കൊച്ചി: സര്‍ക്കാരിന്റെ മദ്യ നയത്തെ വിമര്‍ശിച്ചും സമൂഹത്തിന്റെ സമാധാന ജീവിതം കണക്കിലെടുത്ത് പുതിയ മദ്യനയം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
ജനാധിപത്യ സംവിധാനത്തില്‍ ജനതയുടെ ക്ഷേമത്തിനാണ് ഭരണാധികാരികള്‍ പ്രാധാന്യം നല്‍കേണ്ടത്. രാജ്യത്തിന്റെ ധാര്‍മിക നിലവാരം കാത്തു സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനാണ്.
ജനങ്ങളുടെ ആരോഗ്യവും ജീവിത നിലവാരവും സംരക്ഷിക്കുവാന്‍ ജാഗ്രതയുണ്ടാകേണ്ട രാഷ്ട്രീയ നേതൃത്വവും ഭരണാധികാരികളും മദ്യനയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ദീപിക ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് പാലാ രൂപതാധ്യക്ഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ലേഖനത്തിന്റെ പൂര്‍ണ രൂപം:
പ്രബുദ്ധ കേരളമെന്നാണ് നമ്മള്‍ അഭിമാനത്തോടെ വിശേഷിപ്പിക്കാറുള്ളത്. വലിപ്പം അടിസ്ഥാനമാക്കിയാല്‍ കൊച്ചു സംസ്ഥാനമാണ് നമ്മുടേതെങ്കിലും നവോത്ഥാനനായകന്മാര്‍ അടിത്തറയിട്ട സാമൂഹിക ഭൂമികയില്‍ നിന്നു നമ്മള്‍ പടുത്തുയര്‍ത്തിയത് ഒട്ടും ചെറുതല്ലാത്ത നേട്ടങ്ങളാണ്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ഒരുപക്ഷേ വികസ്വര രാജ്യങ്ങള്‍ക്കുമൊക്കെ മാതൃകയാവുന്ന തരത്തിലുള്ളതാണ് പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യ രംഗത്തുമൊക്കെ നമ്മള്‍ കരഗതമാക്കിയ നേട്ടങ്ങള്‍.
മാനവ വികസന സൂചികയില്‍ മുന്തിയ സ്ഥാനമാണ് കേരളത്തിനുള്ളത്. ഉത്ബുദ്ധമായ സാമൂഹിക, രാഷ്ട്രീയ ബോധമുള്ളവരാണ് മലയാളികള്‍. സാമൂഹികവും ജാതീയവുമായ അസമത്വങ്ങള്‍ക്കെതിരാണ് മലയാളിയുടെ പൊതുമനസ്.
എന്നാല്‍ നമ്മുടെ സാമൂഹിക സുസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും ഉല്‍പാദനക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയുമൊക്കെ ബാധിക്കുന്ന തരത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ് മലയാളിയുടെ മദ്യപാനശീലം.
ആളോഹരി മദ്യപാനം 3.5 ലിറ്റര്‍ ആണെന്നിരിക്കെ കേരളത്തിലിത് 8.7 ലിറ്ററാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്‍ ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക മദ്യം വാങ്ങാന്‍ മലയാളി വര്‍ഷം തോറും ചെലവിടുന്നുണ്ട്.
ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്നുശതമാനത്തില്‍ താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയില്‍ ആകെ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ 14 ശതമാനം ഉപഭോഗം നടക്കുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് മലയാളി.
ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മദ്യത്തിന്റെ ഉന്മാദ ലഹരിയിലാണ്. സാക്ഷര കേരളം രാക്ഷസ കേരളമായി മാറുകയാണ്. കുരുന്നുകളും മുതിര്‍ന്നവരും അതിവേഗം മദ്യത്തിനും മറ്റു ലഹരി വസ്തുക്കള്‍ക്കും അടിമകളാകുന്നു. കുടുംബ ഭദ്രത തകരുകയാണ്.
