ഒടുവില്‍ വഴങ്ങി; വരുന്ന ക്രിസ്മസ് മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലും ഏകീകൃത കുര്‍ബാന

ഒടുവില്‍ വഴങ്ങി; വരുന്ന ക്രിസ്മസ് മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലും ഏകീകൃത കുര്‍ബാന

കൊച്ചി: ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പ്പാപ്പയുടെ നിര്‍ദേശത്തിനും സിനഡ് തീരുമാനത്തിനും എറണാകുളം-അങ്കമാലി അതിരൂപത ഒടുവില്‍ വഴങ്ങി. അടുത്ത ക്രിസ്മസ് മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുമെന്ന് വ്യക്തമാക്കി എറണാകുളം-അങ്കമാലി അതിരൂപതമെത്രോപൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ സര്‍ക്കുലര്‍ ഇറക്കി.

അതിനു മുമ്പായി ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി സംബന്ധിച്ച എല്ലാ ക്രമീകരണങ്ങളും എല്ലായിടത്തും ചെയ്യേണ്ടതാണ്. പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം കണക്കിലെടുത്ത് സിനഡ് തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയില്‍ നിന്ന് മുമ്പ് അതിരൂപതയ്ക്ക് നല്‍കിയ ഒഴിവ് ഇതിനാല്‍ ഭേദഗതി ചെയ്തതായും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ സാഹചര്യത്തില്‍ അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഏകീകൃത അര്‍പ്പണരീതി സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതുള്ളതിനാലും അതിരൂപതയില്‍ എല്ലായിടങ്ങളിലും ഒരേ ദിവസം തന്നെ ഈ അര്‍പ്പണരീതി ആരംഭിക്കുന്നതിലുള്ള നന്മ കണക്കിലെടുത്തും, മറിച്ചായാല്‍ സംഭവിക്കാനിടയുള്ള അജപാലന പ്രശ്നങ്ങള്‍ പരിഗണിച്ചുമാണ് ഈ സമയ ക്രമീകരണം നിശ്ചയിച്ചിരിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കുലറിലെ പ്രസക്ത ഭാഗങ്ങള്‍ :

2021 നവംബര്‍ 28 മുതല്‍ സീറോമലബാര്‍ സഭ മുഴുവന്‍ സിനഡു തീരുമാനപ്രകാരമുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് 2021 ഓഗസ്റ്റ് 27 ലെ ഇടയലേഖനത്തിലൂടെ ആവശ്യപ്പെട്ടിരുന്നല്ലോ.

എന്നാല്‍ അതിരൂപതയില്‍ അമ്പതിലേറെ വര്‍ഷങ്ങളായി അര്‍പ്പിച്ചു വരുന്ന ബലിയര്‍പ്പണരീതി തുടരാനുള്ള ബഹുഭൂരിപക്ഷം വൈദികരുടെയും അല്‍മായരുടെയും ആഗ്രഹം കണക്കിലെടുത്തും സിനഡ് തീരുമാന പ്രകാരമുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി അതിരൂപതയില്‍ നടപ്പിലാക്കിയാല്‍ ഉണ്ടാകാനിടയുള്ള ഗൗരവമായ അജപാലന പ്രശ്നങ്ങള്‍ പരിഗണിച്ചിരുന്നു.

അതിരൂപത മുഴുവന്റെയും ആത്മീയ നന്മ മുന്‍നിര്‍ത്തിയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശ പ്രകാരവും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ രേഖാമൂലമുള്ള അനുവാദത്തിന്റെ അടിസ്ഥാനത്തിലുമാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കായുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി എന്ന നിലയില്‍, അതിരൂപതയിലെ എല്ലായിടങ്ങളിലും സിനഡു തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയില്‍ നിന്ന് 2021 നവംബര്‍ 26 ന് പുറപ്പെടുവിച്ച സര്‍ക്കുലര്‍ (8/2021) പ്രകാരം കാനന്‍ 1538-ന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഒഴിവു നല്‍കിയത്.

റോമിലെ അധികാരികളോടും സീറോ മലബാര്‍ സിനഡിനോടും ജനാഭിമുഖ കുര്‍ബാനയര്‍പ്പണ രീതി അതിരൂപതയ്ക്കായെങ്കിലും അനുവദിച്ചു തരുന്നതിനായി ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, 2022 മാര്‍ച്ച് 25ന് ഫ്രാന്‍സിസ് മാര്‍പാപ്പ മേജര്‍ ആര്‍ച്ച് ബിഷപ്പിനും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായ എനിക്കും അതിരൂപതയിലെ എല്ലാ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്‍മായര്‍ക്കുമായി മേജര്‍ ആര്‍ച്ച് ബിഷപ്പുവഴി അയച്ചു തന്ന കത്തില്‍ ഉയിര്‍പ്പു തിരുനാള്‍ ദിനമായ 2022 ഏപ്രില്‍ 17 നകം എറണാകുളം-അങ്കമാലി അതിരൂപതയിലും സിനഡു തീരുമാനപ്രകാരമുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

അതേസമയം, മറ്റിടങ്ങളില്‍ ചെയ്തതു പോലെ, ഉചിതമായ ബോധനം നല്‍കുന്നതിനും അതുവഴി മാറ്റങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവരും തയാറാകുന്നതിനും ഇടവകകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരാന്‍ സാധ്യത ഉണ്ടെന്നും മാര്‍പാപ്പയുടെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വേദനാജനകമായ ഒരു ചുവടുവയ്ക്കാനാണ് മാര്‍പാപ്പ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ത്യാഗ്രപ്രവൃത്തി കര്‍ത്താവ് മറക്കുകയില്ലെന്നും അവിടുത്തെ അനുഗ്രഹങ്ങളുടെ സമൃദ്ധിയിലേക്ക് നമ്മുടെ ഹൃദയങ്ങള്‍ തുറക്കപ്പെടുമെന്നും മാര്‍പാപ്പ പ്രത്യാശിക്കുന്നു.

ഈ സര്‍ക്കുലറിലെ തീരുമാനങ്ങളോട് എല്ലാവരും സഹകരിച്ചുകൊണ്ട് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പാതയില്‍ നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ കത്തില്‍ സൂചിപ്പിച്ചതുപോലെ, കര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ താഴത്തപ്പെടലിന്റെ പാതയും കുരിശിന്റെ വഴിയും അംഗീകരിക്കാന്‍ നമുക്കാകണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.