള്ള കമ്പനിയുടെ 375 ഏക്കര്‍ കാമ്പസ് അവരുടെ ഏറ്റവും വലിയ ശാഖകളിലൊന്നാണ്.

സോഹോ കൂടാതെ, കാര്‍ഷിക എന്‍ജിഒയായ ജാനകി ഹൈടെക് അഗ്രോ പ്രൈവറ്റ് ലിമിറ്റഡിന്റെയും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൈലാന്‍ഡ് വാലി കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെയും ഡയറക്ടര്‍ കൂടിയാണ് രാധ. ഫോബ്‌സ് പട്ടിക പ്രകാരം 2022 ഏപ്രിലിലെ കണക്കനുസരിച്ച് രാധയുടെ ആസ്തി 129000 കോടി രൂപയാണ്. സോഹോയിലെ ഓഹരികളില്‍ നിന്നാണ് സമ്പത്തിന്റെ ഭൂരിഭാഗവും. കൂടാതെ 2021-ലെ ഫോബ്‌സ് ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയില്‍ 285,000 കോടി രൂപ ആസ്തിയുമായി വെമ്പു സഹോദരങ്ങള്‍ 55-ാം സ്ഥാനത്ത് ഇടം നേടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.