കേരളത്തില്‍ മദ്യനിരോധന പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയായി പ്രവര്‍ത്തിച്ചുകൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളെയും മറ്റു സംസ്ഥാനങ്ങളെയും പ്രേരിപ്പിക്കുന്നതില്‍ വലിയൊരു പങ്കുവഹിക്കാന്‍ കേരള സഭയ്ക്കും കെസിബിസി മദ്യവിരുദ്ധ സമിതിക്കും സാധിച്ചിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.
ജനാധിപത്യ സംവിധാനത്തില്‍ ജനതയുടെ ക്ഷേമത്തിനാണ് ഭരണാധികാരികള്‍ പ്രാധാന്യം നല്‍കേണ്ടത്. രാജ്യത്തിന്റെ ധാര്‍മിക നിലവാരം കാത്തു സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനാണ്. ജനങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും സംരക്ഷിക്കുവാന്‍ ജാഗ്രതയുണ്ടാകേണ്ട രാഷ്ട്രീയ നേതൃത്വവും ഭരണാധികാരികളും മദ്യനയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കണം. ജനാധിപത്യം ഒരു ആട്ടിന്‍ കൂട്ടത്തിന്റെ നിസംഗമായ അനുസരണമല്ല എന്ന ഗാന്ധിയന്‍ സിദ്ധാന്തം എത്ര സുന്ദരമാണ്.
ലഭ്യതയാണ് മദ്യാസക്തിയുടെ പ്രേരക ഘടകം. അതിനാല്‍ മദ്യലഭ്യത കുറച്ചു കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിക്കണം. ചാരായ നിരോധനവും ബാറുകളുടെ നിരോധനവുമെല്ലാം മദ്യലഭ്യത കുറയ്ക്കുന്നതിനു സഹായിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ നിന്നു മദ്യശാലകള്‍ ഒഴിവാക്കണമെന്ന 2016 ഡിസംബര്‍ 15 ലെ സുപ്രീം കോടതി വിധിയും മദ്യലഭ്യത കുറയ്ക്കാന്‍ സഹായകമാണ്.
''കിട്ടാനുള്ള എളുപ്പമാണ് കുടിക്കുവാനുള്ള പ്രേരണ നല്‍കുന്നത്''. സുപ്രീം കോടതി വിധിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാതെ അവ അടച്ചുപൂട്ടാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഒരാള്‍ മദ്യത്തിനായി ക്യൂ നില്‍ക്കുമ്പോള്‍ അഞ്ചിരട്ടി ജനങ്ങള്‍ അസ്വസ്ഥമായ മനസോടെ വീടുകളില്‍ ഇരിപ്പുണ്ട് എന്നു സര്‍ക്കാര്‍ മനസിലാക്കണം.
മഹാമാരി മൂലം തകര്‍ന്നു ക്ഷീണിച്ച നമ്മുടെ സമൂഹത്തെ വിവിധ മേഖലകളില്‍ ഉയര്‍ത്തിക്കൊണ്ടു വരേണ്ട സമയത്താണ് ഇടിത്തീപോലെ പുതിയ മദ്യനയവുമായി സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുന്നത്. സംസ്ഥാനത്ത് മദ്യലഭ്യത കുറവായത് സംസ്ഥാനത്തിന്റെ അഭിമാനത്തിനു ക്ഷതമേറ്റപോലെ നമ്മുടെ ഭരണകര്‍ത്താക്കള്‍ കാണുന്നു.
