സിഡ്നി: ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ വീണ്ടും മഴ ദുരിതം വിതയ്ക്കുന്നു. സിഡ്‌നിയുടെ പരിസരപ്രദേശങ്ങളില്‍ വീടുകള്‍ ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കി. പലയിടത്തും പെെട്ടന്നുള്ള പേമാരിയില്‍ വെള്ളപ്പൊക്കം ഉണ്ടായതോടെ വീടുകളില്‍ നിരവധി ആളുകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ന്യൂ സൗത്ത് വെയിസിന്റെ തീര നഗരങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ 300 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജലനിരപ്പുയര്‍ന്നതിനാല്‍ നിരവധി റോഡുകള്‍ അടച്ചു.
ഹണ്ടര്‍, സെന്‍ട്രല്‍ കോസ്റ്റിന്റെ ചില ഭാഗങ്ങള്‍, ഗ്രേറ്റര്‍ സിഡ്നി, ഇല്ലവാര, സൗത്ത് കോസ്റ്റ് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിലെ (ബി.ഒ.എം) സീനിയര്‍ ഹൈഡ്രോളജിസ്റ്റ് എയില്‍സ സ്‌കോഫീല്‍ഡ് പറഞ്ഞു. വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിക്കാന്‍ ശ്രമിക്കരുതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കനത്ത മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. 25 പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഉള്‍പ്പെടെ 680 സഹായ അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ആക്ടിംഗ് കമ്മീഷണര്‍ ഡാനിയല്‍ ഓസ്റ്റിന്‍ പറഞ്ഞു.
സതര്‍ലാന്‍ഡ് ഷയറിലും ഇല്ലവാരയിലുമാണ് രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായതെന്ന് ഡാനിയല്‍ ഓസ്റ്റിന്‍ പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് ഇല്ലാവരയില്‍ നിരവധി സ്‌കൂളുകള്‍ക്ക് അവധി നല്‍കി. സതര്‍ലാന്‍ഡ് ഷയറിലെ വോറോനോറ, ബോണറ്റ് ബേ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ രാവിലെ 11:30നു മുന്‍പായി വീടുകള്‍ ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സിഡ്നിക്കു സമീപം കാംഡന്റെ ചില ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കും വീട് ഒഴിയാന്‍ നിര്‍ദേശം നല്‍കി.
വാറഗംബ ഡാമിന് സമീപമുള്ള വല്ലാസിയയില്‍ താമസിക്കുന്നവര്‍ക്കും ചിപ്പിംഗ് നോര്‍ട്ടണിലുള്ളവര്‍ക്കും സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ഒഴിയാന്‍ നിര്‍ദേശം നല്‍കി. അതേസമയം പാലങ്ങളിലും റോഡുകളിലും വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചതിനാല്‍ പുറത്തു പോയിരുന്ന നിരവധി പേര്‍ വീട്ടിലേക്കു മടങ്ങാന്‍ കഴിയാതെ വഴിയില്‍ കുടുങ്ങി.
വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കാര്‍
കംഗാരു വാലിയില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കാറില്‍നിന്ന് ഒരാളെ ന്യൂ സൗത്ത് വെയില്‍സ് റൂറല്‍ ഫയര്‍ സര്‍വീസ് സാഹസികമായി രക്ഷപ്പെടുത്തി. ഒരു ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.
ഈ വാരാന്ത്യത്തില്‍ സ്‌കൂള്‍ അവധി ആരംഭിക്കുന്നതിനാല്‍ പുറത്തു പോകുന്നവര്‍ ശ്രദ്ധാപൂര്‍വം വാഹനമോടിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26