യുഎസില്‍ 40 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു; അറസ്റ്റിലായവര്‍ തീവ്രവാദ സ്വഭാവമുള്ളവരെന്ന് സിബിപി

യുഎസില്‍ 40 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു; അറസ്റ്റിലായവര്‍ തീവ്രവാദ സ്വഭാവമുള്ളവരെന്ന് സിബിപി

വാഷിങ്ടണ്‍: യുഎസിലേക്ക് അനധികൃതമായി പ്രവേശിച്ച തീവ്രവാദ നിരീക്ഷണ പട്ടികയിലുള്ള 40 ലധികം കുടിയേറ്റക്കാരെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) അറസ്റ്റ് ചെയ്തതായി സിബിപി പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെററിസ്റ്റ് സ്‌ക്രീനിംഗ് ഡാറ്റാബേസില്‍ (ടിഎസ്ഡിബി) ഉള്‍പ്പെട്ടിട്ടുള്ള തീവ്രവാദ സ്വഭാവത്തിലുള്ളവരാണ് അറസ്റ്റിലായത്.

തെക്കന്‍ അതിര്‍ത്തിവഴിയാണ് കുടിയേറ്റക്കാര്‍ കുടുതലായി പ്രവേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ മാത്രം 62,000 ത്തിലധികം അനധികൃത കുടിയേറ്റക്കാര്‍ ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാരുടെ കണ്ണുവെട്ടിച്ച് രാജ്യത്തേക്ക് കടന്നതായി സിബിപി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് അനധികൃതമായി കുടിയേറുന്നവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് 20 ഹൗസ് റിപ്പബ്ലിക്കന്‍മാര്‍ ആവശ്യപ്പെട്ട പ്രകാരം നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.

കഴിഞ്ഞ വര്‍ഷം 23 അനധികൃത കുടിയേറ്റക്കാരെ ബോര്‍ഡര്‍ പട്രോള്‍ അറസ്റ്റ് ചെയ്തിരുന്നു. ജോ ബൈഡന്‍ അധികാരമേറ്റതിന് ശേഷം മുന്‍പില്ലാത്ത വിധം രാജ്യത്തേക്ക് കുടിയേറ്റക്കാരുടെ ഒഴുക്കാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. മുന്‍ ബോര്‍ഡര്‍ പട്രോള്‍ മേധാവി റോഡ്‌നി സ്‌കോട്ടിന്റെ മുന്നറിയിപ്പിനെ മുന്‍നിര്‍ത്തിയായിരുന്നു ആരോപണം.



മാര്‍ച്ച് മാസത്തില്‍ മാത്രം അമേരിക്കന്‍ അതിര്‍ത്തികളില്‍ 220,000 ലധികം ഏറ്റുമുട്ടലുകള്‍ കുടിയേറ്റക്കാരുമായി ഉണ്ടായെന്നാണ് കണക്ക്. ബൈഡന്‍ പ്രസിഡന്റായ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇത്തരത്തില്‍ രാജ്യത്ത് കയറിക്കൂടുന്ന കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നതിനും മടക്കി അയയ്ക്കുന്നതിനുമായി 95 ദശലക്ഷം ഡോളര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചതായും സിബിപി പുറത്തുവിട്ട ഡേറ്റയില്‍ പറയുന്നു.

2021 ജനുവരി 20 മുതല്‍ സിബിപി ഉദ്യോഗസ്ഥര്‍ക്കായി 95 ദശലക്ഷം ഡോളര്‍ ഫെഡറല്‍ ഫണ്ടിംഗ്, 338 ദശലക്ഷം ഡോളര്‍ അടിസ്ഥാന സൗകര്യങ്ങള്‍, 98 ദശലക്ഷം ഡോളര്‍ യൂട്ടിലിറ്റികള്‍ക്കും ഭക്ഷണത്തിനും, 166 ദശലക്ഷം ഡോളര്‍ ആരോഗ്യപരിപാലനത്തിനും ചെലവഴിച്ചു. കൂടാതെ, കുടിയേറ്റക്കാരെ വാഹനത്തില്‍ കൊണ്ടുപോകുന്നതിന് 12 ദശലക്ഷം ഡോളറും വിമാനത്തില്‍ കൊണ്ടുപോകാന്‍ 36 ദശലക്ഷം ഡോളറും ചെലവഴിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.