ന്യൂമെക്‌സിക്കോയില്‍ 17ാം ദിവസവും കെട്ടടങ്ങാതെ കാട്ടുതീ; ദേശീയദുരന്തം പ്രഖ്യാപിച്ച് ബൈഡന്‍

ന്യൂമെക്‌സിക്കോയില്‍ 17ാം ദിവസവും കെട്ടടങ്ങാതെ കാട്ടുതീ; ദേശീയദുരന്തം പ്രഖ്യാപിച്ച് ബൈഡന്‍

ലാസ് വേഗാസ്: ന്യൂ മെക്‌സികോയുടെ വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ 17-ാം ദിവസവും നിയന്ത്രണ വിധേയമാക്കാനായില്ല. ശക്തമായ കാറ്റും കടുത്ത വരള്‍ച്ചയും കാരണം തീ ആളിപ്പടരുകയാണ്. അണയ്ക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുന്നതിനിടെ ഗവര്‍ണര്‍ ലുജാന്‍ ഗ്രിഷാമിന്റെ കനത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അപകടത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു.

ന്യൂ മെക്‌സിക്കോയിലെ ലാസ് വെഗാസില്‍ നിന്ന് 12 മൈല്‍ വടക്കുപടിഞ്ഞാറായാണ് രണ്ടിടങ്ങളിലായി തീപിടിത്തം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചവരെ 1,68,000 ഏക്കറിലധികം സ്ഥലത്ത് തീ പടര്‍ന്നു. മണിക്കൂറില്‍ 50 മൈല്‍ വേഗതയിലാണ് തീ പടരുന്നത്. തീ അണയ്ക്കാന്‍ രാപകല്‍ പരിശ്രമിക്കുകയാണ് അഗ്നിശമന സേന. കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ഇവിടെക്ക് ചാഞ്ഞ് നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റി.



ചരിത്രത്തിലെ രണ്ടാമത്തെ വലിയ തീപിടുത്തമാണ് ഇവിടെ ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനം, കടുത്ത വരള്‍ച്ച എന്നിവ മൂലമാണ് കാട്ടുതീയുടെ ആധിക്യം ഇത്തവണ കൂടിയതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മോര, സാന്‍ മിഗ്വെല്‍ മേഖലകളിലാണ് കനത്ത നാശനഷ്ടം ഉണ്ടായിരിക്കുന്നത്. 170 ഓളം വീടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. 15,000 ത്തോളം വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായി കിടക്കുകയാണ്. ദുരന്തബാധിത പ്രദേശങ്ങളില്‍ കേന്ദ്രസഹായമെത്തിക്കുമെന്ന് ബൈഡന്‍ അറിയിച്ചു.

യുഎസിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങങ്ങളിലൊന്നാണ് ന്യൂമെക്‌സിക്കോ. സാന്‍ഗ്രി ഡി ക്രിസ്റ്റോ മലനിരകളില്‍ തലമുറകളായി താമസിച്ചു വന്ന പതിനായിരത്തിലധികം പേര്‍ വര്‍ധിത തോതിലുള്ള കാട്ടുതീ കാരണം കുടിയൊഴിപ്പിക്കപ്പെട്ടു. ദേശീയ ശരാശരിയുടെ പകുതിപോലും വരുമാനം ഇല്ലാത്ത ഈ മേഖലയില്‍ കാട്ടുതീ കൂടി എത്തിയതോടെ പ്രതിസന്ധി വ്യാപകമായി. കാട്ടുതീ മൂലം ഈ വര്‍ഷം ഇതുവരെ ന്യൂ മെക്‌സിക്കോയില്‍ 3,00,000 ഏക്കറാണ് കത്തിനശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.