മദ്യനയത്തെ വെള്ള പൂശാന്‍ അള്‍ത്താരയിലെ വീഞ്ഞ് ഉപയോഗിക്കരുത്... 'അത് കര്‍ത്താവിന്റെ തിരുരക്തമാണ്'

മദ്യനയത്തെ വെള്ള പൂശാന്‍ അള്‍ത്താരയിലെ വീഞ്ഞ് ഉപയോഗിക്കരുത്... 'അത് കര്‍ത്താവിന്റെ തിരുരക്തമാണ്'

'പിണറായിക്ക് അത് ലഹരിയുള്ള മദ്യമാണെങ്കില്‍ ഞങ്ങള്‍ക്ക് യേശുവിന്റെ തിരുരക്തത്തിന്റെ പ്രതീകമാണ്'. തലശേരി അതിരൂപതാധ്യക്ഷനും സീറോ മലബാര്‍ സഭാ സിനഡ് സെക്രട്ടറിയുമായ മാര്‍ ജോസഫ് പാംപ്ലാനി പിതാവ് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ  പറഞ്ഞ ഈ വാക്കുകളുടെ വിശ്വാസപരമായ അര്‍ത്ഥതലം ഓരോ ക്രൈസ്തവനും ആഴത്തില്‍ മനനം ചെയ്യേണ്ടതാണ്.

ഇടതു സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധമറിയിച്ച ക്രൈസ്തവ സഭാ നേതൃത്വത്തെ പരോഷമായി പരിഹസിച്ച് 'പള്ളീലച്ചന്‍മാര്‍ക്ക് വൈന്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ അനുവാദം കൊടുക്കുന്നുണ്ട്' എന്ന് പുതിയ മദ്യനയം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയെ പരാമര്‍ശിച്ചാണ് തന്റെ പ്രസംഗ മധ്യേ മാര്‍ ജോസഫ് പാംപ്ലാനി കുറിയ്ക്കു കൊള്ളുന്ന മറുപടി കൊടുത്തത്.

അഭിനവ നവയുഗ വിപ്ലവ പാര്‍ട്ടികള്‍ക്ക് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ ചരിത്ര സംഭവത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്നാണോ? എങ്കില്‍ പറയാം... 'അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് അവര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്നു പാനം ചെയ്യുവിന്‍. ഇതു പാപ മോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്' (മത്തായി 26:27-28).

അന്ത്യത്താഴ വേളയില്‍ ഇപ്രകാരം പറഞ്ഞുകൊണ്ട് മുന്തിരി വീഞ്ഞും അപ്പവുമാണ് ക്രിസ്തു ശിഷ്യന്‍മാര്‍ക്ക് പകര്‍ന്നു നല്‍കിയത്. ലോകാവസാനം വരെ അത് തന്റെ ഓര്‍മയ്ക്കായി ചെയ്യേണ്ടതിനായി തന്റെ അനുയായികളോട് ക്രിസ്തു നിഷ്‌കര്‍ഷിച്ചതാണ് വിശുദ്ധ കുര്‍ബാനയര്‍പ്പണം. യഹൂദ പെസഹായുടെ പശ്ചാത്തലത്തിലാണ് ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്നത്. മുന്തിരി യഹൂദരുടെ മുഖ്യ കൃഷികളിലൊന്നായിരുന്നു. കൂടാതെ വിശേഷാവസരങ്ങളിലും ബലികളിലും മുന്തിരി വീഞ്ഞ് പ്രധാന ഘടകവുമായിരുന്നു.

