ഷിക്കാഗോ എസ്‌.എം.സി.സി (സിറോമലബാർ കത്തോലിക്ക കോൺഗ്രസ്) 2022-24 പ്രവർത്തനോത്ഘാടനം നടത്തി

ഷിക്കാഗോ എസ്‌.എം.സി.സി (സിറോമലബാർ കത്തോലിക്ക കോൺഗ്രസ്) 2022-24 പ്രവർത്തനോത്ഘാടനം നടത്തി

ഷിക്കാഗോ : ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ എസ്‌.എം.സി.സി 2022-24 പ്രവർത്തനോത്ഘാടനം ഷിക്കാഗോ സെന്റ്‌ തോമസ് രൂപതയുടെ അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്‌ പിതാവ്, സഹായ മെത്രാനായ മാർ ജോയി ആലപ്പാടിന്റേയും ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെയും സാന്നിധ്യത്തിൽ, നിർവഹിച്ചു. 

മൂന്നു പിതാക്കന്മാരുടെയും സാന്നിധ്യം എസ്‌.എം.സി.സി യെ സംബന്ധിച്ചിടത്തോളം അനുഗ്രഹത്തിന്റെയും ആശീർവാദത്തിന്റെയും ഒരു അനുഭവം ആയിരുന്നു. അനീഷാ സാബുവിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന്റെ അധ്യക്ഷത വഹിച്ചത് പ്രസിഡന്റ് ബിജി കൊല്ലാപുരം ആയിരുന്നു. ട്രഷറർ സണ്ണി വള്ളിക്കളം എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. ഇടവക സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ ഉന്നമനം ലക്‌ഷ്യം വച്ചുകൊണ്ടു എസ്‌.എം.സി.സി തുടർന്നും സഭയോടും സഭാ പിതാക്കന്മാരോടും വൈദീകരോടും ഇടവകയോടും ചേർന്നു പ്രവർത്തിക്കുന്നതായിരിക്കും എന്ന് പ്രസിഡന്റ് ബിജി അറിയിച്ചു.

അഭിവന്ദ്യ പിതാവ് മാർ ജേക്കബ് അങ്ങാടിയത്ത്‌, മാർ ജോയ് ആലപ്പാട്ട്‌, മാർ തോമസ് തറയിൽ എന്നിവർ ഭദ്രദീപം കൊളുത്തി ചടങ്ങിനെ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. എസ്‌.എം.സി.സി ഒത്തൊരുമയോടെ പ്രവർത്തിച്ചു സഭയുടെ വളർച്ചയ്ക്കും കൂട്ടായ്മയ്ക്കും മുതൽക്കൂട്ടാകണം എന്ന് മാർ ജേക്കബ് അങ്ങാടിയത്ത്‌ ഉത്‌ബോധിപ്പിച്ചു.
സഭയ്‌ക്കെതിരായി ഉയർന്നു വരുന്നതും നിലനിൽക്കുന്നതുമായ ശക്തികളെ തിരിച്ചറിയേണ്ടതിന്റെയും അതിനെതിരെ നിലപാട് സ്വീകരിക്കേണ്ടതിന്റേയും ആവശ്യകതയെ പറ്റി മാർ ജോയ് ആലപ്പാട്ട്‌ തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു.

മാർ തോമസ് തറയിൽ, അദ്ദേഹത്തിന്റെ ആശംസാപ്രസംഗവേളയിൽ എസ്‌.എം.സി.സി അംഗങ്ങളോട്  സംഘടന വരും തലമുറയ്ക്ക് എങ്ങനെ മുതൽക്കൂട്ടാകണം എന്നും പുതു തലമുറയ്ക്ക് ഉയർന്ന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനു, നേതൃത്വവും  പരിശീലനവും നൽകുവാൻ ഉതകുന്നതാവണം സംഘടന എന്നും  പിതാവ് ആഹ്വാനം ചെയ്തു. 

കത്തീഡ്രൽ വികാരി ഫാ: തോമസ് കടുകപ്പള്ളിൽ പുതുതായി ചുമതല ഏറ്റെടുത്ത ഭാരവാഹികൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു. നാഷണൽ എസ്‌.എം.സി.സി വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ പുതിയ ഭാരവാഹികൾക്ക് ആശംസ അറിയിച്ചു. എസ്‌.എം.സി.സി വൈസ് പ്രെസിഡണ്ട് മേഴ്‌സി കുര്യാക്കോസിൻറെ നന്ദിയർപ്പണത്തോടെ സമാപിച്ച യോഗത്തിൻറെ എം.സി ആയി പ്രവർത്തിച്ചത് സജി വര്ഗീസ് ആയിരുന്നു.

മറ്റു ഭാരവാഹികളായ ആന്റോ കവലക്കൽ, ജാസ്മിൻ ഇമ്മാനുവേൽ, ഷിജി ചിറയിൽ, ഷാജി കൈലത്തു, ഷിബു അഗസ്റ്റീന, കുര്യാക്കോസ് തുണ്ടിപ്പറമ്പിൽ, ജോസഫ് താഴിയംപാറ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.