എട്ട് വര്‍ഷം മുമ്പ് പഞ്ചാബിലെ ഒരു ഗ്രാമമായ അജ്‌നാലയില്‍ നിന്ന് 160 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് ആരുടേതാകാമെന്നതിനെ ചൊല്ലി നിരവധി ഊഹാപോഹങ്ങളാണ് അന്ന് ഉയര്‍ന്നത്. അത് ഇന്ത്യന്‍ സൈനികരുടേതാകാമെന്നതായിരുന്നു ഒരു കണ്ടെത്തല്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 160 വര്‍ഷം പഴക്കമുള്ള ഈ അസ്ഥികൂടങ്ങള്‍ 1857ല്‍ കൊല്ലപ്പെട്ട സ്വാതന്ത്ര്യ സമരസേനാനികളുടേതാണെന്നാണ് പുതിയ പഠനം പറയുന്നത്.
അത് പഞ്ചാബിലെയോ, പാക്കിസ്ഥാനിലെയോ ആളുകളുടേതല്ല. മറിച്ച് ബീഹാര്‍, യുപി, പടിഞ്ഞാറന്‍ ബംഗാള്‍ എന്നിവിടങ്ങളെ ജനങ്ങളുടെതാണെന്ന് ഗവേഷകര്‍ പറയുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍പ്രിന്റിങ് ആന്‍ഡ് ഡയഗ്നോസ്റ്റിക്സ് എന്നിവയുള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ജനിതക ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സംഘമാണ് പുതിയ വിവരം വെളിപ്പെടുത്തിയത്.
2014ന്റെ തുടക്കത്തിലാണ് അജ്നാലയിലെ ഒരു പഴയ കിണറ്റില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കുഴിച്ചെടുത്തത്. ചില ചരിത്രകാരന്മാര്‍ ഈ അസ്ഥികൂടങ്ങള്‍ ഇന്ത്യ-പാകിസ്ഥാന്‍ വിഭജന സമയത്ത് നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടേതാണെന്ന് വാദിച്ചിരുന്നു. എന്നാല്‍ മറ്റ് ചിലര്‍ ഇത് 1857ലെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷ് സൈന്യം കൊലപ്പെടുത്തിയ ഇന്ത്യന്‍ സൈനികരുടെ അസ്ഥികൂടങ്ങളാണെന്ന് വിശ്വസിച്ചു. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം ഒരു നിഗമനത്തില്‍ എത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞില്ല.
അപ്പോഴാണ് പഞ്ചാബ് സര്‍വകലാശാലയിലെ നരവംശശാസ്ത്രജ്ഞനായ ഡോ. ജെ.എസ് സെഹ്രാവത് അസ്ഥികൂടങ്ങളുടെ ഡിഎന്‍എയും ഐസോടോപ്പും വിശകലനം ചെയ്ത് ഇതാരുടേതാണെന്ന് കണ്ടെത്താന്‍ ഒരു ശ്രമം നടത്തിയത്. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, ലഖ്നൗവിലെ ബിര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട്, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവയുടെയും സഹായം അദ്ദേഹം തേടി.
ഡിഎന്‍എ വിശകലനത്തിനായി 50 സാമ്പിളുകളും ഐസോടോപ്പ് വിശകലനത്തിനായി 85 സാമ്പിളുകളും ഗവേഷകര്‍ എടുത്തു. ഡിഎന്‍എ പരിശോധനയിലൂടെ ആളുകളുടെ വംശ പരമ്പരയെക്കുറിച്ച് മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. ഐസോടോപ്പ് വിശകലനം ചെയ്തപ്പോള്‍ അവരുടെ ഭക്ഷണ ശീലങ്ങളും തിരിച്ചറിഞ്ഞു. ഇതോടെ കിണറ്റില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ പഞ്ചാബിലോ പാകിസ്ഥാനിലോ താമസിക്കുന്നവരുടെതല്ലെന്ന് കണ്ടെത്തുകയായിരുന്നു.
പകരം ഡിഎന്‍എ ക്രമങ്ങള്‍ യുപി, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളുടേതുമായി സാമ്യമുള്ളതായി ഗവേഷകര്‍ കണ്ടെത്തി. ചരിത്രരേഖകളില്‍ പറയുന്നത്, മിയാന്‍-മിറില്‍ നിയമിക്കപ്പെട്ട സൈനികരാണ് അവരെന്നാണ്. മിയാന്‍-മിറില്‍ ഇപ്പോള്‍ ആധുനിക പാകിസ്ഥാനിലാണുള്ളത്. ഒരു കലാപത്തില്‍ ഈ സൈനികര്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിക്കുകയുണ്ടായി. തുടര്‍ന്ന്, അജ്നാലയ്ക്ക് സമീപം വച്ച് ബ്രിട്ടീഷ് സൈനികര്‍ അവരെ പിടികൂടി വധിച്ചു. ഇന്ത്യന്‍ ഒന്നാം സ്വാതന്ത്ര്യ സമര നായകന്മാരുടെ ചരിത്രത്തില്‍ ഒരു സുപ്രധാന അധ്യായമായിരിക്കും ഈ കണ്ടെത്തലെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
ഫ്രോണ്ടിയേഴ്സ് ഇന്‍ ജെനറ്റിക് ജേണലില്‍ ഏപ്രില്‍ 28നാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.