അപ്രകാരം ആദ്യ ദിവ്യബലി അര്‍പ്പിക്കപ്പെട്ട അന്നു മുതല്‍ വീഞ്ഞിന് അള്‍ത്താരയില്‍ പ്രഥമ സ്ഥാനമുണ്ട്. കാരണം അന്ത്യത്താഴത്തില്‍ ക്രിസ്തു തന്റെ ശരീര രക്തങ്ങളായി പരിവര്‍ത്തനപ്പെടുത്തിയ അപ്പവും വീഞ്ഞും തന്നെയാണ് സഭയും കാലാന്തരങ്ങളായി ഉപയോഗിക്കുന്നത്. കൂദാശാ വചനങ്ങള്‍ വൈദികന്‍ ഉച്ചരിച്ച ശേഷം അള്‍ത്താരയിലുള്ളത് അപ്പവും വീഞ്ഞുമല്ല; കര്‍ത്താവിന്റെ തിരുശരീര രക്തങ്ങളാണ്.

ചരിത്രത്തിന്റെ പവിത്രമായ അടയാളപ്പെടുത്തലുകള്‍ അപ്രകാരമായിരിക്കേ കേരള കത്തോലിക്കാ സഭയും പിന്‍പറ്റി പോരുന്ന ആ മഹത്തായ ആചാരത്തിന് പിണറായി വിജയനോ കേരളം മാറിമാറി ഭരിച്ച ഇടത്, വലത് സര്‍ക്കാരുകളോ അനുവദിച്ചരുളിയ ഓശാരമല്ല അള്‍ത്താരയിലെ വീഞ്ഞ് എന്ന കാര്യം ഓര്‍മ്മിപ്പിക്കട്ടെ.

എ.ഡി 1502 ല്‍ വെനീസില്‍ നിന്ന് പ്രസിദ്ധീകരിച്ച Narrative of Joseph the Indian എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു പ്രകാരം യൂറോപ്യന്‍ മിഷനറിമാരുടെ ആഗമനം വരെ കേരള സഭയില്‍ ഓരോ പള്ളിയിലും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്തു പിഴിഞ്ഞെടുത്ത ചാറാണ് വിശുദ്ധ കുര്‍ബാനയ്ക്കുപയോഗിച്ചിരുന്നത്. 1599 ല്‍ ഉദയംപേരൂര്‍ സൂനഹദോസിനു ശേഷം കേരള സഭയില്‍ ഇന്നത്തെ രീതിയിലുള്ള സാക്രമെന്റല്‍/മാസ് വൈന്‍ അഥവാ വിശുദ്ധ കുര്‍ബാനയ്ക്കുള്ള വീഞ്ഞ് പോര്‍ച്ചുഗലില്‍ നിന്നാണ് കൊണ്ടുവന്നിരുന്നത്.

കൊച്ചി ദിവാനായിരുന്ന ഷണ്‍മുഖം ചെട്ടി കേരളത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കാവശ്യമായ വീഞ്ഞുണ്ടാക്കുന്നതു സംബന്ധിച്ച് 1938 ല്‍ കൊച്ചിന്‍ മാസ് വൈന്‍ റൂള്‍സ് എന്നൊരു പ്രത്യേക നിയമം കൊണ്ടുവന്നു. പിന്നീടത് 1969 ലെ കേരള ഗസറ്റ് വിജ്ഞാപനം വഴി ജനാധിപത്യ സര്‍ക്കാരുകളും ഏറ്റെടുത്ത് അംഗീകരിച്ചു.

പ്രസ്തുത നിയമമനുസരിച്ച് വീഞ്ഞിന്റെ നിര്‍മാണം, വിതരണം, സ്റ്റോക്ക് എന്നിവ സംബന്ധിച്ച് പാലിക്കേണ്ട ചട്ടങ്ങളും സൂക്ഷിക്കേണ്ട രജിസ്റ്ററുകളുമല്ലാം ചിട്ടായി പാലിച്ചുകൊണ്ടാണ് കുര്‍ബാനയ്ക്കാവശ്യമായ വീഞ്ഞുണ്ടാക്കുന്നത്. പള്ളികളുടെയും വിശ്വാസികളുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടാകുമ്പോള്‍ കാലാകാലങ്ങളില്‍ സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ച് മാത്രമാണ് വീഞ്ഞുത്പാദനം വര്‍ധിപ്പിക്കുന്നത്.

