അപമര്യാദയായി പെരുമാറിയ വിമാനയാത്രക്കാരികള്‍ക്ക് 1,59,222 ഡോളര്‍ പിഴ; ഈടാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ പിഴത്തുക

അപമര്യാദയായി പെരുമാറിയ വിമാനയാത്രക്കാരികള്‍ക്ക് 1,59,222 ഡോളര്‍ പിഴ; ഈടാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ പിഴത്തുക

ന്യൂയോര്‍ക്ക്: വിമാനയാത്രക്കിടെ യത്രക്കാരോടും വിമാനത്തിലെ ജീവനക്കാരോടും അപമര്യാദയായി പെരുമാറിയ രണ്ട് യാത്രക്കാരികളില്‍ നിന്ന് ഈടാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ പിഴത്തുക. വ്യത്യസ്ഥ വിമാനങ്ങളിലെ രണ്ട് യാത്രക്കാരികളില്‍ നിന്ന് 1,59,222 ഡോളര്‍ തുകയാണ് വിമാന യാത്രക്കാരുടെ പെരുമാറ്റത്തിനായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കൊണ്ടുവന്ന സീറോ ടോളറന്‍സ് പോളിസി പ്രകാരം ഈടാക്കിയത്.

ജീവനക്കാരെയും യാത്രികരെയും മര്‍ദ്ദിക്കുകയും തലയ്ക്കടിക്കുകയും ചെയ്തതിന് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരിക്ക് 81,950 ഡോളര്‍ പിഴയും സഹയാത്രികനെ കെട്ടിപ്പിടിച്ച് ചുംബിക്കുകയും കടിക്കുകയും ചെയ്തതിന് ഡെല്‍റ്റ എയര്‍ ലൈന്‍സ് വിമാനത്തിലെ യാത്രക്കാരിക്ക് 77,272 ഡോളര്‍ പിഴയുമാണ് പുതിയ വിമാനയാത്ര പെരുമാറ്റ ചട്ടപ്രകാരം പിഴ ചുമത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 7 ന് ഡാളസ്-ഫോര്‍ട്ട് വര്‍ത്തില്‍ നിന്ന് ഷാര്‍ലറ്റിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍വച്ചാണ് ആദ്യം സംഭവം ഉണ്ടാകുന്നത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ചോദ്യം ചെയ്ത സഹയാത്രികയെ കുറ്റക്കാരി വിമാനത്തിന്റെ ഇടനാഴിയിലേക്ക് തള്ളിയിട്ടു. നിലത്ത് വീണ സ്ത്രീയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച സഹയാത്രികനെ ഭീഷണിപ്പെടുത്തി.



ഇതുകണ്ട് ഓടിയെത്തിയ വിമാന ജീവനക്കാരെ അസഭ്യം പറയുകയും ഒരു വശത്തേക്ക് തള്ളി ഇടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ക്യാബിന്‍ വാതില്‍ തള്ളിത്തുറക്കാനുള്ള ശ്രമവും നടത്തി. മറ്റ് രണ്ട് വിമാന ജീവനക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ യാത്രക്കാരില്‍ ഒരാളുടെ തലയില്‍ ആവര്‍ത്തിച്ച് ഇടിക്കുകയും ചെയ്‌തെന്ന് എഫ്എഎ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ക്കാണ് 81,950 ഡോളര്‍ പിഴ ചുമത്തിയത്.

ഒമ്പത് ദിവസത്തിന് ശേഷം, ലാസ് വെഗാസില്‍ നിന്ന് അറ്റ്‌ലാന്റയിലേക്കുള്ള ഡെല്‍റ്റ എയര്‍ ലൈന്‍സ് വിമാനത്തിലെ ഒരു സ്ത്രീ തന്റെ അടുത്തിരുന്ന യാത്രക്കാരനെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചതാണ് മറ്റൊരു സംഭവം. യാത്രക്കാരന്‍ എതിര്‍ത്തപ്പോള്‍ വിമാനത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിച്ചു. വിമാനയാത്രക്കാര്‍ ചേര്‍ന്ന് ഇവരെ തിരികെ ഇരിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മറ്റൊരു യാത്രക്കാരനെ ഒന്നിലധികം തവണ കടിക്കുകയും ചെയ്തതായാണ് എഫ്എഎ പറയുന്നത്. ഇവര്‍ക്ക് പിഴയായി 77,272 ഡോളര്‍ ചുമത്തുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.