വര്‍ധിച്ചുവരുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, അനുദിനമെന്നോണം സംഭവിക്കുന്ന വിലക്കയറ്റം, അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന ഇന്ധന വിലക്കയറ്റം, ആളോഹരി വരുമാനത്തിന്റെ കുറവ് എന്നിവയുടെയെല്ലാം നടുവിലാണ് അടിയന്തര പ്രാധാന്യമുള്ള കാര്യം പോലെ ഏപ്രില്‍ ഒന്നിനു തന്നെ നിലവില്‍ വരത്തക്കവിധം പുതിയ മദ്യനയം പ്രഖ്യാപിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ കണ്ടുപിടിച്ച അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍:
സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ മദ്യം ലഭിക്കാതെ ഉദ്യോഗസ്ഥര്‍ വലയുന്നു. ഇന്‍ഫോപാര്‍ക്ക്, ടെക്‌നോപാര്‍ക്ക് തുടങ്ങിയ ഐടി പാര്‍ക്കുകളില്‍ പ്രത്യേക മദ്യശാലകള്‍ ഉടന്‍ തുറക്കാന്‍ ക്ലബ് മാതൃകയിലുള്ള ലൈസന്‍സ് നല്‍കും.
2. മദ്യശാലകളിലെ തിരക്കുകാരണം പൂട്ടിപ്പോയ ഷോപ്പുകള്‍ അടക്കം പ്രീമിയം ഷോപ്പുകള്‍ പുനരാരംഭിക്കും.
3. ആവശ്യമായ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമോ ബിയറോ ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നില്ലെന്ന പ്രശ്‌നത്തിനു നിലവിലുള്ള ഉല്‍പാദനം വര്‍ധിപ്പിക്കാനും പുതിയ യൂണിറ്റുകള്‍ ആരംഭിക്കാനും നടപടി സ്വീകരിക്കും.
4. സംസ്ഥാനം നിക്ഷേപ സൗഹൃദമാക്കുന്നതിനു പുതിയ ഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടത് ആവശ്യമായിരിക്കുന്നു പോലും! ആയതിനാല്‍ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ ജവാന്‍ റം ഉല്‍പാദനം കൂട്ടാനും മലബാര്‍ ഡിസ്റ്റിലറിയില്‍ മദ്യോല്‍പാദനം ആരംഭിക്കാനും നടപടി സ്വീകരിക്കും.
5. എട്ടു താലൂക്കുകളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളും കൂടുതല്‍ വാഹനങ്ങളും 100 പിസ്റ്റളുകളും വാങ്ങും.
6. കള്ളുചെത്തു വ്യവസായ വികസന ബോര്‍ഡ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
7. വിദേശമദ്യ വില്‍പന പ്രോത്സാഹിപ്പിക്കാന്‍ കംപ്യൂട്ടര്‍വല്‍കരണം ഉടന്‍ നടപ്പാക്കും.
8. ബിവറേജസ് വില്‍പനകേന്ദ്രങ്ങളിലെ നീണ്ട ക്യൂ അവസാനിപ്പിക്കും.
ഉപയോഗം ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ ഒന്നാം പിണറായി സര്‍ക്കാര്‍, രണ്ടാം ഊഴമായപ്പോഴേക്കും മദ്യലോബികളുടെ പിടിയില്‍ അമരുകയാണ്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കേരളത്തിലുണ്ടായിരുന്നത് 258 ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ വില്‍പന കേന്ദ്രങ്ങളും 34 ബാര്‍ ഹോട്ടലുകളുമായിരുന്നു.
എന്നാല്‍ ഇന്ന് ബാറുകളുടെ എണ്ണം 689 ആണ്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ 295, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ വില്‍്പനശാലകള്‍ 306. പുതിയ ആറു ബാറുകള്‍ക്കുള്ള അപേക്ഷയും പൂട്ടിപ്പോയ 29 വിദേശമദ്യ വില്‍പനശാലകളെ സ്റ്റാര്‍ മാര്‍ക്കറ്റുകളാക്കുന്നതും പരിഗണിക്കുന്നു. കൂടാതെ 43 ക്ലബ്ബുകളും. നാലായിരത്തിനടുത്തു കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ ആവശ്യത്തിന് മദ്യം വാങ്ങാന്‍ സാധിക്കുന്നില്ല എന്നത് വലിയൊരു വിരോധാഭാസമാണ്.
