ഒരു കിടിലന്‍ നാടന്‍ കല്ലുമ്മക്കായ റോസ്റ്റ് ആയാലോ...?

ഒരു കിടിലന്‍ നാടന്‍ കല്ലുമ്മക്കായ റോസ്റ്റ് ആയാലോ...?

'കല്ലുമ്മക്കായ റോസ്റ്റ്' ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടും. കാരണം മറ്റൊന്നുമല്ല, അതിന്റെ രുചി ഒന്നു വേറെ തന്നെയാണ്. മത്സ്യവിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കല്ലുമ്മക്കായ റോസ്റ്റ് കൊണ്ട് ഒരു രുചിവൈവിധ്യം തന്നെ തീര്‍ക്കാം. നാടന്‍ കല്ലുമ്മക്കായ റോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ....

വേണ്ട ചേരുവകള്‍...

1) പുഴുങ്ങി തോട് കളഞ്ഞ് വൃത്തിയാക്കിയ കല്ലുമ്മക്കായ 250 ഗ്രാം
2)ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചതച്ചത് ഒരു ടേബിള്‍ സ്പൂണ്‍
3)മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
4)മഞ്ഞള്‍പൊടി അര ടീസ്പൂണ്‍
5)കുരുമുളകുപൊടി ഒന്നര ടീസ്പൂണ്‍
6)കറിവേപ്പില രണ്ട് തണ്ട്
7)വെളിച്ചെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
8) ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

പുഴുങ്ങി തോടു കളഞ്ഞ് വൃത്തിയാക്കി വച്ചിരിക്കുന്ന കല്ലുമ്മക്കായയിലേക്ക് രണ്ടു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ നന്നായി തേച്ചു പിടിപ്പിച്ച് പത്ത് മിനിറ്റ് മാറ്റി വയ്ക്കുക. ചൂടായ ഒരു പാനില്‍ എണ്ണ ഒഴിച്ച് കറിവേപ്പില പൊട്ടിച്ചു മാറ്റി വച്ചിരിക്കുന്ന കല്ലുമ്മക്കായ ചേര്‍ത്തു കൊടുക്കാം. അല്‍പം വെള്ളം തളിച്ച് ഇളക്കിയ ശേഷം മൂടി വച്ചു ചെറു തീയില്‍ നാലു മിനിറ്റ് വേവിക്കുക.

ഇടയ്ക്കിടെ ഇളക്കി കൊടുത്തു പൂര്‍ണ്ണമായും ജലാംശം മാറുമ്പോള്‍ സ്റ്റൗവ് ഓഫ് ചെയ്യാം. ബ്രേക്ഫാസ്റ്റിന്റെ കൂടെയോ ലഞ്ചിന്റെ കൂടെയോ ചൂടോടെ വിളമ്പാം. നല്ല തുമ്പപൂ പോലുള്ള ചോറും മോരു കാച്ചിയതും കല്ലുമ്മക്കായ റോസ്റ്റും ചേര്‍ത്ത് ഒരു പിടിപിടിച്ചാല്‍ ഉച്ചയ്ക്കത്തെ കാര്യം കുശാല്‍...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.