ഒരാഴ്ച്ചയ്ക്കിടെ അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; 12 പേര്‍ക്ക് പരിക്ക്, മൂന്ന് പേര്‍ അറസ്റ്റില്‍

ഒരാഴ്ച്ചയ്ക്കിടെ അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; 12 പേര്‍ക്ക് പരിക്ക്, മൂന്ന് പേര്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: ഒരാഴ്ച്ചയ്ക്കിടെ അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. അമേരിക്കയിലെ സൗത്ത് കാരലിനില്‍ ഷോപ്പിങ് മാളിലാണ് ഇന്നലെ ഉച്ചയ്ക്കു വെടിവെയ്പ്പ് ഉണ്ടായത്. 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 10 പേര്‍ക്ക് നേരിട്ട് വെടിയേറ്റു. സംഭവത്തില്‍ ആയുധധാരികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി കൊളംബിയ പോലീസ് മേധാവി വില്യം എച്ച്. ഹോള്‍ബ്രൂക്ക് പറഞ്ഞു. ഇവരില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

കൊളംബിയ സെന്റര്‍ മാളിന്റെ പരിസരത്താണ് സംഭവം നടന്നത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതില്‍ കൂടുതല്‍ ആളുകള്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് സംശയിക്കുന്നു. വെടിവയ്പ്പ് യാദൃച്ഛിക ആക്രമണമാണെന്ന് കരുതുന്നില്ലെന്നും ഹോള്‍ബ്രൂക്ക് പറഞ്ഞു.



നേരിട്ട് വെടിയേറ്റ 10 പേരെ പോലീസ് പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ സ്വയം ആശുപത്രിയിലെത്തി ചികിത്സതേടി മടങ്ങിപ്പോയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10ല്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ ആശുപത്രി വിട്ടു.

സൗത്ത് കാരലിനില്‍ ഷോപ്പിങ് മാളില്‍ സമീപ കാലത്ത് ഇത്തരമൊരു വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്ന് മാള്‍ അധികൃതര്‍ വ്യക്തമാക്കി. വെടിവയ്പ്പ് ഉണ്ടായ ഉടനെ തന്നെ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ആളുകളെ സുരക്ഷാ ഇടങ്ങളിലേക്ക് മാറ്റി. പരിഭ്രാന്തരായി ഓടിയ ആളുകളെ പുറത്തേക്ക് കൊണ്ടുപോകുന്നതിന് സൗകര്യം ഒരുക്കി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് അക്രമികളെ അറസ്റ്റ് ചെയ്തതെന്നും മാള്‍ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ന്യൂയോര്‍ക്ക് സബ്‌വെ മെട്രോ സ്റ്റേഷനില്‍ മുഖംമൂടി ധരിച്ചെത്തിയ ഒരാള്‍ വെടിവെയ്പ്പ് നടത്തിയത്. സംഭവത്തില്‍ ഫ്രാങ്ക് ജെയിംസ് എന്ന അറുപത്തിരണ്ടുകാരനെ ന്യൂയോര്‍ക്ക് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. 29 ഓളം പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായി തുടരുകയാണ്. പ്രതി മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ആളാണെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവം നടത്തി ആറു ദിവസം തികയും മുന്‍പാണ് സൗത്ത് കാരലിനില്‍ ഇപ്പോള്‍ വെടിവയ്പ്പ് ഉണ്ടായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.