അമേരിക്കയുടെ വത്തിക്കാന്‍ പ്രതിനിധി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി; ലോകസമാധാനത്തിന് കൈകോര്‍ക്കുമെന്ന് സൈമണ്‍ ഡൊണെല്ലി

അമേരിക്കയുടെ വത്തിക്കാന്‍ പ്രതിനിധി മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി; ലോകസമാധാനത്തിന് കൈകോര്‍ക്കുമെന്ന് സൈമണ്‍ ഡൊണെല്ലി

വത്തിക്കാന്‍സിറ്റി: വത്തിക്കാനിലെ അമേരിക്കന്‍ അംബാസഡറായി നിയമിതനായ ജോസഫ് സൈമണ്‍ ഡൊണെല്ലി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ജോസഫ് ഡൊണെല്ലി മാര്‍പാപ്പയ്ക്ക് സാക്ഷ്യപത്രങ്ങള്‍ കൈമാറി.

മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിലും മനുഷ്യക്കടത്ത് തടയുന്നതിലും പരിസ്ഥിതി പരിപാലനം, ലോക സമാധാനം എന്നിവയിലും വത്തിക്കാനൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

കത്തോലിക്കാ വിശ്വാസത്തിലെ അംഗമായതില്‍ താനും കുടുംബവും അഭിമാനിക്കുന്നു. പൊതു സേവനത്തില്‍ സഭ തന്റെ ജീവിതത്തിന്റെയും മൂല്യങ്ങളുടെയും കാതലായ ഭാഗമാണെന്നും കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഡൊണെല്ലി പറഞ്ഞു.



2022 ജനുവരി 24 നാണ് വത്തിക്കാനിലെ 12-ാമത് യുഎസ് അംബാസഡറായി ഡോണെല്ലിയെ നിയമിച്ചത്. ഫെബ്രുവരിയില്‍ യുഎസ് സെനറ്റ് ഇതിന് അംഗീകാരം നല്‍കി. വത്തിക്കാനും യുഎസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് നിയമനത്തിന്റെ പ്രധാന ലക്ഷ്യം.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും തമ്മില്‍ 1984 ജനുവരി 10 ന് വത്തിക്കാനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.