കറാച്ചി യുണിവേഴ്‌സിറ്റിയില്‍ ചാവേര്‍ സ്‌ഫോടനം; നാല് പേര്‍ മരിച്ചു

കറാച്ചി യുണിവേഴ്‌സിറ്റിയില്‍ ചാവേര്‍ സ്‌ഫോടനം; നാല് പേര്‍ മരിച്ചു

കറാച്ചി: കറാച്ചി യൂണിവേഴ്‌സിറ്റി കാമ്പസില്‍ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിനു മുന്നില്‍ സ്‌ഫോടനം. നാല് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അധ്യാപകരെ കൊണ്ടുവന്ന വാനിനുനേരെയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. മരിച്ച മൂന്ന് പേര്‍ ചൈനയില്‍ നിന്നുള്ള അധ്യാപകരാണെന്ന് യൂണിവേഴ്‌സിറ്റി പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഹുവാങ് ഗുയിപിങ്, വനിതാ അധ്യാപകരായ ഡിങ് മുപെങ്, ചെന്‍സാ എന്നിവരാണ് മരിച്ച അധ്യാപകര്‍. പാക്കിസ്ഥാന്‍കാരനായ വാന്‍ ഡ്രൈവറും കൊല്ലപ്പെട്ടു. ഇവര്‍ക്ക് അകമ്പടിയായി മോട്ടര്‍ സൈക്കിളില്‍ വന്ന നാല് പാക്ക് സുരക്ഷാഭടന്മാര്‍ക്കും പരുക്കേറ്റു.

ഗെസ്റ്റ് ഹൗസില്‍ നിന്ന് അധ്യാപകരെ കൊണ്ടുവന്ന വാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവാടത്തില്‍ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം. തുടര്‍ന്നുണ്ടായ അഗ്‌നിബാധയില്‍ വാന്‍ കത്തി നശിച്ചു. വിദേശികളെ ലക്ഷ്യമിട്ടുതന്നെയായിരുന്നു സ്‌ഫോടനം എന്നാണ് സൂചന.

മുന്‍പും പലവട്ടം കറാച്ചിയില്‍ ചൈനക്കാര്‍ക്കെതിരെ ആക്രമണമുണ്ടായിട്ടുണ്ട്. ചൈന പാക്ക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു ചൈനക്കാര്‍ ബലൂചിസ്ഥാനില്‍ പണിയെടുക്കുന്നുണ്ട്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ബലൂച് വിമോചന സേന ഏറ്റെടുത്തു. തങ്ങളുടെ ആദ്യത്തെ വനിതാ ചാവേറാണ് സ്‌ഫോടനം നടത്തിയതെന്ന് അവര്‍ അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.