പാശ്ചാത്യ, പൗരസ്ത്യ സഭകളുടെ കാനന്‍ നിയമ സംഹിതകളില്‍ മുന്തിരിയില്‍ നിന്നു തയാറാക്കിയ ശുദ്ധമായ വീഞ്ഞാണ് വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കേണ്ടത് എന്ന് സഭ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അങ്ങനെ ദൈവ കല്‍പിതവും പാരമ്പര്യപ്രോക്തവും സഭാ നിയമ നിഷ്‌കര്‍ഷയാലുമാണ് കുര്‍ബാനയിലെ വീഞ്ഞുപയോഗം.

കേരളത്തിലടക്കം ലോകമെമ്പാടും നിരവധി സ്ഥലങ്ങളില്‍ വിശുദ്ധ കുര്‍ബാനയിലെ അപ്പ വീഞ്ഞുകള്‍ മാംസവും രക്തവുമായി ദൈവം വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധമായത് ഇറ്റലിയിലെ ലാന്‍സിയാനോയില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതമാണ്.

കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് ചിലര്‍ വിളിച്ചു പറയുന്നതു പോലെ ലഹരിയുള്ള ആല്‍ക്കഹോളിക്ക് ലിക്കര്‍ അല്ല. അതുകൊണ്ടു തന്നെയാണ് ഈ വീഞ്ഞിനെ സാധാരണ മദ്യത്തിന്റെ ഗണത്തില്‍ പെടുത്താതെ പ്രത്യേകമായി പരിഗണിച്ച് നിയമ നിര്‍മ്മാണങ്ങള്‍ നടത്തപ്പെട്ടിട്ടുള്ളത്.

അബ്കാരി നിയമ പ്രകാരം വൈനിനെ നിര്‍വ്വചിക്കുന്നത് 8 മുതല്‍ 15 ശതമാനം വരെ ആല്‍ക്കഹോളിക്ക് കണ്ടന്റ് ഉള്ള പാനീയമെന്നാണ്. എന്നാല്‍ കുര്‍ബാനയ്ക്ക് അര്‍പ്പിക്കുന്ന വൈനില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ആല്‍ക്കഹോളിക്ക് കണ്ടന്റ്. അതിനാലാണ് മദ്യനിരോധനം കര്‍ശനമായുള്ള രാജ്യങ്ങള്‍ പോലും വിശുദ്ധ കുര്‍ബനയ്ക്കുള്ള വീഞ്ഞ് മദ്യമായി കാണാത്തത്.

ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കേ, കേരളത്തെ മദ്യവിമുക്തമാക്കാന്‍ എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധമാണ് എന്നു പറഞ്ഞ് മദ്യം മൂലം തകര്‍ന്ന് തരിപ്പണമായ നിരവധി കുടുംബങ്ങളിലെ സ്ത്രീകളുടെ വേട്ട് നേടി അധികാരത്തിലെത്തുകയും പിന്നീട് മദ്യ രാജാക്കന്‍മാര്‍ വച്ചു നീട്ടിയ നോട്ടു കെട്ടുകള്‍ കണ്ടപ്പോള്‍ കണ്ണ് മഞ്ഞളിച്ചു പോവുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

കത്തോലിക്കാ സഭയുടെ മദ്യവിരുദ്ധ നയം കണ്ണിലെ കരടായപ്പോള്‍ സഭയുടെ വിശ്വാസത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ കടന്നാക്രമിക്കുകയും സനാതന സത്യങ്ങളെ പരിഹസിക്കുകയും ചെയ്യുന്നത് സര്‍ക്കാരിന് ഭൂഷണമല്ല... തിരഞ്ഞെടുപ്പ് ഒരിക്കല്‍ മാത്രമുണ്ടാകുന്ന അപൂര്‍വ്വ പ്രതിഭാസമല്ല എന്ന കാര്യം കൂടി ഓര്‍മ്മിപ്പിക്കട്ടെ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.