മദ്യലഭ്യത കുറച്ചുകൊണ്ടു വരുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാതെ മദ്യലഭ്യത വളര്‍ത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുന്നത് ജനദ്രോഹ സമീപനം തന്നെയാണ്. പാവപ്പെട്ടവരുടെ ദൗര്‍ബല്യങ്ങളെ മുതലെടുത്ത് മദ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നീക്കമല്ലേ മരച്ചീനി, കശുമാങ്ങ, ചക്ക, കൈതച്ചക്ക, വാഴപ്പഴം, ജാതിത്തൊണ്ട് തുടങ്ങിയവയില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാന്‍, എക്‌സൈസ് നിയമത്തില്‍ ഭേദഗതി പോലും ആവശ്യമില്ലെന്ന എക്‌സൈസ് മന്ത്രിയുടെ അഭിപ്രായത്തില്‍ നിഴലിക്കുന്നത്.
29 ശതമാനത്തില്‍ താഴെ മാത്രം മദ്യത്തിന്റെ അംശമുള്ള ഉത്പന്നങ്ങള്‍ സാധാരണ രീതിയില്‍ ഉല്‍പാദിപ്പിക്കാമെന്ന ഔദാര്യവും മന്ത്രി നല്‍കുന്നു. ദുരന്തം പലപ്പോഴും നേരിടുന്ന നാടാണ് കേരളം. ടൂറിസം വളരണം എന്നതു ശരിതന്നെ. പക്ഷേ മദ്യം ലഭ്യമാക്കിയാലേ ടൂറിസം വളരൂ എന്നത് മിഥ്യാധാരണയാണ്.
ഐടി മേഖലയുടെ വികസനത്തിന് ആവശ്യമായ നൂതന ആശയങ്ങളും മാര്‍ഗങ്ങളും കണ്ടെത്താന്‍ യുവ പ്രഫഷണലുകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്താനും കൂടുതല്‍ കോഴ്‌സുകള്‍ തുടങ്ങാനും വിദേശ സഹായം തേടാനും ശ്രമിക്കുക എന്നതാണ് ആവശ്യം.
കൂലിപ്പണിക്കാര്‍ അടക്കമുള്ള താഴ്ന്ന വരുമാനക്കാരുടെ കുടുംബങ്ങളെയാണ് മദ്യശാലകളുടെ എണ്ണം പെരുകുന്നത് ബാധിക്കുക. അതുപോലെ കാര്‍ഷികോല്‍പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം എന്ന ആശയം തന്നെ കാര്‍ഷിക സംസ്‌കൃതിയുടെ തകര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും കാരണമാകും. തൊഴില്‍ ചെയ്തു ജീവിക്കുന്ന അവരെ മദ്യപാനാസക്തിയിലേക്കു നയിക്കാനേ ഈ തീരുമാനം പ്രയോജനം ചെയ്യുകയുള്ളൂ.
സാമൂഹിക തിന്മകളുടെ എല്ലാം പിന്നില്‍ മദ്യമുണ്ട്. ഒരു സമൂഹത്തെ മുഴുവന്‍ മദ്യാസക്തിയിലേക്കു കൊണ്ടുവരുന്നതു മരണസംസ്‌കാരമാണ്. ഗൗരവതരമായിട്ടുള്ള ഇക്കാര്യം സര്‍ക്കാര്‍ പുനപരിശോധിക്കേണ്ടതാണ്. അങ്ങനെ സര്‍ക്കാര്‍ ജനങ്ങളുടേതാകട്ടെ.
സാധാരണക്കാരുടെ ജീവനോപാധിയായിരിക്കുന്ന കപ്പയിന്മേല്‍ കൈവയ്ക്കരുതേ. നിലവിലുള്ള മദ്യനയത്തില്‍ കാതലായ യാതൊരു മാറ്റങ്ങളും വരുത്താതെ കാര്‍ഷിക മേഖലയെക്കൂടി ഇതിലേക്കു വലിച്ചിഴച്ച് സാധാരണ മനുഷ്യരെ കബളിപ്പിക്കാനുള്ള ഒരു നീക്കമാണ് പുതിയത് എന്ന് വിളിക്കപ്പെടുന്ന ഈ മദ്യനയം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.