മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണവും മാര്‍ ജേക്കബ് മനത്തോടത്തിന്റെ യാത്രയയപ്പും ഇന്ന്‌

മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണവും മാര്‍ ജേക്കബ് മനത്തോടത്തിന്റെ യാത്രയയപ്പും  ഇന്ന്‌

പാലക്കാട്: പാലക്കാട് രൂപതയുടെ പുതിയ മെത്രാനായി നിയമിതനായ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണവും വിരമിക്കുന്ന രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്തിന്റെ യാത്രയയപ്പും ഇന്ന്‌.

2020 ജനുവരി 15 നാണ് രൂപതയുടെ സഹായ മെത്രാനായി മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിയമിതനായത്. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 2022 ജനുവരി 15 ന് സീറോ മലബാര്‍ മെത്രാന്‍ സിനഡ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനെ പാലക്കാട് രൂപതാധ്യക്ഷനായി തെരഞ്ഞെടുത്തു.

സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ അങ്കണത്തില്‍ ഇന്ന്‌ രാവിലെ ഒമ്പതിനു വിശിഷ്ടാതിഥികളെ സ്വീകരിക്കും. പ്രത്യേകം തയാറാക്കിയ വേദിയില്‍ രാവിലെ 9.30ന് ആരംഭിക്കുന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനാകും. തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ സഹ കാര്‍മികത്വം വഹിക്കും.

മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനെ പാലക്കാട് രൂപതാ മെത്രാനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാര്‍ സഭാധ്യക്ഷന്റെ നിയമന പത്രിക രൂപത ചാന്‍സലര്‍ റവ.ഡോ. ജെയ്‌മോന്‍ പള്ളിനീരാക്കല്‍ വായിക്കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചന സന്ദേശം നല്‍കും.

തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് വിശിഷ്ടാതിഥിയായിരിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും.

സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, വി.കെ. ശ്രീകണ്ഠന്‍ എംപി, ഷാഫി പറമ്പില്‍ എംഎല്‍എ, നഗരസഭാ അധ്യക്ഷ പ്രിയ അജയന്‍, സുല്‍ത്താന്‍പേട്ട് രൂപത മെത്രാന്‍ ഡോ. പീറ്റര്‍ അബീര്‍ അന്തോണി സ്വാമി, കാനഡ മിസിസാഗ രൂപതാ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, സിഎസ്‌ഐ മലബാര്‍ മഹാ ഇടവക അധ്യക്ഷന്‍ ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടര്‍, സിഎംഐ കോയമ്പത്തൂര്‍ പ്രേഷിത പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. സാജു ചക്കാലയ്ക്കല്‍, എകെസിസി രൂപത പ്രസിഡന്റ് തോമസ് ആന്റണി, മാതൃവേദി രൂപത പ്രസിഡന്റ് മേരിക്കുട്ടി ജോര്‍ജ്, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി എന്നിവര്‍ പ്രസംഗിക്കും.

കൂടാതെ മത-സാമൂഹിക-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍ സ്ഥാനാരോഹണ ചടങ്ങിലും യാത്രയയപ്പിലും പങ്കുചേരും. സ്ഥാനാരോഹണ ചടങ്ങുകള്‍ ഷെക്കെയ്‌ന ടിവിയിലും രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ സാന്‍ജോ മീഡിയയിലും സജീവ സംപ്രേഷണമുണ്ടായിരിക്കും.

വികാരി ജനറാള്‍ ഫാ. ജീജോ ചാലയ്ക്കല്‍ കണ്‍വീനറായും കത്തീഡ്രല്‍ വികാരി ഫാ. ജോഷി പുലിക്കോട്ടില്‍ ജോയിന്റ് കണ്‍വീനറായുമുള്ള സംഘാടക സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്കും. ഇതു സംബന്ധിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, രൂപതാ ചാന്‍സലര്‍ ഫാ. ജെയ്‌മോന്‍ പള്ളിനീരാക്കല്‍, പിആര്‍ഒ ഫാ. ജോബി കാച്ചപ്പിള്ളി, ഫാ. ജോഷി പുലിക്കോട്ടില്‍ എന്നിവര്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.