'പടയപ്പ'ചരിതം അവസാനിക്കുന്നില്ല; ഒറ്റ ദിവസം തിന്നു തീര്‍ത്തത് ആറ് വാഴക്കുലയും 25 കിലോ പച്ചക്കറിയും, നഷ്ടം അരലക്ഷം

'പടയപ്പ'ചരിതം അവസാനിക്കുന്നില്ല; ഒറ്റ ദിവസം തിന്നു തീര്‍ത്തത് ആറ് വാഴക്കുലയും 25 കിലോ പച്ചക്കറിയും, നഷ്ടം അരലക്ഷം

മൂന്നാര്‍: കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസിന് മുന്നിലെത്തിയ കാട്ടുകൊമ്പന്‍ 'പടയപ്പ'യുടെ പരാക്രമത്തില്‍ ഇന്നലെ തകര്‍ന്നത് പഴം- പച്ചക്കറിക്കട. മൂന്നാര്‍ ജി എച്ച് റോഡില്‍ പെരുമ്പാവൂര്‍ ചെറുകുന്നം സ്വദേശി എം സി ഔസേപ്പ് നടത്തുന്ന കടയുടെ മുന്‍വശം തകര്‍ത്ത ആന ആറു വാഴക്കുലകളും ആപ്പിള്‍, മുന്തിരി, മാതളം എന്നിവയും തിന്നു തീര്‍ത്തു. ഇതിന് ശേഷം 25 കിലോഗ്രാം പച്ചക്കറിയും അകത്താക്കി. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കട തകര്‍ന്നതിന്റെ നഷ്ടം വേറെയും വരും.

ഇത് ആറാം തവണയാണ് തന്റെ കട തേടി പടയപ്പ എത്തുന്നതെന്ന് കട ഉടമ ഔസേപ്പ് പറയുന്നു. ഓരോ തവണയും കട തകര്‍ത്ത് പഴവും പച്ചക്കറിയും അകത്താക്കിയ ശേഷം നീട്ടിയൊന്ന് ചിന്നം വിളിച്ച് തിരികെ കാടു കയറുന്നതാണ് പതിവ്. പുലര്‍ച്ചെ നാലിനായിരുന്നു ഇന്നലത്തെ വരവ്. ദേവികുളത്തു നിന്ന് വനം വകുപ്പിന്റെ ദ്രുതപ്രതികരണസേന എത്തി പടക്കം പൊട്ടിച്ചാണ് പടയപ്പയെ ഓടിച്ചത്.

2020ലാണ് ആന ആദ്യമായി ഈ കട നശിപ്പിച്ചത്. ഇതുവരെ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടമാണ് ഔസേപ്പിനുണ്ടായത്. വനംവകുപ്പില്‍ നിന്ന് ആകെ ലഭിച്ച നഷ്ടപരിഹാരം 50,000 രൂപയും. അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്കു വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുകയാണ്. രാത്രി വൈകിയും എത്തുന്ന വാഹനങ്ങള്‍ക്ക് കാട്ടാനകള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. വനംവകുപ്പ് സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം മൂന്നാറിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ 'പടയപ്പ' തടഞ്ഞു നിര്‍ത്തിയിരുന്നു. ഉദുമല്‍പേട്ട - മൂന്നാര്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന് നേരെയായിരുന്നു കൊമ്പന്റെ പരാക്രമണം. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിന് സമീപത്ത് വച്ചായിരുന്നു ആന ബസിന് നേരെ എത്തിയത്.

ബസിന് മുന്നില്‍ അല്‍പനേരം നിലയുറപ്പിച്ച ആനയുടെ കൊമ്പ് കൊണ്ട് ബസിന്റെ ഗ്ലാസ് തകര്‍ന്നു. ബസിന് മുന്‍വശത്ത് നിന്നും ആന മാറിയയുടന്‍ ഡ്രൈവര്‍ വണ്ടിയെടുത്ത് മുന്നോട്ട് പോവുകയായിരുന്നു.

നേരത്തെ രാത്രികാലങ്ങളില്‍ മൂന്നാര്‍ ടൗണിലടക്കം സ്ഥിരം സാന്നിധ്യമായിരുന്ന ആനയെ തൊഴിലാളികളാണ് 'പടയപ്പ' എന്ന ഓമനപ്പേരിട്ട് വിളിക്കാന്‍ തുടങ്ങിയത്. വഴിയോര കടയ്ക്കുള്ളില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ ഭക്ഷിക്കുന്നത് ഉള്‍പ്പടെ തോട്ടത്തില്‍ കയറി വാഴക്കുല അകത്താക്കുന്നതുവരെ പടയപ്പയുടെ രീതി ആയി മാറിയിരിക്കുകയാണ്. ലോക്ഡൗണ്‍ സമയത്ത് ടൗണിലെ സ്ഥിരം സന്ദര്‍ശകനായി മാറിയ ആന പിന്നീട് കാട്ടിലേക്ക് പോവാതെ നാട്ടില്‍ തന്നെ തുടരുകയായിരുന്നു.

പടയപ്പ ആള് അത്ര ശാന്തശീലനൊന്നും അല്ല. നേരത്തെ ട്രാക്ടര്‍ കൊമ്പില്‍ കോര്‍ത്ത് 50 അടി താഴ്ചയിലേക്കെറിഞ്ഞ ചരിത്രവും ഉണ്ട്. കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ കന്നിമലയ്ക്ക് സമീപമായിരുന്നു സംഭവം. കന്നിമല ഫാക്ടറിയിലേക്ക് എസ്റ്റേറ്റ് റോഡിലൂടെ വന്ന കൊളുന്ത് ചാക്കുകള്‍ നിറച്ച ട്രാക്ടറിന് നേരെയാണ് ആക്രമണം നടത്തിയത്.

തേയിലത്തോട്ടത്തിലെ ചോല വനത്തിന്റെ അതിര്‍ത്തിയിലാണ് പടയപ്പ എത്തിയത്. വീതി കുറഞ്ഞ വഴിയായിരുന്നതിനാല്‍ പടയപ്പ മുന്നോട്ട തന്നെ നടന്നു. ഇതോടെ ട്രാക്ടറില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങിയോടി. ട്രാക്ടറിനു സമീപമെത്തിയ ആന കടന്നുപോകാന്‍ വഴി കാണാതായതോടെ ആദ്യം കൊളുന്ത് ചാക്കുകള്‍ ഓരോന്നായി വലിച്ചെറിഞ്ഞു. എന്നിട്ടും അരിശം തീരാതെ ട്രാക്ടര്‍ കൊമ്പില്‍ കോര്‍ത്ത് 50 അടി താഴ്ചയിലേക്കു ഒരൊറ്റ ഏറായിരുന്നു. എങ്കിലും അവന്‍ അത്ര ആക്രമണകാരി അല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.