'കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തിലായി. അതിനാല്‍ കെ റെയില്‍ പോലുള്ള പദ്ധതികള്‍ കേരളത്തിന് അത്യാവശ്യമാണ്' - ഇന്നലെ സമാപിച്ച സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം കണ്ണൂരില്‍ ഇന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ യെമണ്ടന്‍ ഡയലോഗാണിത്.
കെ റെയിലിനു വേണ്ടി യെച്ചൂരി കേരളത്തെ യൂറോപ്പിനോടുപമിച്ച് വാര്‍ത്താ സമ്മേളനത്തില്‍ കത്തിക്കയറുമ്പോള്‍ ഇങ്ങ് തെക്ക് തിരുവല്ലയ്ക്കടുത്ത് നിരണത്ത് ഒരു നെല്‍ കര്‍ഷകന്റെ മൃതദേഹം പാടവരമ്പത്തെ മരക്കൊമ്പില്‍ തൂങ്ങിയാടുകയായിരുന്നു. 'പാടത്ത് തൊഴിലെടുത്താല്‍ വരമ്പത്ത് കൂലി' എന്നാണല്ലോ കോടിയേരി സഖാവിന്റെയൊക്കെ സ്ഥിരം പല്ലവി. വരമ്പത്ത് പോയിട്ട് വാനത്തു പോലും കൂലി കിട്ടാതിരുന്ന് കടംകയറി മുടിഞ്ഞ രാജീവന്‍ എന്ന ഒരു പാവം കര്‍ഷകനാണ് നാലടി കയറില്‍ ജീവിതം അവസാനിപ്പിച്ച് ആറടി മണ്ണിലേക്ക് മടങ്ങിയത്.
ഒറ്റപ്പെട്ട സംഭവമെന്ന പതിവ് ന്യായീകരണം ദയവു ചെയ്ത് ഇക്കാര്യത്തിലും വിളമ്പരുത്. ഇത് സാധാരണക്കാരോടും കര്‍ഷകരോടും സര്‍ക്കാര്‍ കാണിക്കുന്ന നിരന്തരമായ അനാസ്ഥയ്ക്കുള്ള മുന്നറിയിപ്പാണ്. നെഞ്ചിടിപ്പോടെ ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്ന നിരവധി കര്‍ഷകര്‍ കുട്ടനാട്ടില്‍ ഇനിയുമുണ്ട്.
കുട്ടനാട്ടില്‍ മാത്രമല്ല ഇടുക്കിയും പാലക്കാടും വയനാടും അടക്കമുള്ള പല ജില്ലകളിലുമുണ്ട്. കേരളത്തിന്റെ വികസനം കെ റെയിലിലാണ് എന്ന ഒറ്റ മുദ്രാവാക്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന ബഹുഭൂരിപക്ഷമുള്ള നാടാണ് കേരളം എന്ന വസ്തുത സൗകര്യപൂര്‍വ്വം മറക്കരുത്.
കുട്ടനാട്ടിലെ കര്‍ഷകരുടെ തീരാ ദുരിതങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച് കുട്ടനാട്ടുകാരെ കബളിപ്പിക്കുന്നത് പതിവ് സംഭവമാണ്. ചെറിയൊരു മഴ പെയ്താല്‍ പോലും പാടങ്ങളില്‍ വെള്ളം കയറി നെല്ല് നശിക്കുന്നു എന്നതാണ് ആ നാടിന്റെ ശാപം. ഹെക്ടര്‍ കണക്കിന് നെല്‍കൃഷിയാണ് ഇങ്ങനെ എല്ലാ വര്‍ഷവും നശിച്ചു പോകുന്നത്.
കര്‍ഷക രോഷം രൂക്ഷമാകുമ്പോള്‍ സര്‍ക്കാര്‍ എന്തെങ്കിലും ധന സഹായം പ്രഖ്യാപിക്കും. പക്ഷേ, അതൊന്നും കര്‍ഷകരിലേക്ക് എത്താറില്ല. ഇനി കിട്ടിയാലും ചെറിയ തുക മാത്രം. ആത്മഹത്യ ചെയ്ത രാജീവന്‍ പത്തേക്കറിലാണ് കൃഷി ചെയ്തത്. നഷ്ടപരിഹാരമായി കിട്ടിയതോ വെറും 2000 രൂപ മാത്രം.
കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് വേണ്ടത് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ദാരിദ്ര്യപ്പണമല്ല. നാട്ടിലെവിടെയെങ്കിലും മഴ പെയ്താല്‍ തങ്ങളുടെ കൃഷി സ്ഥലത്ത് വെള്ളം കയറുന്ന പ്രതിഭാസത്തിന് അറുതി വരുത്തണം. അതാണ് അവരുടെ പ്രധാന ആവശ്യം. അതിന് കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ ഘടന മനസിലാക്കി അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. അല്ലാതെ എന്തെങ്കിലും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ തുച്ഛമായ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയോ സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയയ്ക്കുകയോ ചെയ്ത് തടിയൂരുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്.
രാജീവന്റെ ആത്മഹത്യ കൃഷി മന്ത്രിയെ വല്ലാതെ വേദനിപ്പിച്ചത്രേ. ആ വേദനയില്‍ നിന്ന് ഉടന്‍ ചില പ്രഖ്യാപനങ്ങളും വന്നു. 'കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ഇന്‍ഷുറന്‍സ് വ്യവസ്ഥ പുതുക്കും... അര്‍ഹമായ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ഉറപ്പാക്കും...കാര്‍ഷിക മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്തും'. എല്ലാം കേട്ടു പഴകിയ പതിവു പല്ലവികള്‍.
മൂന്നൂറ് കിലോമീറ്റര്‍ സ്പീഡില്‍ കെ റെയില്‍ ഓടിക്കാന്‍ പരക്കം പായുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ സാധാരണക്കാരനോടുള്ള തിരസ്‌കാരത്തിന്റെ മറ്റൊരു ഇരയായിരുന്നു പറവൂര്‍ മാല്യങ്കരയിലെ സജീവന്‍ എന്ന മത്സ്യത്തൊഴിലാളി. ആകെയുള്ള നാല് സെന്റ് ഭൂമിയുടെ തരം മാറ്റിക്കിട്ടുന്നതിനായി ആ പാവം മനുഷ്യന്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയത് രണ്ട് വര്‍ഷമാണ്. അവസാനം മനസു മടുത്ത് വീട്ടുമുറ്റത്തെ നെല്ലിമരച്ചില്ലയില്‍ തൂങ്ങി ജീവിതം അവസാനിപ്പിച്ചു.
രാജീവനേയും സജീവനേയും പോലുള്ള സാധാരണക്കാരനിലേക്ക് സര്‍ക്കാരിന്റെ മുഖം തിരിയാന്‍ ഇനിയും മനുഷ്യ ജീവനുകള്‍ മരച്ചില്ലകളില്‍ തൂങ്ങിയാടേണ്ടി വരുമോ?.. അന്നം തരുന്നവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണോ പിണറായി സര്‍ക്കാരിന്റെ 'ആധുനിക കേരള മോഡല്‍'?
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.