ജാക്‌സണ്‍: അമേരിക്കയിലെ തെക്കന്‍ സംസ്ഥാനമായ മിസിസിപ്പിയില്‍ ആകാശത്ത് വലിയ ശബ്ദത്തോടെ ഉല്‍ക്ക പാഞ്ഞുപോയതായി റിപ്പോര്‍ട്ട്. മിസിസിപ്പി നദിക്ക് മുകളിലൂടെ പാഞ്ഞുപോകുന്ന അഗ്‌നിഗോളത്തെ ബുധനാഴ്ച്ച രാവിലെ 8:03-നാണ് പ്രദേശവാസികള്‍ ആദ്യം കണ്ടത്. നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വലിയ സ്‌ഫോടന ശബ്ദം കേട്ടതായും ഭൂചലനം അനുഭവപ്പെട്ടതായും നാസയുടെ മെറ്റിറോയിഡ് എന്‍വയോണ്‍മെന്റ് ഓഫീസിലെ ബില്‍ കുക്ക് പറഞ്ഞു.
ഉല്‍ക്കാ പതനമാണ് ഉണ്ടായതെന്നാണ് നാസയുടെ നിഗമനം. അര്‍ക്കന്‍സാസ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളിലും നിരവധി പേര്‍ ആകാശത്ത് അസാധാരണമാംവിധം ശോഭയുള്ള തീഗോളം കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
നാശനഷ്ടമുണ്ടാക്കാന്‍ പ്രാപ്തിയില്ലാത്തത്ര ചെറുതായിരുന്നു ഉല്‍ക്ക. അതിന്റെ കഷണങ്ങളൊന്നും ഭൂമിയില്‍ വീണിട്ടില്ല. ലൂസിയാനയിലെ മിനോര്‍ക്കയിലെ ചതുപ്പ് പ്രദേശത്തിന് 34 മൈല്‍ ഉയരത്തില്‍ ഉല്‍ക്ക കത്തിയമര്‍ന്നതായി നാസ വ്യക്തമാക്കി. അഗ്‌നിഗോളത്തിന് പൂര്‍ണ്ണചന്ദ്രനേക്കാള്‍ 10 മടങ്ങ് തിളക്കമുണ്ടായിരുന്നുവെന്ന് നാസ പറഞ്ഞു.
ധൂമകേതുക്കള്‍. ഛിന്നഗ്രഹങ്ങള്‍, എന്നിവയില്‍ നിന്നാണ് പ്രധാനമായും ഉല്‍ക്കയുടെ വരവ്.
വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണത്തിനും മറ്റ് ഘടകങ്ങള്‍ക്കും ഉല്‍ക്കയുടെ സഞ്ചാരപഥത്തെ മാറ്റാന്‍ കഴിയും. അങ്ങനെ ചില കഷണങ്ങളാണ് ഇടയ്ക്കിടെ ഭൂമിയില്‍ പതിക്കുന്നത്.
80 മുതല്‍ 90 പൗണ്ട് വരെ ഭാരമുള്ള, ഛിന്നഗ്രഹത്തിന്റെ ഭാഗമാണ് മിസിസിപ്പിക്ക് മുകളിലൂടെ പാഞ്ഞുപോയ തീഗോളത്തിന് കാരണമായത്. ഇത് മണിക്കൂറില്‍ 55,000 മൈല്‍ വേഗതയിലാണ് സഞ്ചരിച്ചത്. അന്തരീക്ഷത്തില്‍ പൊട്ടിത്തെറിച്ചപ്പോഴുണ്ടായ സമ്മര്‍ദ്ദ തരംഗങ്ങള്‍ മൂലമാണ് ഭൂമികുലുക്കമുണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.