ജര്‍മനിയിലേക്ക് നഴ്‌സ് റിക്രൂട്ട്‌മെന്റ് അന്തിമ ഘട്ടത്തില്‍; ഇന്റര്‍വ്യൂ 13 വരെ: പി. ശ്രീരാമകൃഷ്ണന്‍

ജര്‍മനിയിലേക്ക് നഴ്‌സ് റിക്രൂട്ട്‌മെന്റ് അന്തിമ ഘട്ടത്തില്‍; ഇന്റര്‍വ്യൂ 13 വരെ: പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയുമായി ഒപ്പുവെച്ച ട്രിപ്ള്‍ വിന്‍ പ്രോഗ്രാം വഴിയുള്ള നഴ്സ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെന്ന് നോര്‍ക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

13000 ത്തോളം അപേക്ഷകരില്‍നിന്ന് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നൂറോളം പേരുടെ ഇന്‍റര്‍വ്യൂ ആരംഭിച്ചു. ജര്‍മനിയില്‍നിന്നുള്ള എട്ടംഗ സംഘം തലസ്ഥാനത്ത് ക്യാമ്പ് ചെയ്ത് നടത്തുന്ന ഇന്‍റര്‍വ്യൂ 13ന് അവസാനിക്കും. തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് തിരുവനന്തപുരത്ത് ജര്‍മന്‍ ഭാഷയില്‍ ബി 1 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കിയശേഷമായിരിക്കും ജര്‍മനിയിലേക്ക് കൊണ്ടുപോകുക.

ജര്‍മനിയിലെത്തിയ ശേഷവും ആവശ്യമായ ഭാഷാപരിശീലനവും രജിസ്ട്രേഷന്‍ നേടാനുള്ള പരിശീലനവും സൗജന്യമായി നല്‍കും. ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്‍റിന് വാക്-ഇന്‍ ഇന്‍റര്‍വ്യൂവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ബി1, ബി 2 ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാര്‍ഥികളെയാണ് ഇതിന് പരിഗണിക്കുന്നത്.

ഇന്ത്യയില്‍നിന്ന് ജര്‍മനിയിലേക്കുള്ള ആദ്യ ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് റിക്രൂട്ട്‌മെന്റ് കരാറാണ് ട്രിപ്ള്‍ വിന്നിലൂടെ യാഥാര്‍ഥ്യമായത്. കേരളത്തിന്റെ അക്കാദമിക നിലവാരം പരിശോധിക്കാനും ജര്‍മനിയിലെ കരിക്കുലം, തൊഴില്‍ നിയമങ്ങള്‍ പരിചയപ്പെടുത്താനും ജര്‍മന്‍ ഉദ്യോഗസ്ഥരും കേരളത്തിലെ വിദഗ്ധരും ഒത്തുചേര്‍ന്ന് സംഘടിപ്പിച്ച ഇന്തോ-ജര്‍മന്‍ മൈഗ്രേഷന്‍ ഉന്നതതല ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചുള്ള തുടര്‍ നടപടികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുന്‍കൈയെടുക്കുമെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.