ടെക്‌സാസ്: യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ മറുകരയിലെത്തിക്കുന്ന ദൗത്യത്തിനിടെ റിയോ ഗ്രാന്‍ഡെ നദിയില്‍ മുങ്ങിമരിച്ച സൈനികന്‍ ബിഷപ്പ് ഇ. ഇവാന്‍സ് രക്ഷാപ്രവര്‍ത്തന വേളയില്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ധരിച്ചിരുന്നില്ലെന്ന് കണ്ടെത്തല്‍. ഫ്‌ളോട്ടേഷന്‍ ഉപകരണങ്ങളില്ലാതെ നദിയില്‍ ഇറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് മേജര്‍ ജനറല്‍ തോമസ് സുയല്‍സര്‍ പറഞ്ഞു.
ഗവര്‍ണര്‍ ഗ്രെഗ് അബോട്ടിന്റെ ഓപ്പറേഷന്‍ ലോണ്‍ സ്റ്റാര്‍ ദൗത്യത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരുന്ന 6,100 ലധികം ഗാര്‍ഡ് അംഗങ്ങളില്‍ ഒരാളായിരുന്നു ഇവാന്‍സ്. ബോട്ട് മിഷനുകളില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഗാര്‍ഡ് അംഗങ്ങള്‍ക്കായി 43 ഫ്‌ളോട്ടേഷന്‍ ഉപകരണങ്ങള്‍ ദൗത്യത്തിലുണ്ട്.
ഇവാന്‍സ് ഒരു ബോട്ട് ക്രൂ അംഗമല്ലായിരുന്നതിനാല്‍ ഫ്‌ളോട്ടേഷന്‍ ഉപകരണങ്ങള്‍ ധരിച്ചിരുന്നില്ല. കുടിയേറ്റക്കാരിയായ സ്ത്രീ വെള്ളത്തില്‍ അപകടപ്പെട്ടത് കണ്ട് മറ്റൊന്നും ആലോചിക്കാതെ ഇവാന്‍സ് വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളില്ലാതെ ഇത്തരത്തില്‍ ഗാര്‍ഡ് അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് പതിവായിരുന്നതിനാല്‍ മറ്റുള്ളവര്‍ അതിനെ എതിര്‍ത്തതുമില്ല.
അതേസമയം അതിര്‍ത്തി സേനയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാത്തതിനെതിരെ ശക്തമായ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. ഉപകരണങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയെന്നാണ് വിമര്‍ശനം. എന്നാല്‍ ഉപകരണം വാങ്ങുന്നതിന് കരാര്‍ നല്‍കിയെന്നും കരാര്‍ കമ്പനിയുടെ അനാസ്ഥയാണ് ഉപകരണങ്ങള്‍ ലഭ്യമായിട്ടില്ലാത്തതെന്നും സര്‍ക്കാര്‍ വക്താക്കള്‍ പറഞ്ഞു.
ഇവാന്‍സ് മരിച്ച പശ്ചാത്തലത്തില്‍ വെള്ളത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് ടെക്‌സാസ് നാഷണല്‍ ഗാര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തി. പരിശീലനം ലഭിക്കാത്തവര്‍ അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിന് വിലക്കുണ്ട്. വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ നിര്‍ബന്ധമായും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ധരിക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കി.
ഓപ്പറേഷന്‍ ലോണ്‍ സ്റ്റാര്‍ ദൗത്യത്തിന്റെ ഭാഗമായി കുടിയേറ്റക്കാരെ സഹായിക്കാന്‍ കരയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് ഏറെയും. വെള്ളത്തില്‍ ഇറങ്ങിയുള്ള രക്ഷാപ്രവര്‍ത്തനം ഇക്കാലത്തിനിടെ നാലോ അഞ്ചോ തവണയെ ഉണ്ടായിട്ടുള്ളു. ദൗത്യത്തിനിടെ പലകാരണങ്ങളാല്‍ മരണപ്പെട്ടവരില്‍ അഞ്ചാമത്തെ ഗാര്‍ഡ് അംഗമാണ് ഇവാന്‍സ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.