ഫ്‌ളോറിഡ : നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഒർലാന്റോ കൺവെൻഷനിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും. ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ നേതൃത്വത്തിൽ ഫൊക്കാന നേതാക്കൾ കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്ഭവനിൽ ഗവർണറെ നേരിൽ കണ്ട് കൺവെൻഷന്റെ മുഖ്യാതിഥിയായി പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഫൊക്കാന നേതാക്കളുടെ ക്ഷണം സ്വീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിലുള്ള ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ഉറപ്പു നൽകി.
കഴിഞ്ഞ ഫെബ്രുവരിയിൽ പ്രമുഖ മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറും കാരുണ്യപ്രവർത്തകനുമായ പ്രഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കൂട്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിൽ നടന്ന ഫൊക്കാന കേരളാ കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തതും കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു.
ഫൊക്കാന കേരള കൺവെൻഷനിലും ഗവർണർ മുഖ്യാതിഥിയായിരുന്നു
കേരളാ കൺവെൻഷനിലേക്ക് ഗവർണറെ ക്ഷണിക്കാൻ ഫൊക്കാന ഭാരവാഹികൾ രാജ് ഭവനിൽ എത്തിയപ്പോഴാണ് ഫ്‌ളോറിഡയിലെ ഒർലാന്റോയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഗവർണറോട് അഭ്യർത്ഥിച്ചത്. കൺവെൻഷനിൽ പങ്കെടുക്കുമെന്ന് അന്ന് വാക്കാൽ ഉറപ്പു നൽകിയ ഗവർണർ, പിന്നീട് അദ്ദേഹത്തിന്റെ സന്ദർശനം സംബന്ധിച്ച് ഗവർണറുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.
സമാപന സമ്മേളനത്തിൽവച്ച് ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ഗവർണർ സംസാരിച്ചിരുന്നു. കേരള ജനതയ്ക്കായി ഫൊക്കാന ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും, ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന ഗോപിനാഥ് മുതുകാടിന് ഫൊക്കാന നൽകുന്ന സഹായസഹകരണങ്ങളിൽ ഗവർണർ ഏറെ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.
കേരളത്തിന്റെ വികസനങ്ങൾക്കായി അമേരിക്കൻ മലയാളികൾ നടത്തിവരുന്ന സേവനങ്ങളെ പ്രകീർത്തിച്ച ഗവർണർ അമേരിക്കയിലെ മലയാളി സമൂഹത്തെ നേരിൽ കാണാനുള്ള തന്റെ ആഗ്രഹവും ഫൊക്കാന നേതാക്കന്മാർ മുൻപാകെ പങ്കു വച്ചു.
ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടരക്കര, ഫൊക്കാന മുൻ പ്രസിഡണ്ടും കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്ററുമായ പോൾ കറുകപ്പള്ളിൽ, പ്രഫ. ഗോപിനാഥ് മുതുകാട് എന്നിവരും ഗവർണറെ ക്ഷണിക്കാൻ രാജ് ഭവനിലെത്തിയ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിനൊപ്പമുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.